രമേശ് ചെന്നിത്തലയ്ക്കു വി.എസ് കത്തയച്ചു
Tuesday, March 3, 2015 12:13 AM IST
തിരുവനന്തപുരം: കൊച്ചിയിലെ കേരളാ ട്രേഡ് സെന്ററുമായി ബന്ധപ്പെട്ടു നടത്തിയ നിക്ഷേപകത്തട്ടിപ്പും അനധികൃത നിര്‍മാണവും സംബന്ധിച്ചു സമഗ്ര അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടു പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് കത്തയച്ചു.

കേരളാ ചേംബര്‍ ഓഫ് കൊമേഴ്സിന്റെ കീഴില്‍ രൂപീകരിക്കപ്പെട്ടതാണു കൊച്ചിയിലെ കേരളാ ട്രേഡ് സെന്റര്‍. സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിച്ച 2013ലെ ഗ്ളോബല്‍ ഇന്‍വെസ്റ്മെന്റ് മീറ്റില്‍ അവതരിപ്പിച്ച ഈ പദ്ധതിയില്‍ കണ്‍വന്‍ഷന്‍ സെന്റര്‍, എക്സിബിഷന്‍ സെന്ററുകള്‍, ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ച് ആന്‍ഡ് ഡവലപ്മെന്റ് സെന്റര്‍, ടെസ്റിംഗ് ലബോറട്ടറി തുടങ്ങിയ സംവിധാനങ്ങള്‍ ഒരുക്കുമെന്നാണു പ്രഖ്യാപിച്ചിരുന്നത്.


ഇതിന്റെ പേരില്‍ രാജ്യത്തിനകത്തും പുറത്തുമുള്ള മലയാളികളില്‍ നിന്നു കോടിക്കണക്കിനു രൂപ സമാഹരിച്ചതായാണു ചേംബര്‍ ഓഫ് കൊമേഴ്സിന്റെ മുന്‍ഭാരവാഹികള്‍ തന്നെ ആരോപിക്കുന്നത്.

നിയമം ലംഘിച്ച് കൊച്ചിയില്‍ കെട്ടിട നിര്‍മാണം നടത്തിയതായും കെട്ടിട നിര്‍മാണ ഫണ്ടില്‍ നിന്നു കോടികള്‍ മറ്റ് അക്കൌണ്ടിലേക്ക് മാറ്റിയതായും ആരോപണം ഉയര്‍ന്നിട്ടുണ്ട്.

കൊട്ടിഘോഷിച്ചുകൊണ്ടുവന്ന പദ്ധതി എങ്ങുമെത്തിയിട്ടുമില്ല. ഈ പശ്ചാത്തലത്തില്‍ സമഗ്രമായ അന്വേഷണം നടത്തി കുറ്റവാളികള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നു രമേശ് ചെന്നിത്തലയോട് വി.എസ് ആവശ്യപ്പെട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.