സ്വാഭാവിക റബറിന്റെ ഉപയോഗം വ്യാപിപ്പിക്കണം: മാധവന്‍ നായര്‍
സ്വാഭാവിക റബറിന്റെ ഉപയോഗം വ്യാപിപ്പിക്കണം: മാധവന്‍ നായര്‍
Thursday, March 5, 2015 12:29 AM IST
കൊച്ചി: പരിസ്ഥിതി സംരക്ഷണത്തിനു സ്വാഭാവിക റബറിന്റെ ഉപയോഗം വ്യാപകമാക്കണമെന്നു ഐഎസ്ആര്‍ഒ മുന്‍ ചെയര്‍മാനും സെന്റര്‍ ഫോര്‍ മാനേജ്മെന്റ് ഡെവലപ്മെന്റ് ചെയര്‍മാനുമായ ജി. മാധവന്‍ നായര്‍. സിന്തറ്റിക് റബറിനെ അപേക്ഷിച്ചു പ്രകൃതിദത്ത റബര്‍ പരിസ്ഥിത സൌഹാര്‍ദമാണെന്നും അദ്ദേഹം പറഞ്ഞു. കൊച്ചി ലേ മെറിഡിയന്‍ കണ്‍വന്‍ഷന്‍ സെന്ററില്‍ ഇന്ത്യ റബര്‍ മീറ്റ് 2015 ഉദ്ഘാടനംചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

അന്തരീക്ഷത്തില്‍ ക്രമാനുഗതമായി വര്‍ധിക്കുന്ന കാര്‍ബണ്‍ഡൈ ഓക്സൈഡിന്റെ അളവ് കുറയ്ക്കാന്‍ പ്രകൃതിദത്ത റബറിലൂടെ സാധിക്കും. പ്രകൃതിദത്ത റബറിന്റെ പ്രാധാന്യത്തെക്കുറിച്ചു സമൂഹത്തെ ബോധ്യപ്പെടുത്താനായാല്‍ പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുന്ന റബര്‍ കര്‍ഷകര്‍ക്കു അതു വലിയൊരു പ്രതീക്ഷയ്ക്കു വക നല്‍കും. കൂടുതല്‍ റബര്‍ ഉത്പാദനം ഇവിടെയുണ്ടാകും. അങ്ങനെ ഇന്ത്യന്‍ റബര്‍ മേഖല ആഗോളതലത്തില്‍ മത്സരക്ഷമത നേടുമെന്നും അദ്ദേഹം പറഞ്ഞു.

റബര്‍ കൃഷിയുടെ കാര്യത്തില്‍ നമ്മുടെ കര്‍ഷകരുടെ മനോഭവത്തില്‍ മാറ്റങ്ങള്‍ ഉണ്ടാകേണ്ടതുണ്ട്. കൃഷിക്ക് അനുയോജ്യമായ സ്ഥലം കണ്െടത്തുന്നതിനും രോഗ, കീടബാധകള്‍ തിരിച്ചറിയുന്നതിനും പ്രത്യേകം ശ്രദ്ധ നല്‍കണം. മണ്ണ്, ഭൂപ്രദേശം, കാലാവസ്ഥ എന്നിവ നോക്കിവേണം റബര്‍കൃഷി ചെയ്യാന്‍. ഇത്തരം കാര്യങ്ങള്‍ക്കു സ്പെയ്സ് ടെക്നോളജിയോ സാറ്റ്ലൈറ്റ് മാപ്പിംഗ് പോലുള്ള നൂതന സങ്കേതങ്ങളോ പ്രയോജനപ്പെടുത്താം. റബര്‍കാര്‍ഷിക മേഖലയില്‍ കൂടുതല്‍ യന്ത്രവത്കൃത സംവിധാനങ്ങള്‍ കൊണ്ടുവരണം. അതു കര്‍ഷകര്‍ക്കും തൊഴിലാളികള്‍ക്കും ഏറെ ഗുണകരമാകും. കൂടുതല്‍ മൂല്യവര്‍ധിത ഉത്പനങ്ങള്‍ റബര്‍ മേഖലയില്‍നിന്നു ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.


