മുഖപ്രസംഗം: വിഭാഗീയത വളര്‍ത്തുന്നവര്‍ ജനത്തെ വിസ്മരിക്കുന്നു
Tuesday, March 3, 2015 11:45 PM IST
വിഭാഗീയതയും അവസരവാദവും ഇന്ത്യന്‍ രാഷ്ട്രീയത്തിലെ വിട്ടുമാറാത്ത രോഗങ്ങളാണ്. ഒട്ടെല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങളെയും ഇവ ബാധിച്ചിട്ടുമുണ്ട്. പാര്‍ട്ടികളുടെ സ്വാധീനം വര്‍ധിക്കുമ്പോഴും അവ അധികാരം കൈയാളുമ്പോഴും അവയില്‍ വിഭാഗീയത വര്‍ധിക്കുന്നതായാണു കാണുന്നത്. തൊഴുത്തില്‍ക്കുത്തു വളര്‍ന്നു പാര്‍ട്ടികള്‍ പിളരുന്നതു തികച്ചും സാധാരണം. ദേശീയ പാര്‍ട്ടികളും സംസ്ഥാനങ്ങളില്‍ കരുത്തു തെളിയിച്ച പാര്‍ട്ടികളുമെല്ലാം സ്വാര്‍ഥപ്രേരിതമായ വിഭാഗീയതയുടെ കെടുതികള്‍ അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. പരമ്പരാഗത രാഷ്ട്രീയ പാര്‍ട്ടികളിലെ ഇത്തരം പ്രവണതകള്‍ കണ്ടു മടുത്ത ജനം പുതിയ ചില പരീക്ഷണങ്ങള്‍ക്കു തയാറാവാറുണ്ട്. അത്തരമൊരു പരീക്ഷണമായിരുന്നു ആം ആദ്മി പാര്‍ട്ടി. ആ പാര്‍ട്ടിയിലും ഭിന്നിപ്പുകള്‍ വളരുകയാണിപ്പോള്‍. പാര്‍ട്ടി പിച്ചവച്ചു നടക്കുംമുമ്പേ തുടങ്ങിയതാണതിലെ വിഭാഗീയത. പാര്‍ട്ടിക്കു നേതൃത്വം നല്‍കിയവര്‍ മുഖ്യമന്ത്രി സ്ഥാനത്തിനുവേണ്ടി നേരിട്ട് ഏറ്റുമുട്ടുന്ന അവസ്ഥവരെയെത്തി കാര്യങ്ങള്‍.

ഡല്‍ഹി രാഷ്ട്രീയത്തില്‍ വ്യത്യസ്തമായൊരു ശൈലി കുറിച്ച ആം ആദ്മി പാര്‍ട്ടി ഇപ്പോള്‍ നേരിടുന്ന വിഭാഗീയത അനാരോഗ്യകരവും അപക്വവുമായ രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ ഉദാഹരണമാണ്. അഴിമതിക്കെതിരേ അന്നാ ഹസാരെ തുടക്കമിട്ട അഴിമതിവിരുദ്ധ മുന്നേറ്റം പുതിയൊരു ജനകീയ രാഷ്ട്രീയത്തിനു വിത്തുപാകി. ന്യൂഡല്‍ഹിയില്‍ പെണ്‍കുട്ടി ബസില്‍ ക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ടു മരിച്ച സംഭവം ഉളവാക്കിയ വലിയ ജനരോഷം ഈ ജനകീയ രാഷ്ട്രീയത്തിന് ആക്കമേകി. ഈ സംഭവത്തെത്തുടര്‍ന്ന് രാജ്യത്തുടനീളം, പ്രത്യേകിച്ചു ഡല്‍ഹിയില്‍, ഉണ്ടായ പ്രതിഷേധങ്ങള്‍ ഭരണകൂടത്തിന്റെ പരാജയത്തിലേക്കും വ്യവസ്ഥാപിത ഭരണക്രമത്തിന്റെ ബലഹീനതയിലേക്കും രാജ്യത്തിന്റെ ശ്രദ്ധ കാര്യമായി തിരിച്ചു. സമൂഹത്തിലെ അസംഘടിതരായ സാധാരണക്കാര്‍ തെരുവില്‍ സംഘടിച്ചു.

