വിദ്യാഭ്യാസ വായ്പയ്ക്കു പലിശയിളവ്
Monday, March 2, 2015 12:25 AM IST
തളിപ്പറമ്പ്: വിദ്യാഭ്യാസ വായ്പയെടുത്ത ശേഷം മരിച്ച വിദ്യാര്‍ഥികളുടെ വായ്പയ്ക്കു പലിശയിളവ് അനുവദിക്കുന്നതു സംബന്ധിച്ച് സംസ്ഥാന ആസൂത്രണ സാമ്പത്തികകാര്യ വകുപ്പ് ഉത്തരവിറക്കി.

2004 ഏപ്രില്‍ ഒന്നുമുതല്‍ 2009 മാര്‍ച്ച് 31 വരെയുള്ള കാലഘട്ടത്തില്‍ വിദ്യാഭ്യാസ വായ്പയെടുക്കുകയും മരണമടയുകയും ചെയ്ത ബിപിഎല്‍ വിഭാഗത്തില്‍പ്പെട്ടവരുടെ വായ്പകള്‍ക്കാണു പലിശ സബ്സിഡി ലഭിക്കുക. മറ്റെല്ലാ വ്യവസ്ഥകളും പാലിച്ചിട്ടുണ്െടങ്കില്‍ മരണസര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തില്‍ ആനുകൂല്യം ലഭിക്കും.

ഇന്ത്യന്‍ ബാങ്കേഴ്സ് അസോസിയേഷന്‍ മാര്‍ഗനിര്‍ദേശങ്ങളനുസരിച്ച് അനുവദനീയമായ കോഴ്സ് സ്വദേശത്തു പഠിച്ചിരിക്കണം. പഠനം പൂര്‍ത്തിയാക്കി ഒരുവര്‍ഷം വരെയുള്ള പലിശയ്ക്കാണു സബ്സിഡി നല്‍കുന്നത്. കോഴ്സ് പൂര്‍ത്തിയാക്കാതെ മരിച്ചവര്‍ക്കും സ്കീമിന്റെ ആനുകൂല്യം ലഭിക്കും. വായ്പ തിരിച്ചടച്ച് അക്കൌണ്ട് ക്ളോസ് ചെയ്തവര്‍ക്ക് അര്‍ഹതയുണ്ടായിരിക്കില്ല. വായ്പ തുക ഭാഗികമായി തിരിച്ചടച്ചവര്‍ക്കും പലിശ സബ്സിഡി ലഭിക്കും. എന്നാല്‍ അനുവദിക്കുന്ന പലിശ സബ്സിഡി തുക അപേക്ഷകന്‍ ബാങ്കില്‍ തിരിച്ചടക്കാനുള്ള പലിശ തുകയില്‍ അധികരിക്കരുത്. 2009 മാര്‍ച്ച് 31നു ശേഷം അനുവദിച്ച ഗഡുക്കള്‍ക്കു പലിശയിളവിന് അര്‍ഹതയുണ്ടാവില്ല.


ഈ സ്കീം പ്രകാരം വിദ്യാഭ്യാസവായ്പയുടെ പലിശയിളവ് ലഭിക്കാന്‍ ആഗ്രഹിക്കുന്നവര്‍ ജില്ലാ കളക്ടര്‍ക്ക് അപേക്ഷ നല്‍കണം. ഇങ്ങനെ ലഭിക്കുന്ന അപേക്ഷ ബന്ധപ്പെട്ട ബാങ്ക് ശാഖകള്‍ക്ക് അയയ്ക്കുന്നതും അവര്‍ പലിശ കണക്കാക്കി ജില്ലാ കളക്ടര്‍ക്കു റിപ്പോര്‍ട്ട് ചെയ്യുന്നതുമാണ്. ഇതിനാവശ്യമായ ഫണ്ട് ആസൂത്രണ സാമ്പത്തികകാര്യ സെക്രട്ടറി ജില്ലാ കളക്ടര്‍ക്ക് അനുവദിക്കും. തുടര്‍ന്നു കളക്ടര്‍മാര്‍ വായ്പക്കാരുടെ ലോണ്‍ അക്കൌണ്ടിലേക്കു തുക ഇ-പേയ്മെന്റ് വഴി അയയ്ക്കും. ഈ സ്കീമിന്റെ പരിധിയില്‍ ഉള്‍പ്പെടാത്തതും എന്നാല്‍ വിദ്യാഭ്യാസ വായ്പ എടുത്തതിനു ശേഷം വിദ്യാര്‍ഥികള്‍ മരണമടഞ്ഞതുമായ കേസുകള്‍ അവയുടെ മെറിറ്റ് അടിസ്ഥാനത്തില്‍ പരിഗണിച്ച് ബാങ്കുകള്‍ പരമാവധി ഇളവുകള്‍ നല്‍കും.

ഈ സ്കീമില്‍ അപേക്ഷ നല്‍കാനുള്ള അവസാന തീയതി മാര്‍ച്ച് 31 ആണ്. ജില്ലാ കളക്ടര്‍മാര്‍ മേയ് 25നു മുമ്പായി ഫണ്ട് അനുവദിക്കാനുള്ള നിര്‍ദേശം സര്‍ക്കാരിനു നല്‍കാനാണ് ഉത്തരവിട്ടതെന്ന് ആസൂത്രണ സാമ്പത്തികകാര്യവകുപ്പ് സെക്രട്ടറി രാജേഷ് കുമാര്‍ സിന്‍ഹയുടെ ഉത്തരവില്‍ പറയുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.