എന്തൊക്കെ മാറ്റിവയ്ക്കണം ?
എന്തൊക്കെ മാറ്റിവയ്ക്കണം ?
Thursday, March 5, 2015 12:26 AM IST
തീര്‍ത്ഥാടനം / ഫാ. ജേക്കബ് കോയിപ്പള്ളി -18

അനര്‍ഥമായ നോമ്പാചാരങ്ങളെ കഠിനഭാഷയില്‍ ക്രിസ്തു വിമര്‍ശിച്ചിരുന്നു. പ്രാര്‍ഥനയ്ക്കുണ്ടാവേണ്ട രഹസ്യഭാവവും ഉപവസിക്കുമ്പോള്‍ മറ്റുള്ളവരെ കാണിക്കാന്‍ വേണ്ടി ചെയ്യുന്നതുപോലെ തരം താഴരുതെന്ന് നമ്മെ ഓര്‍മിപ്പിച്ചു. സാബത്ത് ആചരണത്തിലെ അര്‍ഥരഹിതമായ കാഠിന്യങ്ങളില്‍ ദൈവപ്രീതിയില്ലെന്നു ശക്തമായ ഭാഷയില്‍തന്നെ അവന്‍ അവതരിപ്പിച്ചു.

ചെറുപ്പം മുതലേ എല്ലാ കല്പനകളും പാലിച്ചവനു വീണ്ടും കുറവുകളുണ്െടന്നു ക്രിസ്തു ചൂണ്ടിക്കാട്ടി. മനുഷ്യരുടെ അളവുകോലും ദൈവത്തിന്റെ അളവുകോലും തമ്മിലുള്ള വ്യത്യാസമാണു യുവാവിനോടുള്ള മറുപടിയില്‍ ക്രിസ്തു ചൂണ്ടിക്കാട്ടിയത്. പാരമ്പര്യങ്ങളുടെ നൂലാമാലകളില്‍ പാവങ്ങളെ കുടുക്കരുതെന്നു പറഞ്ഞ അവന്‍ അറിവുണ്െടന്നു കരുതുന്നവര്‍ വലിയ ഭാരങ്ങള്‍ പാവങ്ങളെക്കൊണ്ടു ചുമപ്പിച്ചു ചെറുവിരല്‍ പോലും അനക്കാതെ നില്ക്കുന്നതിനേയും തള്ളിപ്പറഞ്ഞു.

അങ്ങനെയെങ്കില്‍ അവനെ പ്രസാദിപ്പിക്കുന്ന നോമ്പാചാരണത്തിന്റെ മാനദണ്ഡങ്ങള്‍ എന്തായിരിക്കണം? ക്രിസ്തു ഉപവസിച്ചിരുന്നു. അത് ഏതെങ്കിലുമൊരു പ്രത്യേക ഭക്ഷണം മാറ്റിവയ്ക്കുകയായിരുന്നില്ല. മറിച്ച് തന്റെ പിതാവിന്റെ കൂടെ വസിക്കലായിരുന്നു. സ്നേഹപൂര്‍വം തന്റെ മുമ്പില്‍ വിളമ്പപ്പെട്ട മത്സ്യമോ മാംസമോ കഴിക്കുമ്പോള്‍ നോമ്പിന്റെ അരൂപി നഷ്ടപ്പെടുമോ? എല്ലാം മിതമായും നന്ദിയോടെയും കഴിക്കുക എന്നതല്ലേ പ്രധാനപ്പെട്ടത്? കഴിക്കാനുള്ളതു പങ്കുവയ്ക്കുന്നതിലുള്ള സന്നദ്ധതയല്ലേ നോമ്പിന്റെ സമ്പത്ത്? കഴിക്കാതെ പോകുന്ന ഭക്ഷണത്തിന്റെ ഭാഗം ഇല്ലാത്തവനില്‍ എത്തിക്കുന്നതല്ലേ നോമ്പിന്റെ മഹത്വം? ഭക്ഷണം നീക്കിവയ്ക്കലിലുപരി സ്വാര്‍ഥത പാകിയ ഇഷ്ടങ്ങളുടെ ബലിയര്‍പ്പണം രഹസ്യാത്മകമായി അനുഷ്ഠിക്കേണ്ട കാലമാണു നോമ്പുകാലം.


