തലശേരിയില്‍ പതിനഞ്ചുപേര്‍ക്കു തെരുവുനായയുടെ കടിയേറ്റു
Tuesday, March 3, 2015 12:12 AM IST
തലശേരി: വിദ്യാര്‍ഥികളുള്‍പ്പെടെ 15 പേര്‍ക്കു തെരുവുനായ്ക്കളുടെ കടിയേറ്റു. ഇന്നലെ വൈകുന്നേരം ധര്‍മടം, ചേറ്റംകുന്ന്, കുയ്യാലി പ്രദേശങ്ങളിലാണു തെരുവുനായ്ക്കളുടെ പരാക്രമം അരങ്ങേറിയത്. കടിയേറ്റവര്‍ക്കു തലശേരി ജനറല്‍ ആശുപത്രിയില്‍ വേണ്ടത്ര ചികില്‍സ ലഭിക്കാത്തതു പ്രതിരോധത്തിന് ഇടയാക്കി. ഇവരെ പ്രഥമശുശ്രൂഷ നല്‍കിയശേഷം കോഴിക്കോട് മെഡിക്കല്‍ കോളജിലേക്കയച്ചു.

റോഡിലൂടെ നടന്നു പോയവരെയും വീട്ടിനുള്ളിലിരുന്നവരെയും തെരുവുനായ്ക്കള്‍ കടിച്ചു പരിക്കേല്‍പിച്ചു. ചേറ്റംകുന്നില്‍ വീടിനുള്ളിലേക്കു ഓടിക്കയറിയ തെരുവുനായ കുട്ടികളുള്‍പ്പെടെയുള്ളവരെ കടിച്ചുകുടഞ്ഞു. ചോരയില്‍ കുതിര്‍ന്ന കുട്ടികളുമായിട്ടാണ് രക്ഷിതാക്കള്‍ ജനറല്‍ ആശുപത്രിയിലെത്തിയത്.


എന്നാല്‍, നായയുടെ കടിയേറ്റാല്‍ നല്‍കേണ്ട പ്രതിരോധകുത്തിവയ്പിനുള്ള മരുന്നില്ലെന്ന മറുപടിയാണ് ആശുപത്രിയില്‍ ജീവനക്കാരില്‍നിന്നു ലഭിച്ചത്. തുടര്‍ന്നു പ്രഥമശുശ്രൂഷ നല്‍കിയശേഷം കടിയേറ്റവരെയെല്ലാം കോഴിക്കോട് മെഡിക്കല്‍ കോളജിലേക്കയയ്ക്കുകയായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.