ആദ്യവട്ടം കേവലഭൂരിപക്ഷമില്ലാതെ മന്ത്രിസഭ തട്ടിക്കൂട്ടിയ ആം ആദ്മി പാര്‍ട്ടിക്ക് അമ്പതു ദിവസം തികച്ച് അധികാരത്തിലിരിക്കാനായില്ല. മാസങ്ങള്‍ നീണ്ടുനിന്ന അനിശ്ചിതത്വത്തിനൊടുവില്‍ വീണ്ടും നിയമസഭാ തെരഞ്ഞെടുപ്പു നടന്നപ്പോള്‍ ഡല്‍ഹി ജനത ആം ആദ്മി പാര്‍ട്ടിക്ക് അവിശ്വസനീയമായ ഭൂരിപക്ഷമാണു നല്‍കിയത്; എഴുപതില്‍ അറുപത്തിയേഴു സീറ്റ്. വ്യവസ്ഥാപിത രാഷ്ട്രീയത്തില്‍നിന്നു മാറി ചിന്തിക്കുന്ന രാഷ്ട്രീയപ്രസ്ഥാനത്തിനു ലഭിച്ച ഈ ജനവിധി ജനങ്ങളുടെ വലിയ പ്രതീക്ഷയാണു കാണിച്ചത്. എന്നാല്‍, ആ പ്രതീക്ഷയ്ക്കു കടകവിരുദ്ധമായ സംഭവങ്ങളാണ് ആ പാര്‍ട്ടിയില്‍ ഇപ്പോള്‍ അരങ്ങേറുന്നത്.

ആം ആദ്മി പാര്‍ട്ടിയുടെ കണ്‍വീനറും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജരിവാളിനോട് ആശയപരമായ ഭിന്നത പുലര്‍ത്തുന്ന പ്രമുഖ നേതാക്കളായ യോഗേന്ദ്ര യാദവും പ്രശാന്ത് ഭൂഷണുമാണു കലാപക്കൊടി ഉയര്‍ത്തിയിരിക്കുന്നത്. കേജരിവാളിന്റേതു വ്യക്തികേന്ദ്രീകൃത രാഷ്ട്രീയമാണെന്ന ആരോപണമാണു യാദവും ഭൂഷണും ഉയര്‍ത്തുന്നത്. സ്ഥാനാര്‍ഥിനിര്‍ണയത്തില്‍ കേജരിവാള്‍ പുലര്‍ത്തിയതും ഇപ്പോള്‍ ഭരണരംഗത്തും കാട്ടുന്നതുമായ പ്രാമുഖ്യം പലര്‍ക്കും പിടിക്കുന്നില്ല. അദ്ദേഹത്തിന്റെ ഇരട്ടപ്പദവിയുടെ പേരിലും പാര്‍ട്ടിക്കുള്ളില്‍ അസംതൃപ്തിയുണ്ട്.


ആം ആദ്മി പാര്‍ട്ടി വ്യത്യസ്ത ആദര്‍ശങ്ങളും ആശയങ്ങളും പുലര്‍ത്തുന്നവരുടെ അവിയല്‍ കൂട്ടായ്മയാണെന്ന ആരോപണം മുഖ്യധാരാ പാര്‍ട്ടികള്‍ പലതും ഉയര്‍ത്തിയിരുന്നു. അതു ശരിവയ്ക്കുന്ന രാഷ്ട്രീയ നാടകങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. ഡല്‍ഹിയില്‍ വീട്ടാവശ്യങ്ങള്‍ക്കു പ്രതിമാസം 400 യൂണിറ്റുവരെ വൈദ്യുതിക്കു നിരക്കു പകുതിയായി കുറയ്ക്കാനും ഇരുപതിനായിരം ലിറ്റര്‍ കുടിവെള്ളം സൌജന്യമായി നല്‍കാനും തീരുമാനിച്ച് ആം ആദ്മി പാര്‍ട്ടി തങ്ങളുടെ തെരഞ്ഞെടുപ്പു വാഗ്ദാനം പാലിച്ചിരുന്നു. ഇത്തരം സൌജന്യങ്ങള്‍ സാധാരണക്കാര്‍ക്കു വലിയ ആശ്വാസമാകുമെങ്കിലും ഇവ എത്രകാലം തുടരാനാവുമെന്ന സംശയമുണ്ട്. ആശയസംഘട്ടനങ്ങളും അധികാരത്തര്‍ക്കങ്ങളും പാര്‍ട്ടിയിലുണ്ട്. ജനങ്ങളുടെ വിശ്വാസം നേടിയെടുത്ത ഒരു രാഷ്ട്രീയ പ്രസ്ഥാനത്തില്‍ ഇത്രയും കുറച്ചു കാലത്തിനുള്ളില്‍ ഉണ്ടാകുന്ന വിഭാഗീയതയും അധികാരത്തര്‍ക്കങ്ങളും തികച്ചും നൈരാശ്യജനകമാണ്.

