പിരിമുറുക്കത്തിന്റെ അന്തരീക്ഷത്തില്‍ നിയമസഭ നാളെ തുടങ്ങും
പിരിമുറുക്കത്തിന്റെ അന്തരീക്ഷത്തില്‍ നിയമസഭ നാളെ തുടങ്ങും
Thursday, March 5, 2015 12:16 AM IST
സാബു ജോണ്‍

തിരുവനന്തപുരം: സമീപകാലത്തെങ്ങുമുണ്ടാകാത്ത പിരിമുറക്കത്തിന്റെ അന്തരീക്ഷത്തില്‍ നിയമസഭാ സമ്മേളനത്തിനു നാളെ തുടക്കമാകും. ഗവര്‍ണര്‍ ജസ്റീസ് പി. സദാശിവത്തിന്റെ ആദ്യത്തെ പ്രഖ്യാപന പ്രസംഗത്തോടെ നാളെ സമ്മേളനത്തിനു തുടക്കമാകും. പ്രതിപക്ഷ പ്രതിഷേധം ഏതറ്റം വരെ പോകുമെന്ന ആശങ്ക ഭരണപക്ഷത്തുമുണ്ട്.

ബാര്‍കോഴക്കേസിന്റെ പേരില്‍ ധനമന്ത്രി കെ.എം. മാണിയെ ലക്ഷ്യമിട്ടാണു പ്രതിപക്ഷം സഭയിലേക്കെത്തുന്നത്. എന്നാല്‍, പ്രതിപക്ഷ ആക്രമണം മാണിയില്‍ ഒതുങ്ങില്ലെന്ന സൂചനകള്‍ അവര്‍ ഇതിനകം തന്നെ നല്‍കിക്കഴിഞ്ഞു. സോളാര്‍ കമ്മീഷനുമായി സഹകരിച്ചുകൊണ്ടു പൊടിപിടിച്ചു കിടന്ന സോളാര്‍ പ്രശ്നവും ചൂടാക്കിയെടുക്കാനുള്ള സര്‍വശ്രമവും അവര്‍ നടത്തുന്നുണ്ട്. മാണിക്കൊപ്പം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെയും അവര്‍ പ്രതിസ്ഥാനത്തു നിര്‍ത്താന്‍ ശ്രമിക്കുമെന്നുറപ്പാണ്. പിരിമുറുക്കത്തിനു കാരണങ്ങള്‍ പലതുണ്െടങ്കിലും ഇത്തവണ സമ്മേളനത്തിലെ പ്രധാന ശ്രദ്ധാകേന്ദ്രം പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദനാണ്.

ഭരണപക്ഷത്തിനു വി.എസ്. പ്രതീക്ഷയും പ്രതിപക്ഷത്തെ ആക്രമിക്കുന്നതിനുള്ള പ്രധാന ആയുധവുമാണെങ്കില്‍ പ്രതിപക്ഷത്തിന് അദ്ദേഹം സമ്മാനിക്കുന്നത് ആശങ്കയാണ്. നിയമസഭയില്‍ സര്‍ക്കാരിനെതിരായ നീക്കങ്ങള്‍ക്കു താന്‍ മുന്നണിയിലുണ്ടാകുമെന്നു വി.എസ് പ്രഖ്യാപിച്ചിട്ടുണ്െടങ്കിലും പ്രതിപക്ഷത്തിന് ആശ്വസിക്കാന്‍ അതു മാത്രം പോരാ. സിപിഎം സംസ്ഥാന സമ്മേളന വേദിയില്‍ നിന്നിറങ്ങിപ്പോന്ന വി.എസ് പാര്‍ട്ടി പരിപാടികളില്‍ പിന്നീടു പങ്കെടുത്തിട്ടില്ല. പാര്‍ട്ടിക്കു വേണ്ടാത്ത വി.എസ് എന്നതായിരിക്കും ഭരണപക്ഷത്തിന്റെ പ്രധാന ആയുധം.

കെ.എം. മാണി ബജറ്റ് അവതരിപ്പിക്കാന്‍ പാടില്ല എന്ന നിര്‍ബന്ധബുദ്ധിയിലാണു പ്രതിപക്ഷം ഇപ്പോഴും. എന്നാല്‍, മാണി തന്നെ ബജറ്റ് അവതരിപ്പിക്കുമെന്നു ഭരണപക്ഷവും വ്യക്തമാക്കിയിരിക്കുന്നു.

മാണി ബജറ്റ് അവതരിപ്പിച്ചാല്‍ ചോരപ്പുഴയൊഴുകുമെന്നു പ്രഖ്യാപിച്ച കോടിയേരി ബാലകൃഷ്ണന്‍ ഇപ്പോള്‍ സിപിഎം സംസ്ഥാന സെക്രട്ടറിയാണ്. സിപിഐക്കും പുതിയ സംസ്ഥാന സെക്രട്ടറിയായി. പുതിയ നേതൃത്വത്തിന്‍ കീഴില്‍ സഭ സമ്മേളിക്കുമ്പോള്‍ വീ റും വാശിയും കുറയാന്‍ സാധ്യതയേതുമില്ല. അഡ്ജസ്റ്മെന്റ് സമരങ്ങളുടെ പഴികേട്ടു നില്‍ക്കുന്ന പ്രതിപക്ഷം ബജറ്റ് സമ്മേളനത്തില്‍ എന്തു തന്ത്രം ആവിഷ്കരിക്കുമെന്ന് ഇനിയും പുറത്തു വിട്ടിട്ടില്ല. നാളെ പ്രഖ്യാപന പ്രസംഗത്തിനു ശേഷം ചേരുന്ന ഇടതുമുന്നണി സംസ്ഥാനകമ്മിറ്റി സമരരീതികളെക്കുറിച്ചു തീരുമാനമെടുക്കുമെന്നാണു കരുതപ്പെടുന്നത്.


