മുഖപ്രസംഗം: നിര്‍ഭയയെ വീണ്ടും അപമാനിക്കരുത്
Friday, March 6, 2015 10:42 PM IST
രാജ്യത്തെ ഇളക്കിമറിച്ച നിര്‍ഭയ കേസിലെ പ്രതിയുടെ അഭിമുഖം ഉള്‍പ്പെടുത്തിയ ബിബിസി ഡോക്യുമെന്ററിയുടെ സംപ്രേഷണം വലിയ വാദപ്രതിവാദങ്ങള്‍ക്കു വഴിതുറന്നിരിക്കുകയാണ്. 2012 ഡിസംബറില്‍ ന്യൂഡല്‍ഹിയില്‍ ബസില്‍ പെണ്‍കുട്ടി ക്രൂരമായി ബലാത്സംഗം ചെയ്യപ്പെടുകയും പിന്നീടു മരിക്കുകയും ചെയ്ത സംഭവവുമായി ബന്ധപ്പെട്ടു ബ്രിട്ടീഷ് സംവിധായിക ലെസ്ലി ഉഡ്വിന്‍ ബിബിസിക്കുവേണ്ടി തയാറാക്കിയ ഡോക്യുമെന്ററിയിലാണു സംഭവത്തിലെ പ്രതിയുടെ അഭിമുഖം ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ഈ ഡോക്യുമെന്ററിയുടെ നിര്‍മാണം മുതലുള്ള പല കാര്യങ്ങളും സൂക്ഷ്മമായി പരിശോധിക്കപ്പെടേണ്ടതുണ്ട്. കേസിലെ പ്രതിയായ മുകേഷ് സിംഗിനെ എപ്രകാരമാണു സംവിധായികയ്ക്ക് അഭിമുഖത്തിനു ലഭ്യമായതെന്നതാണ് ആദ്യം അന്വേഷിക്കേണ്ടത്. തിഹാര്‍ ജയിലിലാണ് അഭിമുഖം നടന്നത്. ഇതിനായി കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെയും തുടര്‍ന്ന് ജയില്‍ അധികൃതരുടെയും അനുമതി ലഭിച്ചിരുന്നതായി സംവിധായിക അവകാശപ്പെടുന്നു. സംഭവം വിവാദവിഷയമായതിനെത്തുടര്‍ന്ന് ഇക്കഴിഞ്ഞ ബുധനാഴ്ച വൈകുന്നരം അവര്‍ ഇന്ത്യ വിട്ടു. അതിനു മുമ്പുതന്നെ ഡോക്യുമെന്ററിക്കു കോടതി പ്രദര്‍ശനവിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.

ഇന്ത്യയെക്കുറിച്ചു മോശമായ അഭിപ്രായം ഉണ്ടാക്കാവുന്ന ഈ ഡോക്യുമെന്ററി സര്‍ക്കാരിന്റെ അഭ്യര്‍ഥന അവഗണിച്ചു സംപ്രേഷണം ചെയ്ത ബിബിസിയുടെ നടപടി യാതാരു തരത്തിലും അംഗീകരിക്കാവുന്നതല്ലെങ്കിലും വിവരസാങ്കേതിക വിപ്ളവത്തിന്റെ ഈ യുഗത്തില്‍ ഇത്തരം നിരോധനങ്ങള്‍ക്കും നോട്ടീസുകള്‍ക്കും എന്തു പ്രസക്തിയാണുള്ളതെന്ന ചോദ്യം ഉയരുന്നുണ്ട്. നിരോധനം നടപ്പാക്കാന്‍ യുക്തമായ മറ്റു മാര്‍ഗങ്ങള്‍ തേടേണ്ടതുമുണ്ട്. അവിടെയാണു നമ്മുടെ ഭരണസംവിധാനത്തിന്റെ കാര്യക്ഷമതയും പ്രായോഗികതയും പരീക്ഷിക്കപ്പെടുന്നത്. ഡോക്യുമെന്ററി ഓണ്‍ലൈനിലൂടെ ഇന്ത്യയിലെത്തുന്നതു തടയാന്‍ നടപടിയെടുക്കണമെന്ന് ആഭ്യന്തരമന്ത്രാലയം ഐടി മന്ത്രാലയത്തോട് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യന്‍ കംപ്യൂട്ടര്‍ എമര്‍ജന്‍സി റെസ്പോണ്‍സ് ടീം ചില നടപടികള്‍ സ്വീകരിക്കുകയും ചെയ്തിരുന്നു. യുട്യൂബും മറ്റും സര്‍ക്കാരിന്റെ അഭ്യര്‍ഥന സ്വീകരിച്ചെങ്കിലും ഉദ്ദേശിച്ച നിരോധനം നടപ്പായില്ല.