എത്രയോ നന്മകള്‍ രഹസ്യത്തില്‍ നമുക്കനുഷ്ഠിക്കാം. വാര്‍ത്തകളുണ്ടാകാന്‍, വാര്‍ത്തകളില്‍ നിറയാന്‍, ദൈവം തന്ന മുഖദാവ് പരസ്യചിത്രമാകാനുള്ള വ്യഗ്രതയില്‍നിന്നു വലതുകൈ ചെയ്യുന്നത് ഇടതുകൈ അറിയാത്ത ഒരു രഹസ്യാത്മകതയിലേക്കു ജീവിതം രൂപാന്തരപ്പെടുത്തണം. സ്വയം പരസ്യപ്പെടുത്തി വലിയവനാകുന്ന പ്രലോഭനങ്ങളെ ജയിക്കണം. അംഗീകാരം തേടിയുള്ള യാത്രയില്‍, ആഗ്രഹങ്ങള്‍ പ്രാപിക്കാനുള്ള യാത്രയില്‍, ഇന്നും നമ്മുടെ പറുദീസയില്‍ ഇഴഞ്ഞുകയറാന്‍ സര്‍പ്പത്തിനു നാം അവസരം ഒരുക്കാറുണ്ട്. എന്റെ കാലത്ത്, ഞാന്‍ ചെയ്തിരുന്നപ്പോള്‍, അന്നു ഞാന്‍ ചെയ്തതുപോലെ എന്നൊക്കെ ഉദ്ധരിച്ചു തുടങ്ങുമ്പോള്‍ ഈ സര്‍പ്പം നമ്മില്‍ നിന്ന് അകലെയല്ലെന്ന് തിരിച്ചറിയുക. തങ്ങള്‍ ചെയ്യുന്നതു നാലുപേരെ അറിയിക്കാന്‍ വ്യഗ്രതപ്പെടുന്നവനും ഭക്തി കാണിക്കപ്പെടേണ്ട ഒന്നായി അധഃപതിപ്പിക്കുന്നതും ദൈവം മുമ്പില്‍ തുറന്നുവച്ചിരിക്കുന്ന ഒരുപാട് അവസരങ്ങള്‍ നഷ്ടപ്പെടുത്തിക്കളയുന്നു.

നോമ്പിന്റെ അന്തഃസത്തയെ പുല്‍കലാണു തീര്‍ഥാടനം. ഇഴഞ്ഞുവരുന്ന, ഭംഗിയായി സംസാരിക്കുന്ന, വശീകരണ സിദ്ധിയുള്ള സര്‍പ്പത്തെ തീര്‍ഥാടകന്‍ തിരിച്ചറിയട്ടെ. നീ അനുഷ്ഠിക്കുന്ന നോമ്പ് എന്താണെന്നു നിന്റെ ഫലത്തിലൂടെ മനുഷ്യന്‍ അറിയട്ടെ. ഇഷ്ടപ്പെടാത്തതൊന്നും കിട്ടാത്തതുകൊണ്ടു മ്ളാനവദനനായി ഭക്ഷണം കഴിച്ച് എന്തിനു നോമ്പനുഷ്ഠിക്കണം? ആരുമറിയാത്ത ചിലതു നീ ഉപേക്ഷിക്കണം. എല്ലാവരും അറിയുന്ന ഫലങ്ങള്‍ നിന്നില്‍നിന്നു പുറപ്പെടണം. നിന്റെ ശക്തി അടങ്ങിയിരിക്കുന്നതു നീ ബാഹ്യമായി എന്തൊക്കെ മാറ്റിവച്ചു എന്നുള്ളതിലല്ല, മറിച്ച് ബാഹ്യമായവയെ ആന്തരികചൈതന്യത്തില്‍ ഉപയോഗിക്കുന്നു എന്നുള്ളതിലാണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.