വിറ്റ ലോറിയുടെ നികുതി കുടിശിക അടപ്പിച്ചതില്‍ മനുഷ്യാവകാശ കമ്മീഷന്‍ ഇടപെട്ടു
Tuesday, March 3, 2015 12:18 AM IST
തിരുവനന്തപുരം: വര്‍ഷങ്ങള്‍ക്കു മുമ്പ് വിറ്റ വാഹനത്തിന്റെ നികുതിക്കുടിശികയായ 36,850 രൂപ വാഹനം വിറ്റയാളില്‍നിന്ന് ഈടാക്കിയ നടപടി സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റീസ് ജെ.ബി. കോശി ഇടപെട്ടപ്പോള്‍ റോഡ് ട്രാന്‍സ്പോര്‍ട്ട് ഉദ്യോഗസ്ഥര്‍ തിരുത്തി.

വെച്ചൂച്ചിറ സ്വദേശി ജയിംസ് കുര്യാക്കോസിന്റെ പരാതിയിലാണ് നടപടി. ജയിംസ് കുര്യാക്കോസ് തന്റെ ലോറി ആറന്മുള സ്വദേശി ദിവാകരന് 2007 ല്‍ വിറ്റു. വില്‍ക്കുന്ന സമയത്തു നികുതി പൂര്‍ണമായും അടച്ചിരുന്നു. തുടര്‍ന്ന് ദിവാകരന്റെ പേരിലേക്കു വാഹനത്തിന്റെ ഉടമസ്ഥാവകാശവും മാറ്റി.

എന്നാല്‍, 2009 മുതല്‍ 2013 വരെയുള്ള നികുതി കുടിശിക അടയ്ക്കണമെന്നു കാണിച്ച് 2014 മാര്‍ച്ച് 19നു ജയിംസിനു നോട്ടീസ് ലഭിച്ചു. ഇതുമായി ആര്‍ടിഒ യിലെത്തിയപ്പോള്‍ വാഹനം ജയിംസിന്റെ പേരിലാണെന്നും കുടിശിക ഒടുക്കിയില്ലെങ്കില്‍ വസ്തുവും വീടും ജപ്തി ചെയ്യുമെന്നും അവര്‍ പറഞ്ഞു. നടപടി ഭയന്ന് ജയിംസ് പലിശസഹിതം 36,850 രൂപ കുടിശിക അടച്ചു.

വാഹനത്തിന്റെ ഉടമസ്ഥാവകാശം ദിവാകരന്റെ പേരിലേക്ക് 2008 ജൂലൈയില്‍ മാറ്റിയതായി ജയിംസ് മനസിലാക്കി. ദിവാകരന് സിസി അടയ്ക്കാന്‍ കഴിയാതിരുന്നതിനാല്‍ വാഹനം ബാങ്ക് കൊണ്ടുപോയി. ദിവാകരന്‍ നല്‍കിയ ആര്‍സി ബുക്കിന്റെ കോപ്പിയുമായി ജയിംസ് റാന്നി ആര്‍ടിഒ യിലെത്തിയപ്പോള്‍ അടച്ച തുക കോടതി വഴി വാങ്ങാനായിരുന്നു ഉപദേശം.


വിവരാവകാശ നിയമപ്രകാരം റാന്നി ആര്‍ടിഒ-യില്‍ ചോദിച്ചപ്പോള്‍ വാഹനം ജയിംസിന്റെ പേരിലാ യിരുന്നു. തുടര്‍ന്ന് വിവരാവകാശ നിയമപ്രകാരം ജില്ലാമേധാവിക്ക് അപേക്ഷ നല്‍കി. വാഹനം ദിവാകരന്റെ പേരില്‍ മാറ്റിയെങ്കിലും ജോയിന്റ് ആര്‍ടിഒയ്ക്കു പിഴവു സംഭവിച്ചതിനാല്‍ ഉടമസ്ഥാവകാശം മാറിയിട്ടില്ലെന്നും മറുപടി കിട്ടി. അതേസമയം അടച്ചതുക തിരികെ നല്‍കാന്‍ തത്കാലം കഴിയില്ലെന്നും മറുപടിയില്‍ പറഞ്ഞു.

ഇതേത്തുടര്‍ന്ന് ജയിംസ് മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചു. കമ്മീഷന്‍ ആര്‍ടിഒ-യില്‍നിന്നു വിശദീകരണം തേടി. തങ്ങളുടെ ഓഫീസിലുണ്ടായ പിഴവു കാരണമാണ് ജയിംസിന് തുക അടയ്ക്കേണ്ടിവന്നതെന്ന് ആര്‍ടിഒ സമ്മതിച്ചു. പരാതിക്കാരന്‍ അടച്ച 36,850 രൂപ തിരികെ നല്‍കണമെന്നും ഇല്ലെങ്കില്‍ പലിശ നല്‍കേണ്ടിവരുമെന്നും ജസ്റീസ് ജെ.ബി. കോശി ഉത്തരവിട്ടു. തുടര്‍ന്നു തുക തിരികെ നല്‍കിയതായി റാന്നി ജോയിന്റ് റീജണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ അറിയിച്ചതായി കമ്മീഷന്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.