സര്‍വകലാശാലകള്‍ക്ക് ഏകീകൃത അക്കാദമിക് കലണ്ടര്‍ ഏര്‍പ്പെടുത്താന്‍ ശിപാര്‍ശ
Tuesday, March 3, 2015 12:25 AM IST
തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍വകലാശാലകള്‍ക്ക് ഏകീകൃത അക്കാദമിക് കലണ്ടര്‍ സംവിധാനം ഏര്‍പ്പെടുത്തണമെന്ന് ഉന്നത വിദ്യാഭ്യാസ കൌണ്‍സിലിന്റെ ശിപാര്‍ശ. സര്‍വകലാശാല പ്രോ വൈസ് ചാന്‍സലര്‍മാര്‍ അംഗങ്ങളായ വിദഗ്ധസമിതിയുടെ ഇതുസംബന്ധിച്ച ശിപാര്‍ശയ്ക്ക് ഇന്നലെ ചേര്‍ന്ന എക്സിക്യൂട്ടീവ് കൌണ്‍സില്‍ യോഗം അംഗീകാരം നല്‍കി. ശിപാര്‍ശ ഉടന്‍ സര്‍ക്കാരിനു സമര്‍പ്പിക്കാനും യോഗം തീരുമാനിച്ചു.

ഇതിന്റെ അടിസ്ഥാനത്തില്‍ 2015-16 അധ്യയനവര്‍ഷത്തേക്കായി തയാറാക്കിയ കലണ്ടറിന്റെ കരടും തയാറാക്കിയിട്ടുണ്ട്. സമിതിയുടെ ശിപാര്‍ശ അംഗീകരിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയാല്‍ കലണ്ടര്‍ നിലവില്‍ വരും. ഏകീകൃത കലണ്ടറിനായി ശിപാര്‍ശ സമര്‍പ്പിച്ച സമിതി പക്ഷേ ഏകീകൃത പാഠ്യപദ്ധതി, ബോര്‍ഡ് ഓഫ് സ്റഡീസ് എന്നീ നിര്‍ദേശങ്ങള്‍ തള്ളിക്കളഞ്ഞു. സര്‍വകലാശാലാ പാഠ്യപദ്ധതികളിലെ വൈവിധ്യം നിലനില്‍ക്കേണ്ടതുണ്െടന്നും ഇതൊടൊപ്പം സമിതി ചൂണ്ടിക്കാട്ടി. അതേസമയം പാഠ്യപദ്ധതി തയാറാക്കാന്‍ പൊതു ചട്ടക്കൂട് ഉണ്ടാക്കാനുള്ള നിര്‍ദേശം സമിതി അംഗീകരിച്ചതായി ഉന്നതവിദ്യാഭ്യാസ കൌണ്‍സില്‍ ചെയര്‍മാന്‍ ടി.പി. ശ്രീനിവാസന്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

സര്‍വകലാശാലകളിലെ പരീക്ഷാ സമ്പ്രദായം പരിഷ്കരിക്കുന്നതു സംബന്ധിച്ചു പഠിക്കാന്‍ സമിതിയെ നിയോഗിക്കാന്‍ കൌണ്‍സില്‍ യോഗം തീരുമാനിച്ചു. ആരോഗ്യ സര്‍വകലാശാലയില്‍ നടപ്പാക്കുന്നതും സാങ്കേതിക സര്‍വകലാശാല നടപ്പിലാക്കാന്‍ പദ്ധതി തയാറാക്കിയതുമായ രീതിയില്‍ പരീക്ഷാ സമ്പ്രദായം മാറ്റാനാണ് ആലോചിക്കുന്നത്. കാമ്പസുകളില്‍ ലിംഗസമത്വം ഉറപ്പുവരുത്തുന്നതിനായി സ്വീകരിക്കേണ്ട നടപടികളെക്കുറിച്ചു പഠനം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ എംജി സര്‍വകലാശാല പ്രോ വിസി ഡോ. ഷീന ഷുക്കൂര്‍ കണ്‍വീനറായിട്ടുള്ള സമിതിയെ നിയോഗിക്കാനും തീരുമാനിച്ചു. സമിതി ചെയര്‍മാനെ വൈകാതെ തീരുമാനിക്കും. സ്ത്രീശാക്തീകരണം സംബന്ധിച്ച് കൌണ്‍സിലിന്റെ നേതൃത്വത്തില്‍ നടത്തിയ ശില്‍പ്പശാലയില്‍ ഉയര്‍ന്നുവന്ന നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് സമിതിയെ നിയോഗിക്കാന്‍ തീരുമാനിച്ചത്. ഗവേഷക വിദ്യാര്‍ഥിനികള്‍ ഉള്‍പ്പെടെയുള്ളവര്‍ കാമ്പസുകളില്‍ വിവിധ തരത്തിലുള്ള പീഡനങ്ങള്‍ക്കിരയാകുന്നതായുള്ള പരാതികള്‍ ശില്‍പ്പശാലയില്‍ ഉയര്‍ന്നിരുന്നു.

