തൊഴിലാളി യൂണിയന്‍ വഴി പാര്‍ട്ടിയുടെ അമരത്തേക്ക്
തൊഴിലാളി യൂണിയന്‍ വഴി പാര്‍ട്ടിയുടെ അമരത്തേക്ക്
Tuesday, March 3, 2015 12:08 AM IST
സാബു ജോണ്‍

തിരുവനന്തപുരം: മൂന്നു വര്‍ഷം മുമ്പു കപ്പിനും ചുണ്ടിനുമിടയില്‍ നഷ്ടപ്പെട്ടുപോയ സെക്രട്ടറി പദമാണ് ഇന്നലെ കാനം രാജേന്ദ്രനെ തേടിയെത്തിയത്. കേന്ദ്ര നേതൃത്വത്തിന്റെ പിന്തുണയോടെ കാനം സിപിഐയുടെ സംസ്ഥാന സെക്രട്ടറിയാകുമ്പോള്‍ സാധാരണ പ്രവര്‍ത്തകര്‍വരെ ആവേശത്തോടെയാണ് ആ തെരഞ്ഞെടുപ്പിനെ കാണുന്നത്.

കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടയില്‍ സിപിഐ കേരള ഘടകം നിരവധി സങ്കീര്‍ണമായ പ്രശ്നങ്ങളിലൂടെയും പ്രതിസന്ധികളിലൂടെയുമാണു കടന്നുപോയത്. വിഭാഗീയതയുടെ വേരുകള്‍ സിപിഐയിലേക്കും കടന്നുകയറിയതിന്റെ സൂചനകള്‍ നല്‍കിയ നിരവധി സംഭവവികാസങ്ങള്‍ ഇതിനിടയിലുണ്ടായി. തിരുവനന്തപുരം ലോക്സഭാ സീറ്റ് സംബന്ധിച്ച പേമെന്റ് വിവാദം സൃഷ്ടിച്ച അപമാനം വേറെ. ഇതിന്റെ പേരില്‍ നടപടി നേരിട്ട പ്രമുഖരായ രണ്ടു നേതാക്കള്‍ പാര്‍ട്ടിയോടു കലഹിച്ചു പടിയിറങ്ങിയപ്പോള്‍ പാര്‍ട്ടി നിയമസഭാകക്ഷിനേതാവായ സി. ദിവാകരന്‍ പദവികളില്‍ പല പടിയിറങ്ങി പാര്‍ട്ടിക്കുള്ളില്‍ നില്‍ക്കുന്നു.

ഇങ്ങനെ പ്രശ്നസങ്കീര്‍ണമായ സാഹചര്യം നിലനില്‍ക്കെ സെക്രട്ടറി സ്ഥാനത്തേക്കൊരു മത്സരം കൂടി താങ്ങാന്‍ പാര്‍ട്ടിക്ക് ആകുമായിരുന്നില്ല. ഈ തിരിച്ചറിവും കാനം രാജേന്ദ്രന്റെ ഏകകണ്ഠമായ തെരഞ്ഞെടുപ്പിനു പിന്നിലുണ്െടന്നു കാണാം. ഏതായാലും പാര്‍ട്ടിയുടെ ചരിത്രത്തിലിന്നുവരെ സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്കു തെരഞ്ഞെടുപ്പു നടന്നിട്ടില്ലെന്ന പാരമ്പര്യം നിലനിര്‍ത്താന്‍ ഇക്കുറിയും സാധിച്ചു.

സി.കെ. ചന്ദ്രപ്പന്റെ നിര്യാണത്തെത്തുടര്‍ന്നു പുതിയ സെക്രട്ടറിയെ തെരഞ്ഞെടുക്കേണ്ട ഘട്ടം വന്നപ്പോള്‍ പാര്‍ട്ടി സംസ്ഥാന ഘടകത്തില്‍ കാനത്തിനു തന്നെയായിരുന്നു ഭൂരിപക്ഷ പിന്തുണ. എന്നാല്‍, കേന്ദ്ര നേതൃത്വം അന്നു പിന്തുണച്ചതു സി. ദിവാകരനെയാണ്. ഇതേത്തുടര്‍ന്നു സെക്രട്ടറി സ്ഥാനത്തേക്കു മത്സരമുണ്ടാകുമെന്നുറപ്പായപ്പോള്‍ സമവായ സെക്രട്ടറിയായി ദേശീയ സെക്രട്ടേറിയറ്റ് അംഗമായ പന്ന്യന്‍ രവീന്ദ്രനെ തെരഞ്ഞെടുക്കുകയായിരുന്നു.

പാര്‍ട്ടിക്കുള്ളില്‍ കൂടുതല്‍ പിന്തുണയുണ്ടായിരുന്ന ആളെ തള്ളുക വഴി അന്നു ചെയ്ത തെറ്റിനു കാനത്തെ പിന്തുണച്ചു കൊണ്ട് പ്രായശ്ചിത്തം ചെയ്യുക കൂടിയായിരുന്നു ഇത്തവണ കേന്ദ്ര നേതൃത്വം. കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടയില്‍ പാര്‍ട്ടിയിലുണ്ടായ പല പ്രശ്നങ്ങളും വഷളായതു നേതൃത്വത്തിന്റെ പ്രാപ്തിക്കുറവു കൊണ്ടാണെന്ന വിമര്‍ശനവും കഴിഞ്ഞനാളുകളില്‍ ഉയര്‍ന്നുവന്നിരുന്നു.

