ഗ്രൂപ്പുകളിക്കെതിരേ സുധീരന്റെ താക്കീത്
ഗ്രൂപ്പുകളിക്കെതിരേ സുധീരന്റെ താക്കീത്
Thursday, March 5, 2015 12:22 AM IST
കോഴിക്കോട്: തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ ഗ്രൂപ്പു കളിക്കുന്നതു കോണ്‍ഗ്രസിലെ എത്ര വലിയ സീനിയര്‍ നേതാവാണെങ്കിലും അച്ചടക്കനടപടി നേരിടേണ്ടിവരുമെന്നു കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍. ഇത്തരക്കാര്‍ക്ക് ആദ്യഘട്ടത്തില്‍ കാരണം കാണിക്കല്‍ നോട്ടീസ് അയയ്ക്കും. ഇത് ഉപദേശമായും താക്കീതായും കണക്കാക്കാം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുടെയും പാര്‍ട്ടി ഭാരവാഹികളുടെയും കണ്‍വന്‍ഷന്‍ ഡിസിസി ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ വിജയിക്കണമെങ്കില്‍ ഗ്രൂപ്പു പ്രവര്‍ത്തനം നിര്‍ത്തണം. പാര്‍ട്ടി ഉണ്െടങ്കിലേ നമ്മള്‍ ഉളളൂവെന്നത് എല്ലാവരും മനസിലാക്കണം.

കോണ്‍ഗ്രസിന്റെ താഴെക്കിടയിലുളളവര്‍ക്കു ഗ്രൂപ്പ് അതിപ്രസരത്തില്‍ താത്പര്യമില്ല. കഴിഞ്ഞ 24ന് കെപിസിസി പാസാക്കിയ പ്രമേയം വിഭാഗീയതയും ഗ്രൂപ്പിസവുമില്ലാതെ വാര്‍ഡ് കമ്മിറ്റി രൂപീകരണം നടക്കണമെന്നായിരുന്നു. കോണ്‍ഗ്രസില്‍ ഗ്രൂപ്പ് തീവ്രവാദികളായ ചിലരുണ്ട്. അവരെ നേരിട്ടു വിളിച്ചു താന്‍ ഇത്തരത്തിലുണ്ടാവരുതെന്നു സംസാരിച്ചിരുന്നു.


കോണ്‍ഗ്രസും യുഡിഎഫും ഒരുമിച്ചു നിന്നാല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഭരണത്തുടര്‍ച്ച ഉണ്ടാവും. തെരഞ്ഞടുക്കപ്പെടുന്ന ജനപ്രതിനിധികളും പാര്‍ട്ടിയുമായി ബന്ധം ഉണ്ടാകുന്നില്ല. പാര്‍ട്ടിയും തദ്ദേശഭരണ പ്രതിനിധികളും തമ്മില്‍ ഏകോപനം ഇല്ലെന്നും സുധീരന്‍ പറഞ്ഞു. വരുന്ന തവണ ഇതുണ്ടാവാന്‍ പാടില്ല. ഇതിനായി ജനപ്രതിനിധികള്‍, മന്ത്രിമാര്‍ പാര്‍ട്ടിയുടെ താഴെ തലം മുതല്‍ കെപിസിസി വരെയുളള ഭാരവാഹികള്‍ തുടങ്ങി എല്ലാവര്‍ക്കും ബാധകമായ രീതിയില്‍ മാര്‍ഗരേഖ തയാറാക്കും. ജില്ലകളിലെ അഭിപ്രായം രൂപീകരിച്ചു കരടു മാര്‍ഗരേഖയുണ്ടാക്കാന്‍ കെപിസിസി ജനറല്‍ സെക്രട്ടറി സജി ജോസഫിനെ നിയമിച്ചിട്ടുണ്ട്. മാര്‍ഗ രേഖ ചര്‍ച്ച ചെയ്തു യാഥാര്‍ഥ്യമാക്കും. അതുപോലെ ജനപ്രതിനിധികള്‍ സന്ദര്‍ശിക്കുമ്പോള്‍ പ്രാദേശിക ഘടകത്തെ അറിയിക്കണം. കോണ്‍ഗ്രസ് ഭാരവാഹികളുടെ സേവനം പൂര്‍ണമായി ഉറപ്പുവരുത്താന്‍ കൃത്യമായ ചുമതല നിര്‍വഹിക്കണമെന്നും അദ്ദേഹം പറഞ്ഞു. കൂട്ടിയ കെട്ടിടനികുതി പിന്‍വലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.