കേന്ദ്രസര്‍ക്കാരിന്റെ ഉന്നത വിദ്യാഭ്യാസ പദ്ധതിയായ രാഷ്ട്രീയ ഉച്ചതാര്‍ ശിക്ഷാ അഭിയാനി(റൂസ)ലേക്ക് 2015-16 വര്‍ഷത്തെ പദ്ധതി സമര്‍പ്പിക്കാന്‍ കോളജുകളില്‍ നിന്നു സര്‍വകലാശാലകളില്‍നിന്നും പദ്ധതി ക്ഷണിക്കും. ഉന്നത വിദ്യാഭ്യാസ കൌണ്‍സിലിന്റെ വെബ്സൈറ്റ് വഴിയാണ് അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടത്. എയ്ഡഡ് കോളജുകള്‍ക്കും പദ്ധതികള്‍ സമര്‍പ്പിക്കാം. പദ്ധതി സമര്‍പ്പിക്കുന്നതു സംബന്ധിച്ച് പരിശീലനത്തിനായി പ്രത്യേക ശില്‍പ്പശാല നടത്തും. 2014-15 വര്‍ഷത്തേക്കായി സംസ്ഥാനം സമര്‍പ്പിച്ച പദ്ധതി “റുസ’ പ്രോജക്ട് അപ്രൂവല്‍ ബോര്‍ഡിന്റെ അംഗീകാരത്തിന് അയച്ചു. എറണാകുളം ആസ്ഥാനമായുള്ള ക്ളസ്റര്‍ കോളജിനു കീഴില്‍ ഇ-ക്ളാസ് റൂം തുടങ്ങിയതായും ഇതര ക്ളസ്ററുകളിലേക്ക് ഇതു വ്യാപിപ്പിക്കുമെന്നും ശ്രീനിവാസന്‍ അറിയിച്ചു.


കൌണ്‍സില്‍ അംഗമായിരുന്ന പ്രഫ. ലോപ്പസ് മാത്യു പിഎസ്സി അംഗമായ ഒഴിവിലേക്ക് അടൂര്‍ സെന്റ് സിറിള്‍സ് കോളജ് മുന്‍ പ്രിന്‍സിപ്പല്‍ പ്രഫ. ഡി.കെ. ജോണിനെ നാമനിര്‍ദേശം ചെയ്തു. കൌണ്‍സിലിനെ പ്രതിനിധീകരിച്ച് ഡോ. ജോണ്‍ കുസാറ്റ് സിന്‍ഡിക്കറ്റില്‍ അംഗമായിരിക്കും. കൌണ്‍സില്‍ മെംബര്‍ സെക്രട്ടറി ഡോ.പി. അന്‍വര്‍, എക്സി. കൌണ്‍സില്‍ അംഗം ഡോ. ആര്‍. ജയപ്രകാശ്, ക്രിസ്റ്റി ക്ളമന്റ് തുടങ്ങിയവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

