കെഎസ്ആര്‍ടിസിയില്‍ ശമ്പളം മുടങ്ങി; പ്രതിഷേധത്തിനൊടുവില്‍ ജീവനക്കാര്‍ക്കു ശമ്പളം കിട്ടി
കെഎസ്ആര്‍ടിസിയില്‍ ശമ്പളം മുടങ്ങി; പ്രതിഷേധത്തിനൊടുവില്‍ ജീവനക്കാര്‍ക്കു ശമ്പളം കിട്ടി
Tuesday, March 3, 2015 12:04 AM IST
തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ ശമ്പളം മുടങ്ങിയതിനെത്തുടര്‍ന്നു ജീവനക്കാര്‍ പ്രതിഷേധവുമായി രംഗത്തെത്തി. വര്‍ക്ഷോപ്പ് അടക്കം 22 യൂണിറ്റുകളിലെ ജീവനക്കാര്‍ക്ക് ഇന്നലെ ഉച്ചവരെ അവരുടെ ബാങ്ക് അക്കൌണ്ടിലേക്കു ശമ്പളമെത്തിയില്ല. ഇതേത്തുടര്‍ന്നായിരുന്നു ജീവനക്കാരുടെ പ്രതിഷേധം.

തിരുവനന്തപുരത്തു കെഎസ്ആര്‍ടിസി എംഡിയുടെ ഓഫീസിനു മുന്നില്‍ ജീവനക്കാര്‍ പ്രതിഷേധവുമായി കുത്തിയിരുന്നു. ഉച്ചയോടെ ജീവനക്കാരുടെ ബാങ്ക് അക്കൌണ്ടുകളിലേക്കു ശമ്പളമെത്തി. സാങ്കേതിക പ്രശ്നംമൂലമാണ് ശമ്പളമെത്താതിരുന്നതെന്നാണ് അധികൃതരുടെ വിശദീകരണം.

പെന്‍ഷന്‍ മുടങ്ങിയതിന്റെ പേരില്‍ സിഐടിയുവിന്റെ നേതൃത്വത്തില്‍ എംഡിയുടെ ഓഫീസിനു മുന്നില്‍ സമരം തുടരുകയാണ്. പെന്‍ഷന്‍കാര്‍ക്കു രണ്ടുമാസത്തെ കുടിശികയുണ്ട്. മുഖ്യമന്ത്രിയുമായി നേരത്തേ നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ ഫെബ്രുവരി 15-നു മുമ്പു നവംബര്‍, ഡിസംബര്‍ മാസങ്ങളിലെ പെന്‍ഷന്‍ കുടിശിക നല്‍കുമെന്നായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാല്‍, ഇതുവരെയും കുടിശിക നല്‍കിയില്ലെന്നു മാത്രമല്ല എന്നു നല്‍കുമെന്ന ഒരുറപ്പും ബന്ധപ്പെട്ടവരുടെ ഭാഗത്തു നിന്ന് ഇതുവരെയും ഉണ്ടായിട്ടില്ല. ഈ സാഹചര്യത്തിലാണു സമരവുമായി മുന്നോട്ടുപോകുന്നതെന്നു പ്രതിഷേധക്കാര്‍ പറഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.