സ്വര്‍ണപ്പണയം എടുത്തു നല്‍കാനെത്തിയ ആളുടെ മൂന്നരലക്ഷം രൂപ തട്ടിയ കേസില്‍ രണ്ടുപേര്‍ അറസ്റില്‍
സ്വര്‍ണപ്പണയം എടുത്തു നല്‍കാനെത്തിയ ആളുടെ മൂന്നരലക്ഷം രൂപ തട്ടിയ കേസില്‍ രണ്ടുപേര്‍ അറസ്റില്‍
Tuesday, March 3, 2015 12:23 AM IST
ചങ്ങനാശേരി: സ്വര്‍ണപ്പണയം എടുത്തു നല്‍കാന്‍ എത്തിയയാളുടെ മൂന്നര ലക്ഷം രൂപ ബാങ്കില്‍ വച്ചു തട്ടിയെടുത്ത് മുങ്ങിയ കേസില്‍ രണ്ടുപേരെ ചങ്ങനാശേരി പോലീസ് അറസ്റു ചെയ്തു.

പുഞ്ചവയല്‍ വേങ്ങപ്പാറ സോമന്‍ (55), അടിമാലി ആമ്പല്ലൂര്‍ ചിലമ്പിക്കുന്നേല്‍ ഏബ്രഹാം (അവറാച്ചന്‍-62) എന്നിവരാണ് അറസ്റിലായത്. ആലപ്പുഴ സക്കറിയ ബസാറിലുള്ള ആസിഫ് മന്‍സിലില്‍ റഫീക്കിന്റെ പണമാണു നഷ്്ടമായത്. ബാങ്കുകളില്‍ പണയം വച്ചിരിക്കുന്ന സ്വര്‍ണം എടുത്തു വില്‍ക്കുന്നതിനു ഇടപാടുകാരെ സഹായിക്കുന്നയാളാണു റഫീക്ക്. റഫീക്ക് നല്കിയ പത്രപരസ്യം കണ്ടു സോമന്‍ റഫീക്കിനെ ഫോണില്‍ ബന്ധപ്പെടുകയായിരുന്നു.

ചങ്ങനാശേരി എസ്ബിഐയില്‍ പണയംവച്ചിരിക്കുന്ന 300 ഗ്രാം സ്വര്‍ണം എടുത്തു മറിച്ചുവില്‍ക്കാന്‍ സഹായിക്കണമെന്നു സോമന്‍ റഫീക്കിനോടു പറഞ്ഞു. ഇതനുസരിച്ചു കഴിഞ്ഞ ശനിയാഴ്ച രാവിലെ 10.30-നു റഫീക്കും സോമനും ചങ്ങനാശേരി എസ്ബി കോളജ് റോഡിലുള്ള ബാങ്ക് ശാഖയില്‍ എത്തി. പണയം എടുക്കുന്നതിനായി റഫീക്ക് മൂന്നരലക്ഷം രൂപ സോമനു കൈമാറി. സോമന്‍ പണയം എടുക്കാനെന്ന വ്യാജേന കൌണ്ടറിലേക്കു പോയി. റഫീക്ക് മൊബൈല്‍ഫോണ്‍ വിളിച്ചുകൊണ്ടിരുന്ന തക്കംനോക്കി സോമന്‍ ബാങ്കില്‍ നിന്നും മുങ്ങുകയായിരുന്നു.

ബാങ്കിനു പുറത്തുനിന്ന ഏബ്രഹാമും സോമനും ചേര്‍ന്ന് ഓട്ടോയില്‍ കയറി കുറിച്ചിയിലും അവിടെനിന്നും ബസില്‍ കയറി കോട്ടയത്തുമെത്തി. നാഗമ്പടത്തുള്ള ലോഡ്ജിലെത്തിയ ശേഷം സോമന്‍ ഏബ്രഹാമിന് 35,000 രൂപ നല്‍കി. തുടര്‍ന്ന് സോമന്‍ എറണകുളത്തേക്കും ഏബ്രഹാം അടിമാലിയിലേക്കും രക്ഷപ്പെട്ടു. പണം നഷ്ടമായ റഫീക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. സോമന്‍ ബാങ്കിടപാടിനായി റഫീക്കിനെ വിളിച്ച മൊബൈല്‍ നമ്പര്‍ പരിശോധിച്ച് സൈബര്‍സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ കുടുങ്ങിയത്.