രാജ്യത്തെ മുഖ്യധാരാ രാഷ്ട്രീയ കക്ഷികളൊന്നും ഇത്തരം അപചയങ്ങളില്‍നിന്നൊഴിഞ്ഞുനില്‍ക്കുന്നില്ല. ഭരണകക്ഷിയായാലും പ്രതിപക്ഷമായാലും, അധികാരമുണ്െടങ്കിലും ഇല്ലെങ്കിലും, വിഭാഗീയത ആര്‍ത്തുവളരുകയാണ്. കേരളത്തില്‍ അടുത്തിടെ സംസ്ഥാന സമ്മേളനം നടത്തിയ രണ്ടു വിപ്ളവ പാര്‍ട്ടികളിലെയും വിഭാഗീയത മറവയ്ക്കാനാവാത്ത വിധത്തിലുള്ളവയാണ്. ഏറെക്കാലം രാജ്യം ഭരിച്ച പാര്‍ട്ടി അധികാരത്തില്‍നിന്നു പുറത്തുപോയതോടെ അവരെയും ഈ രോഗം കലശലായി ബാധിച്ചിരിക്കുന്നു.

രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്കു തത്ത്വാധിഷ്ഠിത നിലപാടുകള്‍ സ്വീകരിക്കാന്‍ സാധിക്കാതെ വരുമ്പോഴും നേതാക്കള്‍ അധികാരപ്രമത്തത കാട്ടുമ്പോഴുമാണു സാധാരണയായി അവയ്ക്കുള്ളില്‍ വിഭാഗീയത തലപൊക്കുന്നത്. ജനങ്ങളെ സേവിക്കുക എന്നതാണു തങ്ങളുടെ പ്രഥമവും പ്രധാനവുമായ കര്‍ത്തവ്യം എന്ന വസ്തുത വിസ്മരിക്കുന്ന പൊതുപ്രവര്‍ത്തകര്‍ അധികാരത്തിന്റെ അപ്പക്കഷണങ്ങള്‍ക്കുവേണ്ടിയല്ലാതെ പിന്നെന്തിനുവേണ്ടിയാണു കടിപിടി കൂട്ടുന്നത്?

രാഷ്ട്രീയ പാര്‍ട്ടികള്‍ സ്വാര്‍ഥപരമായ നയപരിപാടികളില്‍ മാറ്റം വരുത്തിയില്ലെങ്കില്‍ വരുംകാലങ്ങളില്‍ വലിയ തിരിച്ചടികളാവും അവര്‍ക്കു നേരിടേണ്ടിവരുക. സ്വാര്‍ഥതയും അധികാരപ്രമത്തതയും ആരു കാണിച്ചാലും ജനങ്ങള്‍ അതു തിരിച്ചറിയും. ഡല്‍ഹിയിലെ ജനങ്ങള്‍ നല്‍കിയ വലിയ അംഗീകാരവും ഭരമേല്പിച്ച ഉത്തരവാദിത്വവും മറന്ന് തമ്മില്‍ പോരടിക്കാനാണ് ആം ആദ്മി പാര്‍ട്ടിയുടെ നേതാക്കള്‍ മുതിരുന്നതെങ്കില്‍ അവരെ ജനങ്ങള്‍ വെറുതെ വിടില്ല. വിഭാഗീയത വളര്‍ത്തി നേട്ടമുണ്ടാക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് യഥാര്‍ഥ ജനാധിപത്യത്തിന്റെ വഴികളില്‍ വിജയിക്കാനുമാവില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.