പ്രവേശനത്തിനു വിജ്ഞാപനം പുറപ്പെടുവിക്കുന്നതു മുതല്‍ പരീക്ഷാഫലം പ്രസിദ്ധീകരിക്കുന്നതു വരെയുള്ള സമയക്രമം നിശ്ചയിച്ചുകൊണ്ടാണ് കരട് തയാറാക്കിയിട്ടുള്ളത്. ഇതനുസരിച്ച് ഒന്നാം സെമസ്റര്‍ ബിരുദ കോഴ്സ് പ്രവേശത്തിന് ഏപ്രില്‍ നാലിന് വിജ്ഞാപനം പുറപ്പെടുവിക്കണം. മേയ് 20 മുതല്‍ ജൂണ്‍ പത്ത് വരെ ഓണ്‍ലൈനായോ നേരിട്ടോ അപേക്ഷാ സമര്‍പ്പിക്കാം. ജൂണ്‍ 24 മുതല്‍ പ്രവേശം തുടങ്ങും. ജൂണ്‍ 30ന് ക്ളാസുകള്‍ ആരംഭിക്കണം. ഓഗസ്റ് 24നുള്ളില്‍ പ്രവേശനം പൂര്‍ത്തിയാക്കണം. സെപ്റ്റംബര്‍ 17ന് പരീക്ഷാ വിജ്ഞാപനം പുറപ്പെടുവിക്കുകയും നവംബര്‍ 12 മുതല്‍ 25 വരെ പരീക്ഷകള്‍ നടത്തുകയും വേണം. ഫെബ്രുവരി 25ന് പരീക്ഷാഫലം പ്രസിദ്ധീകരിക്കണം. നവംബര്‍ 30ന് രണ്ടാം സെമസ്ററിലെ ക്ളാസുകള്‍ തുടങ്ങണം. മാര്‍ച്ച് 31ന് രണ്ടാം സെമസ്റര്‍ അവസാനിക്കും. ഫെബ്രുവരി 19ന് പരീക്ഷാ വിജ്ഞാപനം പുറപ്പെടുവിക്കും. ഏപ്രില്‍ 19 മുതല്‍ മേയ് നാലു വരെ പരീക്ഷ നടക്കും. ഓഗസ്റ് നാലിനു പരീക്ഷാഫലം പ്രസിദ്ധീകരിക്കണം.

ഒന്നാം സെമസ്റര്‍ പി.ജി. കോഴ്സുകള്‍ക്കു മേയ് 30 നു വിജ്ഞാപനമിറക്കണം. ജൂണ്‍ 17 മുതല്‍ 30 വരെ അപേക്ഷ സ്വീകരിക്കുകയും ജൂലൈ പത്തിനു പ്രവേശനം തുടങ്ങുകയും വേണം. സെപ്റ്റംബര്‍ 12നകം പ്രവേശനം അവസാനിപ്പിക്കണം. ജൂലൈ 13ന് ക്ളാസുകള്‍ തുടങ്ങി ഡിസംബര്‍ 15ന് ഒന്നാം സെമസ്റര്‍ അവസാനിപ്പിക്കണം. ഒക്ടോബര്‍ ഒമ്പതിന് പരീക്ഷാ വിജ്ഞാപനം ഇറക്കി ഡിസംബര്‍ ഒന്നു മുതല്‍ പരീക്ഷ തുടങ്ങുകയും 15ന് അവസാനിപ്പിക്കുകയും ചെയ്യണം. മാര്‍ച്ച് 15ന് ഫലം പ്രസിദ്ധീകരിക്കണം.

ഡിസംബര്‍ 16ന് രണ്ടാം സെമസ്റര്‍ പി.ജി. ക്ളാസുകള്‍ തുടങ്ങുകയും ജൂണ്‍ 17ന് സെമസ്റര്‍ അവസാനിക്കണം. മാര്‍ച്ച് 30ന് പരീക്ഷാ വിജ്ഞാപനവും ജൂണ്‍ ഒന്നു മുതല്‍ 17വരെ പരീക്ഷയും നടത്തണം. സെപ്റ്റംബര്‍ 17ന് പരീക്ഷാഫലം പ്രസിദ്ധീകരിക്കുകയും വേണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.