നാളെ ഗവര്‍ണറുടെ പ്രഖ്യാപനപ്രസംഗ വേളയില്‍ തന്നെ പ്രതിഷേധ പ്രകടനത്തിനുള്ള സാധ്യതയുണ്ട്. ഈ മാസം 13നു ബജറ്റ് അവതരിപ്പിക്കുമ്പോഴുള്ള പ്രതിപക്ഷ പ്രതിഷേധത്തിലേക്കാണ് ഏവരും ഉറ്റുനോക്കുന്നത്. സഭയ്ക്കു പുറത്തു ബിജെപിയും സ മരപരിപാടികള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ സഭയ്ക്കകത്തും പുറത്തും സംഘര്‍ഷാത്മകമായ സ്ഥിതി രൂപപ്പെടാനാണു സാധ്യത.

വി.എസ്. അച്യുതാനന്ദനും പാര്‍ട്ടിയുമായുള്ള പ്രശ്നങ്ങളായിരിക്കും ഭരണപക്ഷത്തിന്റെ തുറുപ്പ്. ജയിംസ് മാത്യു എംഎല്‍എ ജയിലില്‍ കഴിയുന്നതും പ്രതിപക്ഷത്തിനെതിരേ പ്രയോഗിക്കാവുന്ന ആയുധമായി ഭരണപക്ഷം പ്രയോഗിക്കും.

കഴിഞ്ഞ നിയമസഭാ സമ്മേളന കാലയളവില്‍ ബാര്‍കോഴ ആരോപണത്തിന്റെ പേരില്‍ നിയമസഭയില്‍ ഏറെ കോലാഹലങ്ങളുയര്‍ന്നിരുന്നു. സമ്മേളനത്തിന്റെ തുടക്കം മുതല്‍ അവസാനം വരെ ഏതെങ്കിലും പേരില്‍ ഈ വിഷയം അവര്‍ എല്ലാ ദിവസവും സഭാതലത്തില്‍ ഉന്നയിച്ചിരുന്നു. എന്നാല്‍, രണ്ടു മാസത്തിനു ശേഷം സഭ ചേരുമ്പോള്‍ ഈ വിഷയം അത്ര തന്നെ സജീവമല്ല. സോളാര്‍ കേസിന്റെ കാര്യവും അങ്ങനെ തന്നെ. അതുകൊണ്ടു തന്നെ പ്രതിപക്ഷത്തിന്റെ ആരോപണങ്ങളെ നേരിടാന്‍ ഭരണപക്ഷത്തിന് ഏറെ ബുദ്ധിമുട്ടേണ്ടി വരില്ലെന്നാണ് അവരുടെ കണക്കുകൂട്ടല്‍. എന്നാല്‍, സമരവും പ്രതിഷേധവും ഏതറ്റം വരെ പോകുമെന്ന കാര്യത്തില്‍ ഭരണപക്ഷത്തും ആശങ്കയുണ്ട്. ഈ മാസം 31നകം ബജറ്റ് അവതരിപ്പിച്ച് വോട്ട് ഓണ്‍ അക്കൌണ്ട് പാസാക്കിയേ പറ്റൂ. സര്‍ക്കാരിനെ സംബന്ധിച്ചു ഭരണപരമായ ഈ കര്‍ത്തവ്യത്തില്‍ വീഴ്ച വരുത്താന്‍ സാധിക്കില്ല. ഏപ്രില്‍ ഒമ്പതു വരെ സമ്മേളനം നിശ്ചയിച്ചിട്ടുണ്െടങ്കിലും മാര്‍ച്ച് 24 നു ധനവിനിയോഗബില്‍ പാസാകുന്നതോടെ സര്‍ക്കാരിന്റെ അത്യാവശ്യ ബിസിനസുകള്‍ പൂര്‍ത്തിയാകും. സമ്മേളനത്തിന്റെ ആയുസ് പ്രതിപക്ഷത്തിന്റെ പ്രതിഷേധത്തിന്റെ തീവ്രതയെ ആശ്രയിച്ചിരിക്കും.

ഇതിനിടയിലും ധനമന്ത്രി കെ.എം. മാണിയെ സംബന്ധിച്ചിടത്തോളം ബജറ്റ് അവതരണത്തിലൂടെ പുതിയ റിക്കാര്‍ഡ് കുറിക്കാനൊരുങ്ങുകയാണ് അദ്ദേഹം. പതിമൂന്നാമത്തെ ബജറ്റാണ് ഈ മാസം 13ന് അദ്ദേഹം അവതരിപ്പിക്കാന്‍ പോകുന്നത്. ഇതു രാജ്യത്തു തന്നെ ഒരു റിക്കാര്‍ഡ് ആണ്. സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍ ഗുരുതരാവസ്ഥയില്‍ ബംഗളൂരുവില്‍ ചികിത്സയില്‍ കഴിയുമ്പോഴാണു സഭ സമ്മേളിക്കുന്നത്.

ഡിസംബറില്‍ ചേര്‍ന്ന സമ്മേളനത്തിലും കാര്‍ത്തികേയന്‍ സഭയിലെത്തിയിരുന്നില്ല. അന്ന് അദ്ദേഹം അമേരിക്കയിലെ ചികിത്സയ്ക്കു ശേഷം വിശ്രമത്തിലാ യിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.