റബര്‍ ബോര്‍ഡ് പ്രസിദ്ധീകരണമായ റബര്‍ പ്രൊഡ്യൂസേഴ്സ് സൊസൈറ്റി-റ്റ്വന്റിഫൈവ് ഇയേഴ്സ് ഇന്‍ റിട്രോസ്പെക്ട്’എന്ന പുസ്തകത്തിന്റെ പ്രകാശനവും അദ്ദേഹം നിര്‍വഹിച്ചു. മലേഷ്യന്‍ റബര്‍ ബോര്‍ഡ് ഡയറക്ടര്‍-ജനറല്‍ ഡോ. സാല്‍മിയ അഹമ്മദ് ആദ്യപ്രതി ഏറ്റുവാങ്ങി. റബര്‍ ബോര്‍ഡ് ചെയര്‍മാന്‍ ഡോ.എന്‍. ജയതിലക്, ഓര്‍ഗനൈസിംഗ് കമ്മിറ്റി വൈസ് ചെയര്‍മാന്‍ വിനോദ് സൈമണ്‍ എന്നിവര്‍ പ്രസംഗിച്ചു. പരിമിതവിഭവങ്ങള്‍-അനന്തസാധ്യതകള്‍ എന്നതാണു സമ്മേളനത്തിന്റെ വിഷയം. റബര്‍ മേഖലയുമായി ബന്ധപ്പെട്ട സാങ്കേതിക, വാണിജ്യ വിഷയങ്ങള്‍, റബറിന്റെ ഭാവി, സാങ്കേതിക വിഷയങ്ങള്‍, പുതിയ കണ്ടുപിടുത്തങ്ങള്‍ തുടങ്ങിയവയെ ആസ്പദമാക്കി വേള്‍ഡ് ബാങ്ക് സീനിയര്‍ എക്കണോമിസ്റ് ജോണ്‍ ബാഫസ്, ജനീവ അണ്‍ക്ടാഡ് കണ്‍സള്‍ട്ടന്റ് ഫ്രാങ്ക് ഗ്രോത്താസ്, ടാറ്റാ സ്ട്രാറ്റജിക് മാനേജ്മെന്റ് ഗ്രൂപ്പ് പ്രിന്‍സിപ്പല്‍ ചാരു കപൂര്‍ എന്നിവര്‍ പ്രഭാഷണം നടത്തി.

തുടര്‍ന്നു നടന്ന പാനല്‍ ചര്‍ച്ചയില്‍ റബര്‍ ബോര്‍ഡ് ചെയര്‍മാന്‍ ഡോ.എ. ജയതിലക് അധ്യക്ഷത വഹിച്ചു. മലേഷ്യ അസോസിയേഷന്‍ ഓഫ് നാച്ചുറല്‍ റബര്‍ പ്രൊഡ്യൂസിംഗ് കണ്‍ട്രീസ് സെക്രട്ടറി ജനറല്‍ ഷീല തോമസ്, സിംഗപ്പൂര്‍ ഇന്റര്‍നാഷണല്‍ റബര്‍ സ്റഡി ഗ്രൂപ്പ് ജനറല്‍ സെക്രട്ടറി ഡോ.സ്റീഫന്‍ വി. ഇവാന്‍സ്, മലേഷ്യ ഇന്റര്‍നാഷണല്‍ റബര്‍ റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റ് ബോര്‍ഡ് സെക്രട്ടറി ജനറല്‍ ഡോ.അബ്ദുള്‍ അസീസ്, ഗ്വാട്ടിമാല ഗ്രൂപ്പോ അഗ്രോ ഇന്‍ഡസ്ട്രിയല്‍ ഡി ഓക്സിഡന്റ് മാനേജര്‍ ഗുന്തര്‍ ലോട്ട്മാന്‍ എന്നിവര്‍ പാനല്‍ ചര്‍ച്ചകളില്‍ പങ്കെടുത്തു. സമ്മേളനം ഇന്നു സമാപിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.