ഇത്തവണയും മത്സരത്തിന്റെ വക്കോളമെത്തിയ ശേഷമാണു കാനത്തെ പിന്തുണച്ച് കെ.ഇ. ഇസ്മായില്‍ പിന്‍വാങ്ങിയത്. കേന്ദ്ര നേതൃത്വത്തിന്റെ നിലപാടാണ് ഇതിനു പിന്നിലെന്നു പറയാം. കാനത്തിന്റെ പിന്തുണയെക്കുറിച്ചുള്ള തിരിച്ചറിവും ഇസ്മായിലിന്റെ പിന്മാറ്റത്തിന്റെ പിന്നിലുണ്െടന്നു തീര്‍ച്ച. പാര്‍ട്ടി ദേശീയ എക്സിക്യൂട്ടീവില്‍ അംഗങ്ങളാണ് ഇരുനേതാക്കളും. അതുകൊണ്ടുതന്നെ മത്സരത്തെ ആശങ്കയോടെ മാത്രമേ നേതൃത്വത്തിനു കാണാന്‍ സാധിക്കുകയുള്ളൂ.

ഉറച്ച നിലപാടുകളും കളങ്കമേശാത്ത രാഷ്ട്രീയ ജീവിത പശ്ചാത്തലവുമാണു പുതിയ പദവിയില്‍ കാനത്തിനു കരുത്താവുന്നത്. ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനത്തിലൂടെ അദ്ദേഹം തെളിയിച്ച സംഘാടനമികവും പാര്‍ട്ടി സെക്രട്ടറി എന്ന നിലയില്‍ അദ്ദേഹത്തിനു കരുത്തു പകരും. സിപിഎം- സിപിഐ ബന്ധത്തില്‍ വിള്ളല്‍ വീണിരിക്കുന്ന ഇന്നത്തെ സാഹചര്യത്തില്‍ പാര്‍ട്ടിയുടെ വ്യക്തിത്വം കാത്തുസൂക്ഷിച്ച് സിപിഐയെ മുന്നോട്ടു കൊണ്ടുപോകാന്‍ കാനത്തിനു സാധിക്കുമെന്നാണു നേതാക്കളുടെ പ്രതീക്ഷ.

പാര്‍ട്ടിയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ വിട്ടുവീഴ്ചയില്ലാത്ത സമീപനം കൈക്കൊള്ളുന്ന നേതാവാണു കാനം. സ്വന്തം അഭിപ്രായങ്ങള്‍ വെട്ടിത്തുറന്നു പറയാനും അദ്ദേഹം മടിക്കാറില്ല. ഇക്കാര്യത്തില്‍ സി.കെ. ചന്ദ്രപ്പനോടാണ് അദ്ദേഹത്തെ കുറച്ചെങ്കിലും താരതമ്യപ്പെടുത്താവുന്നത്. ഇപ്പോഴത്തെ രാഷ്ട്രീയസാഹചര്യത്തില്‍ സിപിഐ കേരള ഘടകത്തെനയിക്കാന്‍ ഇങ്ങനെയൊരു നേതാവാണ് ആവശ്യമെന്നു കരുതുന്നവരാണു സിപിഐയില്‍ ഏറെയും.


എഴുപതുകളുടെ രണ്ടാം പകുതിയില്‍ സിപിഐ നേതൃത്വത്തിലേക്കു കൊടുങ്കാറ്റുപോലെ കടന്നുവന്ന യുവനേതാവായ കാനം തൊഴിലാളി യൂണിയന്‍ പ്രവര്‍ത്തനത്തിലൂടെ മികച്ച സംഘാടകനെന്ന് ഇതിനകംതന്നെ തെളിയിച്ചു. ഇരുപതു വയസു തികയുംമുമ്പേ എഐവൈഎഫിന്റെ സംസ്ഥാന സെക്രട്ടറിയായ കാനം രാജേന്ദ്രന്‍ മികച്ച വാഗ്മി എന്ന് അന്നുതന്നെ പേരെടുത്തു. 1978ല്‍ ഇരുപത്തെട്ടാം വയസില്‍ സിപിഐ സംസ്ഥാന സെക്രട്ടേറിയറ്റിലെത്തി. എന്‍.ഇ. ബാലറാം ആണ് അന്നു പാര്‍ട്ടി സെക്രട്ടറി. എം.എന്‍. ഗോവിന്ദന്‍ നായര്‍, സി. അച്യുതമേനോന്‍, വി.വി. രാഘവന്‍ തുടങ്ങിയ പ്രഗത്ഭര്‍ സെക്രട്ടേറിയറ്റില്‍ ഒപ്പം. പി.കെ. വാസുദേവന്‍ നായരും സി.കെ. വിശ്വനാഥനും പാര്‍ട്ടി അസിസ്റന്റ് സെക്രട്ടറിമാര്‍. അന്നു സെക്രട്ടേറിയറ്റിലുള്ളവരില്‍ ഇന്നു ജീവിച്ചിരിക്കന്ന ഏകയാളാണു കാനം.

