ക്വാറി-ക്രഷര്‍ സമരം: ബില്‍ഡേഴ്സ് അസോസിയേഷന്‍ പണിമുടക്കിലേക്ക്
Tuesday, March 3, 2015 12:27 AM IST
കൊച്ചി: ജീവിതത്തിന്റെ സമസ്ത മേഖലകളെയും ബാധിക്കുന്ന ക്വാറി-ക്രഷര്‍ സമരം അവസാനിപ്പിക്കാന്‍ നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ പണിമുടക്കിലേക്കു നീങ്ങുമെന്നു ബില്‍ഡേഴ്സ് അസോസിയേഷന്‍ ഓഫ് ഇന്ത്യയും അഫിലിയേറ്റഡ് സംഘടനാ ഭാരവാഹികളും പത്രസമ്മേളനത്തില്‍ അറിയിച്ചു. അഫിലിയേറ്റഡ് സംഘടനകളായ സതേണ്‍ റെയില്‍വേ കോണ്‍ട്രാക്ടേഴ്സ് അസോസിയേഷന്‍, സിപിഡബ്ള്യുഡി കോണ്‍ട്രാക്ടേഴ്സ് അസോസിയേഷന്‍, കേരള ഗവണ്‍മെന്റ് കോണ്‍ട്രാക്ടേഴ്സ് അസോസിയേഷന്‍ എന്നിവരാണ് പണിമുടക്കിനൊരുങ്ങുന്നത്.

മറ്റു സംസ്ഥാനങ്ങളെ പോലെ അഞ്ചു ഹെക്ടറില്‍ താഴെയുളള ക്വാറികള്‍ക്കു നിയമാനുസൃതം പ്രവര്‍ത്തിക്കാനുളള സാഹചര്യം നിയമഭേദഗതിയിലൂടെ നടപ്പാക്കണമെന്ന് ഇവര്‍ ആവശ്യപ്പെട്ടു. തമിഴ്നാട്ടില്‍ നടപടിക്രമങ്ങള്‍ പാലിച്ച് 1500 ഓളം ചെറുകിട ക്വാറികള്‍ക്കുളള പ്രവര്‍ത്തനാനുമതി ഒന്നര മാസത്തിനുളളില്‍ നല്‍കിയിട്ടുണ്ട്. മാര്‍ച്ച് 31നു തീരേണ്ട നിര്‍മാണപ്രവര്‍ത്തനങ്ങളെ ബാധിക്കാത്ത വിധത്തില്‍ ഒരു വര്‍ഷത്തേക്കുള്ള നിയമാനുസൃത പ്രവര്‍ത്തനാനുമതി ഒരാഴ്ചയ്ക്കുളളില്‍ നല്‍കി ക്വാറിയിംഗ് പെര്‍മിറ്റുകള്‍ പുതുക്കി നല്‍കാന്‍ ജില്ലാ ജിയോളജിസ്റുകള്‍ക്ക് നിര്‍ദേശം നല്‍കുക, പാരിസ്ഥിതികാനുമതി നല്‍കുന്നതിനുളള അപേക്ഷ സമര്‍പ്പിക്കുന്നതിനുളള അംഗീകൃത കണ്‍സള്‍ട്ടന്റായി കിറ്റ്കോയെ നിയമിക്കുക, കണ്‍സള്‍ട്ടന്‍സി ചാര്‍ജ് എന്ന പേരില്‍ ഏജന്റുമാര്‍ വാങ്ങുന്ന തുക 25,000 രൂപയായി നിശ്ചയിക്കുക എന്നീ ആവശ്യങ്ങളും ഉന്നയിച്ചു.


പത്രസമ്മേളനത്തില്‍ ബില്‍ഡേഴ്സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ സംസ്ഥാന ചെയര്‍മാന്‍ ബി. ചന്ദ്രമോഹന്‍, മുന്‍ ചെയര്‍മാന്‍ അലക്സ് പെരുമാലില്‍, ഐഎന്‍ടിയുസി സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. കെ.പി. ഹരിദാസ് എന്നിവര്‍ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.