ഇടതുപക്ഷം ചേര്‍ന്നു സഞ്ചരിച്ച സാമൂഹ്യചിന്തകന്‍
ഇടതുപക്ഷം ചേര്‍ന്നു സഞ്ചരിച്ച സാമൂഹ്യചിന്തകന്‍
Thursday, March 5, 2015 12:29 AM IST
തിരുവനന്തപുരം: രാജ്യാന്തര വിഷയങ്ങളിലും മനുഷ്യാവകാശ പ്രശ്നങ്ങളിലും ഇടതുചിന്തയുടെ സൌമ്യശബ്ദമായിരുന്നു പ്രഫ.നൈനാന്‍ കോശി.

അധ്യാപകനായും സഭകളുടെ ലോക കൌണ്‍സിലിന്റെ നേതൃതലത്തിലും പ്രവര്‍ത്തിച്ച പാരമ്പര്യമുള്ള നൈനാന്‍ കോശി തെരഞ്ഞെടുപ്പു രംഗത്തു കൂടിയാണ് ഇടതുപക്ഷ സഹചാരിയായി കേരളത്തില്‍ പൊതുരംഗത്തു പ്രത്യക്ഷപ്പെട്ടത്.

1998ല്‍ കോണ്‍ഗ്രസിലെ പ്രമുഖനായ പ്രഫ. പി.ജെ. കുര്യനെതിരേ നൈനാന്‍ കോശിയെ ഇടതുസ്വതന്ത്രനായി ഇടതുമുന്നണി രംഗത്തിറക്കിയത് സഭാപ്രവര്‍ത്തനത്തിലെ ചരിത്രം കൂടി പരിഗണിച്ചായിരുന്നു. കടുത്ത മത്സരത്തിനൊടുവില്‍ വെറും 1261 വോട്ടിനാണു പി.ജെ. കുര്യന്‍ അത്തവണ കടന്നു കൂടിയത്. ഒരു വര്‍ഷത്തിനു ശേഷം വീണ്ടും തെരഞ്ഞെടുപ്പു വന്നപ്പോള്‍ നൈനാന്‍ കോശി ഒരിക്കല്‍ കൂടി ഇടതുസ്വതന്ത്രനായി രംഗത്തു വന്നു. ഇക്കുറി രമേശ് ചെന്നിത്തലയായിരുന്നു എതിരാളി. എന്നാല്‍, 33,443 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ രമേശ് ജയിച്ചുകയറി. പാര്‍ലമെന്ററി രാഷ്ട്രീയത്തില്‍ പിന്നീടൊരിക്കലും നൈനാന്‍ കോശി പരീക്ഷണത്തിനു മുതിര്‍ന്നില്ല. എന്നാല്‍, ഇടതുചിന്തകനായും വിദേശകാര്യങ്ങളിലെ വിദഗ്ധനെന്ന നിലയിലും കേരളത്തിലെ സാമൂഹ്യ- സാംസ്കാരിക രംഗങ്ങളില്‍ അദ്ദേഹം നിറസാന്നിധ്യമായിരുന്നു.

ലോകത്തെമ്പാടുമുള്ള മനുഷ്യാവകാശ പ്രശ്നങ്ങളില്‍ നൈനാന്‍ കോശി നിലപാടു വ്യക്തമാക്കിയിരുന്നു. അടിച്ചമര്‍ത്തപ്പെട്ടവരുടെ പക്ഷത്തായിരുന്നു അദ്ദേഹത്തിന്റെ നില്‍പ്. അവരുടെ വേദനകള്‍ സാധാരണക്കാര്‍ക്കു മനസിലാകുന്ന ഭാഷയില്‍ അവതരിപ്പിക്കാനും അദ്ദേഹം പ്രത്യേക വൈഭവം പ്രകടിപ്പിച്ചിരുന്നു. ലേഖനങ്ങളിലൂടെയും പുസ്തകങ്ങളിലൂടെയും ടെലിവിഷന്‍ ചാനലുകളിലെ ചര്‍ച്ചകളിലൂടെയും നൈനാന്‍ കോശി ലോകകാര്യങ്ങളില്‍ ഇടതുനിലപാടിലൂന്നിയുള്ള സ്വന്തം അഭിപ്രായങ്ങള്‍ പ്രകടിപ്പിച്ചു കൊണ്ടിരുന്നു.


ലോകമെമ്പാടുള്ള വിമോചന സമരങ്ങളോട് അനുഭാവം പ്രകടിപ്പിച്ചിരുന്ന നൈനാന്‍ കോശി ഈ പ്രവര്‍ത്തനങ്ങള്‍ വഴി നെല്‍സണ്‍ മണ്ഡേല, കെനിയന്‍ പ്രസിഡന്റ് കെന്നത്ത് കൌണ്ട, പാലസ്തീന്‍ നേതാവ് യാസര്‍ അരാഫത്ത് എന്നിവരുമായി അടുത്ത ബന്ധം സ്ഥാപിക്കാനും ഇദ്ദേഹത്തിനു സാധിച്ചിരുന്നു. നിരവധി ഗ്രന്ഥങ്ങളും ഇദ്ദേഹത്തിന്റേതായി പുറത്തു വന്നിട്ടുണ്ട്. ഇറാക്കിനു മേല്‍, ആണവഭാരതം: വിനാശത്തിന്റെ വഴിയില്‍, ആഗോളവത്കരണത്തിന്റെ യുഗത്തില്‍, ഭീകരവാദത്തിന്റെ പേരില്‍, ശിഥിലീകരിക്കപ്പെട്ട വിദ്യാഭ്യാസം, ഭീകരവാദവും നവലോകക്രമവും, സഭയും രാഷ്ട്രവും തുടങ്ങിയവ ഇവയില്‍ ചിലതു മാത്രം.

സാമൂഹ്യപ്രശ്നങ്ങള്‍, വിദേശകാര്യം, രാഷ്ട്രീയം, ദൈവശാസ്ത്രം തുടങ്ങി കൈവച്ച മേഖലകളിലെല്ലാം ബൌദ്ധിക സംഭാവന നല്‍കാന്‍ പ്രഫ.നൈനാന്‍ കോശിക്കു സാധിച്ചു. വൈവിധ്യമാര്‍ന്ന ഇത്രയധികം രംഗങ്ങളില്‍ ഒരു പോലെ ശോഭിച്ച മലയാളികള്‍ അധികം ഉണ്ടാകില്ല.

അനുശോചിച്ചു

തിരുവനന്തപുരം: വിമോചന ദൈവശാസ്ത്രത്തിന്റെ വക്താവും നയതന്ത്ര വിദഗ്ധനുമായിരുന്ന പ്രഫ.നൈനാന്‍ കോശിയുടെ നിര്യാണത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍, പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍, സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍, എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍, ചീഫ് വിപ്പ് പി.സി. ജോര്‍ജ് തുടങ്ങി ഒട്ടേറെ പ്രമുഖര്‍ അനുശോചിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.