1982ല്‍ വാഴൂരില്‍നിന്നു നിയമസഭയിലെത്തിയ കാനം 1987ലും വിജയം ആവര്‍ത്തിച്ചു. ഒമ്പതു വര്‍ഷത്തെ നിയമസഭാ പ്രവര്‍ത്തനത്തിലൂടെ എണ്ണം പറഞ്ഞ സാമാജികനെന്ന പേരെടുക്കാന്‍ കാനത്തിനു സാധിച്ചു. നിര്‍മാണത്തൊഴിലാളി ക്ഷേമനിധി ബില്‍ നിയമമാകുന്നത് കാനം അവതരിപ്പിച്ച സ്വകാര്യ ബില്ലിലൂടെയാണ്. കാനത്തിന്റെ നിയമസഭാ പ്രസംഗങ്ങള്‍ മുതിര്‍ന്നവര്‍പോലും ശ്രദ്ധയോടെ കാത്തിരുന്നു.

പിന്നീടു തെരഞ്ഞെടുപ്പില്‍ പരാജയം നേരിട്ടു. ഇതേത്തുടര്‍ന്നു കാനം പാര്‍ട്ടിക്കുള്ളില്‍ കുറേക്കാലത്തേക്കു പിന്നോക്കം പോയി. പാര്‍ലമെന്ററി രംഗത്തേക്കു പിന്നീടൊരു തിരിച്ചുവരവുണ്ടായില്ല. പാര്‍ട്ടിക്കുള്ളിലും ഉയര്‍ച്ചയുടെ നാളുകളായിരുന്നില്ല പിന്നീട്. നേതൃത്വത്തില്‍ പലരും കാനത്തിന്റെ വഴിയില്‍ തടസമായി എന്നതും ചരിത്രം.

എന്നാല്‍, ഇക്കാലയളവിലും തൊഴിലാളി യൂണിയന്‍ രംഗത്തു സജീവമായിരുന്നു കാനം. 1978 മുതല്‍ അദ്ദേഹം എഐടിയുസി സംസ്ഥാന സെക്രട്ടറിയാണ്. 2006ല്‍ ജനറല്‍ സെക്രട്ടറിയായി. ഇക്കഴിഞ്ഞ ജനുവരിയില്‍ തൃശൂരില്‍ നടന്ന സമ്മേളനത്തില്‍ സംസ്ഥാന പ്രസിഡന്റായി. ഇതോടൊപ്പം അഖിലേന്ത്യാ വൈസ് പ്രസിഡന്റുമാണിപ്പോള്‍.

കടുത്ത നിലപാടുകളെടുക്കുന്നതില്‍ മടി കാട്ടാത്ത കാനം സിഐടിയുവുമായി പോരടിച്ചുനിന്നാണു വലിയൊരു പരിധിവരെ എഐടിയുസിയെ നയിച്ചുവന്നത്. പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ആകുമ്പോഴും ഈ പോരാട്ട വീര്യം തുടരുമോ എന്നു കാത്തിരുന്നു കാണണം.

തൊഴിലാളി യൂണിയന്‍ രംഗത്ത് എഐടിയുസിയെ കരുത്തോടെ നയിച്ച കാനം അസംഘടിത തൊഴിലാളികള്‍ക്കിടയില്‍ പ്രവര്‍ത്തനം വ്യാപിപ്പിച്ചുകൊണ്ടു ശ്രദ്ധ പിടിച്ചുപറ്റി. ഐടി, സിനിമ തുടങ്ങി ട്രേഡ് യൂണിയന്റെ കണ്ണു കടന്നു ചെല്ലാത്ത മേഖലകളിലേക്കു കാനവും എഐടിയുസിയും കടന്നുചെന്നു. സെക്യൂരിറ്റി ജീവനക്കാരെ സംഘടിപ്പിക്കുവാനും കാനം മുന്നിട്ടുനിന്നു.

ഏതായാലും തൊഴിലാളി യൂണിയന്‍ രംഗത്തുനിന്നുകൊണ്ടു കേരള രാഷ്ട്രീയത്തില്‍ ശ്രദ്ധേയസാന്നിധ്യമായ കാനം രാജേന്ദ്രന്‍ ഇനി പാര്‍ട്ടിയുടെ അമരക്കാരന്റെ റോളിലേക്കു മാറുകയാണ്. ഇവിടെയും കാനം സ്വന്തം വ്യക്തിമുദ്ര പതിപ്പിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. അതു കേരള രാഷ്ട്രീയത്തില്‍ എന്തു മാറ്റം വരുത്തുമെന്നാണു കണ്ടറിയേണ്ടത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.