ആറന്മുള വിമാനത്താവളം: കേന്ദ്ര നിലപാട് കെജിഎസിന് അനുകൂലം
Tuesday, March 3, 2015 12:10 AM IST
പത്തനംതിട്ട: ബിജെപി സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരത്തിലെത്തിയതിനുശേഷം ആറന്മുള വിമാനത്താവളത്തിന് അനുകൂലമായി നിരവധി ഇടപെടലുകള്‍ നടത്തിയതായി രേഖകള്‍ വ്യക്തമാകുന്നു. ആറന്മുളയില്‍ വിമാനത്താവളത്തിനെതിരേ സമരം ചെയ്യുന്ന ബിജെപി സംസ്ഥാന ഘടകത്തെ കേന്ദ്രസര്‍ക്കാര്‍ നിലപാടുകള്‍ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.

ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി അവതരിപ്പിച്ച ബജറ്റ് പ്രസംഗത്തിന്റെ 13-ാം ഖണ്ഡികയില്‍ പൊതു, സ്വകാര്യ പങ്കാളത്തിത്തോടെ പട്ടണങ്ങളില്‍ വിമാനത്താവളങ്ങള്‍ നിര്‍മിക്കുമെന്നു പ്രഖ്യാപിച്ചിരുന്നു. ബജറ്റ് രേഖകളില്‍ മുന്‍വര്‍ഷത്തെ ബജറ്റ് പ്രഖ്യാപനങ്ങളുടെ തുടര്‍ നടപടികളെക്കുറിച്ചുള്ള കുറിപ്പില്‍ പുതിയ വിമാനത്താവളങ്ങള്‍ സ്ഥാപിക്കാനുള്ള 50 സ്ഥലങ്ങള്‍ നിശ്ചയിച്ചതായി പറയുന്നു.

പാര്‍ലമെന്റില്‍ ധനമന്ത്രി അവതരിപ്പിച്ചതും 2015ലെ സാമ്പത്തിക സര്‍വേയുടെ 104-ാം പേജില്‍ പുതിയ എയര്‍പോര്‍ട്ടുകള്‍ സ്ഥാപിക്കുന്ന പട്ടികയില്‍ ഒമ്പതാമതായി ആറന്മുള ഉള്‍പ്പെടുത്തിയിട്ടുണ്ട്. കണ്ണൂര്‍ വിമാനത്താവളമാണ് പട്ടികയില്‍ എട്ടാമത് ഇടം നേടിയിരിക്കുന്നത്.

പരിസ്ഥിതി മന്ത്രാലയത്തിന്റെ അടിസ്ഥാനസൌകര്യ വികസനത്തിനുള്ള അപേക്ഷകള്‍ പരിഗണിക്കുന്ന വിദഗ്ധ സമിതിയുടെ യോഗം കഴിഞ്ഞ ജനുവരി ആറ്, ഏഴ് തീയതികളില്‍ 4.12 നമ്പരായി പാരിസ്ഥിതിക ആഘാത പഠനത്തിനുള്ള ടേംസ് ഓഫ് റഫറന്‍സ് നിശ്ചയിക്കണമെന്ന കെജിഎസ് കമ്പനിയുടെ അപേക്ഷ പരിഗണിച്ചിരുന്നു. ഹരിത ട്രൈബ്യൂണലില്‍ വിമാനത്താവള പദ്ധതിക്കെതിരേ ഉന്നയിച്ച വാദങ്ങളും അതിനു കമ്പനി നല്‍കിയ മറുപടിയും ട്രൈബ്യൂണല്‍ വിധിയില്‍ കേരള സര്‍ക്കാര്‍ നിലപാടും പഠിച്ചശേഷം വിഷയം വീണ്ടും പരിഗണിക്കാന്‍ വിദഗ്ധ സമിതി തീരുമാനിക്കുകയായിരുന്നു. ചെയര്‍മാന്‍ അനില്‍ റസ്ദാന്റെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ അംഗങ്ങള്‍ക്കു പുറമേ മെംബര്‍ സെക്രട്ടറി ഡോ. മനോരഞ്ജന്‍ ഹോട്ട, ജോയിന്റ് ഡയറക്ടര്‍ ഇ. തിരുനാവുക്കരിശ്, ജോയിന്റ് ഡയറക്ടര്‍ യോഗേന്ദ്രപാല്‍സിംഗ് എന്നീ പരിസ്ഥിതി വകുപ്പുദ്യോഗസ്ഥരും പങ്കെടുത്തിരുന്നു. കെജിഎസ് കമ്പനി പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുത്ത് പദ്ധതി വിവരങ്ങള്‍ വിശദീകരിച്ചതായും മിനിട്ട്സില്‍ വ്യക്തമാക്കുന്നു. കേരള സര്‍ക്കാര്‍ 10 ശതമാനം ഓഹരിയെടുത്ത് കമ്പനി ഡയറക്ടര്‍ ബോര്‍ഡില്‍ ഒരു പ്രതിനിധിയെ അയച്ചിട്ടുണ്െടന്നും നെതര്‍ലന്‍ഡ് എയര്‍പോര്‍ട്ട് കമ്പനിയെ കണ്‍സള്‍ട്ടന്റായി നിയമിച്ചിട്ടുണ്െടന്നും കെജിഎസ് കമ്പനി അറിയിച്ചതായി മിനിട്ട്സില്‍ വ്യക്തമാണ്.


വിമാനത്താവള പദ്ധതി പ്രദേശം സംസ്ഥാന സര്‍ക്കാര്‍ ഇപ്പോഴും വ്യവസായ മേഖലയായി നിലനിര്‍ത്തിയിരിക്കുന്നത് തങ്ങള്‍ക്ക് അനുകൂലമായ സര്‍ക്കാര്‍ നിലപാടായി കമ്പനി വിശദീകരിച്ചിരുന്നു. പാരിസ്ഥിതിക അനുമതിക്കായി പുതിയ അപേക്ഷ വിദഗ്ധ കമ്മിറ്റി പരിഗണിക്കവേ അപേക്ഷ തന്റെ മന്ത്രാലയം പരിഗണിക്കുന്നില്ലെന്ന് മന്ത്രി പറഞ്ഞതായി ബിജെപി സംസ്ഥാന പ്രസിഡന്റ് നടത്തിയ പ്രസ്താവന ജനങ്ങളെ തെറ്റിധരിപ്പിക്കാനുള്ള ബോധപൂര്‍വമായ ശ്രമമാണെന്ന് സംസ്ഥാന ആസൂത്രണബോര്‍ഡ് മുന്‍ മെംബര്‍ അഡ്വ. പീലിപ്പോസ് തോമസ് ആരോപിച്ചു.

സാമ്പത്തിക സര്‍വേയില്‍ ആറന്മുള വിമാനത്താവള പരാമര്‍ശം ഉണ്ടായതിനു പിന്നില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ തലയില്‍മാത്രം കെട്ടിവയ്ക്കാനുള്ള കുമ്മനം രാജശേഖരന്റെ ശ്രമം യാഥാര്‍ഥ്യങ്ങള്‍ മറച്ചുവച്ചുകൊണ്ടുള്ളതാണെന്നും പീലിപ്പോസ് പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.