ഏബ്രഹാമിന്റെ ഫോണ്‍ നമ്പര്‍ ഉപയോഗിച്ചാണ് റഫീക്കിനെ സോമന്‍ വിളിച്ചത്. ഈ ഫോണ്‍ നമ്പര്‍ പിന്‍തുടര്‍ന്ന് പോലീസ് ആദ്യം ഏബ്രഹാമിന്റെ അടിമാലിയിലുള്ള വീട്ടിലെത്തി. കൃത്യത്തിനു ശേഷം വീട്ടിലെത്തിയ ഏബ്രഹാമിനെ പോലീസ് സംഘം പിടികൂടി ചോദ്യം ചെയ്തപ്പോള്‍ ഗോപാലകൃഷ്ണനെന്നയാളാണ് തന്റെ ഫോണ്‍ ഉപയോഗിച്ച് റഫീക്കിനെ വിളിച്ചതെന്ന വിവരം നല്‍കി. ഫോണ്‍കോള്‍ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പോലീസ് വീണ്ടും നടത്തിയ അന്വേഷണത്തിലാണ് ഗോപലകൃഷണനെന്നയാള്‍ സോമനാണെന്ന വിവരം ലഭിച്ചത്. തുടര്‍ന്ന് ആമ്പല്ലൂരെത്തി പോലീസ് സംഘം സോമനെയും പിടികൂടുകയായിരുന്നു.

നാട്ടില്‍ ഭീകരന്‍ സോമനെന്നാണ് ഇയാള്‍ അറിയപ്പെട്ടിരുന്നതെന്നും പോലീസ് പറഞ്ഞു. പ്രതികളുടെ കൈയില്‍നിന്ന് 3.20 ലക്ഷം രൂപ കണ്െടടുത്തു. 30000 രൂപ മറ്റൊരാള്‍ക്കു നല്‍കിയതായി സോമന്‍ മൊഴിനല്‍കിയതായി പോലീസ് പറഞ്ഞു. സ്വര്‍ണപ്പണിക്കാരനും സ്വര്‍ണവ്യാപാരിയുമായ സോമന്റെ പേരില്‍ സ്വര്‍ണം കടത്തിക്കൊണ്ടുവന്ന കേസില്‍ കസ്റംസ് കേസെടുക്കുകയും ഈ കേസില്‍ ആറുമാസം സോമന്‍ വിയ്യൂര്‍ ജയിലില്‍ ശിക്ഷ അനുഭവിക്കുകയും ചെയ്തിട്ടുണ്ട്.കോട്ടയം, എറണാകുളം, ആലപ്പുഴ ജില്ലകളിലെ വിവിധ പോലീസ് സ്റ്റേഷനുകളിലായി നിരവധി കേസുകളും സോമന്റെ പേരിലുള്ളതായി പോലീസ് പറഞ്ഞു. ഡിവൈഎസ്പി കെ.ശ്രീകുമാര്‍, സിഐ വി.എ.നിഷാദ്മോന്‍, എസ്ഐ ജര്‍ലിന്‍ സ്കറിയ, ഷാഡോ പോലീസുകാരായ കെ.കെ.റെജി, സിബിച്ചന്‍ ജോസഫ്, പി.ടി.സജി, പ്രദീപ്ലാല്‍, പ്രകാശ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്. സോമനെ ഇന്നലെ ഉച്ചക്ക് ചങ്ങനാശേരി എസ്ബിഐ ശാഖയിലെത്തിച്ച് തെളിവെടുപ്പ് നടത്തി. ഇരു പ്രതികളെയും കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.