മാണിയെ മുഖ്യമന്ത്രിയാക്കാന്‍ ഒരിക്കലും ആലോചിച്ചിട്ടില്ല: കോടിയേരി
മാണിയെ മുഖ്യമന്ത്രിയാക്കാന്‍ ഒരിക്കലും ആലോചിച്ചിട്ടില്ല: കോടിയേരി
Monday, March 2, 2015 12:13 AM IST
കണ്ണൂര്‍: കേരള കോണ്‍ഗ്രസ് നേതാവ് കെ.എം. മാണിയെ മുഖ്യമന്ത്രിയാക്കുന്ന കാര്യം സിപിഎം ഒരു ഘട്ടത്തിലും ചര്‍ച്ച ചെയ്തിട്ടില്ലെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഈ കാര്യം ചര്‍ച്ചാവിഷയമായി പോലും ഉയര്‍ന്നുവന്നിട്ടില്ല. മാണിയെ മുഖ്യമന്ത്രിയാക്കാന്‍ സിപിഎം ശ്രമിച്ചെന്നും തങ്ങളാണ് അത് ഇല്ലാതാക്കിയതെന്നുമുള്ള സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്റെ പ്രസ്താവനയോടു പ്രതികരിക്കുകയായിരുന്നു കോടിയേരി. തളിപ്പറമ്പ് ടാഗോര്‍ വിദ്യാനികേതന്‍ സ്കൂള്‍ മുഖ്യാധ്യാപകന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ടു റിമാന്‍ഡില്‍ കഴിയുന്ന ജയിംസ് മാത്യു എംഎല്‍എയെ കണ്ണൂര്‍ സ്പെഷല്‍ സബ്ജയിലില്‍ സന്ദര്‍ശിച്ചശേഷം മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു കോടിയേരി.

എല്‍ഡിഎഫില്‍ ഘടകകക്ഷി പോലുമല്ലാത്ത ഒരാളെ തങ്ങള്‍ എങ്ങനെയാണ് മുഖ്യമന്ത്രിയാക്കാന്‍ നീക്കം നടത്തുകയെന്നും കോടിയേരി ബാലകൃഷ്ണന്‍ ചോദിച്ചു. ഇതെല്ലാം ആര്‍ക്കെങ്കിലും ഒരുദിവസംകൊണ്ട് പെട്ടെന്നു നടപ്പാക്കാന്‍ കഴിയുന്നതല്ല. ആദ്യം പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് ചര്‍ച്ച ചെയ്യണം, പിന്നീട് സംസ്ഥാന കമ്മിറ്റിയില്‍ ചര്‍ച്ച ചെയ്യണം, പോളിറ്റ് ബ്യൂറോയുടെ അംഗീകാരം വാങ്ങണം. ഇത്തരമൊരു ചര്‍ച്ച ഒരു ഘട്ടത്തിലും നടന്നിട്ടില്ല. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ രണ്ടു പേരുടെ ഭൂരിപക്ഷം മാത്രമേ അവര്‍ക്കുണ്ടായിരുന്നുള്ളൂ. അവര്‍ക്ക് 72, ഞങ്ങള്‍ക്ക് 68. മൂന്നുപേരെ മാറ്റിയാല്‍ സര്‍ക്കാര്‍ വീഴുമായിരുന്നു. എന്നാല്‍ എംഎല്‍എമാരെ കാലുമാറ്റിയും യുഡിഎഫ് ഘടകകക്ഷികളെ ചാക്കിട്ടുപിടിച്ചും സര്‍ക്കാരുണ്ടാക്കാനില്ലെന്ന് ഞങ്ങള്‍ ആദ്യമേ പറഞ്ഞിരുന്നു. ആ നിലപാടില്‍ അന്നും ഇന്നും ഉറച്ചു നില്‍ക്കുകയാണ്. -കോടിയേരി വ്യക്തമാക്കി. സിപിഐ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചുള്ള സെമിനാറില്‍ വി.എസ്. അച്യുതാനന്ദന്‍ പങ്കെടുത്തതിനെക്കുറിച്ചുള്ള ചോദ്യത്തിന് ക്ഷണിച്ചിട്ടാണ് അദ്ദേഹം പോയതെന്നും അതില്‍ തെറ്റില്ലെന്നുമായിരുന്നു മറുപടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.