കോടതിയുടെ നിരോധന ഉത്തരവും സര്‍ക്കാരിന്റെ നോട്ടീസുമൊക്കെ നോക്കുകുത്തിയാക്കിക്കൊണ്ടു ഡോക്യുമെന്ററി 'ഇന്ത്യയുടെ മകള്‍' വ്യാഴാഴ്ച രാവിലെ മുതല്‍ യുട്യൂബില്‍ ലഭ്യമായി. പിന്നീട് അത് എടുത്തുമാറ്റിയപ്പോഴേക്കും ലക്ഷങ്ങളുടെ പക്കല്‍ ചിത്രം എത്തി. ബുധനാഴ്ച രാത്രി ബിബിസി ബ്രിട്ടനില്‍ മാത്രമാണിതു സംപ്രേഷണം ചെയ്തത്. ഇത് ഓണ്‍ലൈനിലൂടെ ഇന്ത്യയിലും ലോകത്തിന്റെ നാനാഭാഗത്തും എത്തുകയായിരുന്നു. ന്യൂഡല്‍ഹിയില്‍ പെണ്‍കുട്ടി ക്രൂരമായി ആക്രമിക്കപ്പെടുകയും ബലാത്സംഗം ചെയ്യപ്പെടുകയും ചെയ്ത സംഭവം രാജ്യത്ത് സ്ത്രീകള്‍ നേരിടുന്ന അരക്ഷിതാവസ്ഥയുടെ രൂക്ഷത വെളിപ്പെടുത്തുന്നതായിരുന്നു. പെണ്‍കുട്ടിയും കുടുംബവും കൂടുതല്‍ അപമാനിക്കപ്പെടാതിരിക്കുന്നതിനു നിര്‍ഭയയെന്ന പേരിലാണ് ഈ പെണ്‍കുട്ടി സമൂഹത്തില്‍ അറിയപ്പെട്ടിരുന്നത്.


നിര്‍ഭയ സംഭവത്തിലെ പ്രതിക്കു സ്വയം ന്യായീകരിക്കാനുള്ള വേദി ഒരുക്കിക്കൊടുക്കുകയാണ് അഭിമുഖം അനുവദിച്ചതിലൂടെ ജയില്‍ അധികൃതര്‍ ചെയ്തത്. വിദേശ മാധ്യമപ്രവര്‍ത്തകര്‍ക്കു മുന്നില്‍ ഇന്ത്യന്‍ അധികൃതര്‍ വിധേയരായി മാറുകയായിരുന്നോ? വലിയ വിവാദം സൃഷ്ടിച്ചൊരു കേസിലെ പ്രതിയെ അയാള്‍ക്കു വായില്‍ത്തോന്നുന്നതെല്ലാം വിളിച്ചുപറയാനും അതു ലോകത്തിനു മുന്നില്‍ പ്രദര്‍ശിപ്പിക്കാനുമുള്ള അവസരം സൃഷ്ടിച്ചുകൊടുത്തു തിഹാര്‍ ജയിലധികൃതര്‍. ഇന്ത്യന്‍ മാധ്യമങ്ങള്‍ക്കാണെങ്കില്‍ ഈ അവസരം ലഭിക്കുമായിരുന്നോ എന്ന ചോദ്യം പ്രസക്തമാണ്.

അഭിമുഖത്തില്‍ പ്രതി മുകേഷ് സിംഗ് നടത്തിയ ചില പരാമര്‍ശങ്ങള്‍ സ്ത്രീസമൂഹത്തിന് അപമാനകരവും ഡല്‍ഹി പെണ്‍കുട്ടിയെ തേജോവധം ചെയ്യുന്നതുമാണ്. മാന്യതയുള്ള ഒരു പെണ്‍കുട്ടി രാത്രി ഒമ്പതു മണിക്ക് ചുറ്റിത്തിരിയില്ല എന്ന പ്രതിയുടെ വാക്കുകള്‍ ഇന്നലെ ഡോക്യുമെന്ററിയുടെ യൂട്യൂബ് പതിപ്പില്‍ പ്രത്യേകം എടുത്തുകാട്ടിയിരുന്നു. ഇത്തരമൊരു അഭിപ്രായപ്രകടനം തീര്‍ച്ചയായും പുരുഷാധിപത്യപരമായ ഒരു സാമൂഹിക വീക്ഷണത്തിന്റെ ബഹിര്‍സ്ഫുരണമാണ്.

ഒരു പെണ്‍കുട്ടിയെ സംഘം ചേര്‍ന്നു ക്രൂരമായി ആക്രമിച്ച നരാധമസംഘത്തിലെ ഒരാള്‍ ജയിലില്‍ വച്ചും ഇത്തരമൊരു പ്രതികരണമാണു നടത്തുന്നതെങ്കില്‍ അയാളുടെ മാനസികനില എപ്രകാരമുള്ളതാണെന്നു വ്യക്തം. ആ അഭിപ്രായപ്രകടനം ഇന്ത്യയിലെ പുരുഷവര്‍ഗത്തിനു മുഴുവന്‍ അപമാനകരമാണ്. മാത്രമല്ല, ഇന്ത്യയിലെ ലൈംഗിക അരാജകത്വത്തിന്റെയും പുരുഷന്‍മാര്‍ സ്ത്രീകളോടു കാട്ടുന്ന ആധിപത്യ മനോഭാവത്തിന്റെയും പ്രതിഫലനവും പ്രതീകവുമായി ഇതു ചിത്രീകരിക്കപ്പെടാം.

ഇത്തരം കാര്യങ്ങള്‍ എടുത്തുകാട്ടി ഇന്ത്യന്‍ സമൂഹത്തെ അധിക്ഷേപിക്കാന്‍ കിട്ടുന്ന അവസരങ്ങള്‍ പാശ്ചാത്യ മാധ്യമപ്രവര്‍ത്തകരും സിനിമാക്കാരുമൊന്നും ഒരിക്കലും നഷ്ടപ്പെടുത്തിയിട്ടില്ല. ഇന്ത്യയിലെ പട്ടിണിയുടെയും ചില അപരിഷ്കൃത ആചാരങ്ങളുടെയുമൊക്കെ ചിത്രങ്ങള്‍ വരച്ചുകാട്ടി പ്രശസ്തി നേടിയ എഴുത്തുകാരും കലാകാരന്മാരുമുണ്ട്. രാജ്യം നേടിയ വളര്‍ച്ചയുടെയും സാംസ്കാരിക പുരോഗതിയുടെയും ചിത്രങ്ങള്‍ ഇവര്‍ പലപ്പോഴും തമസ്കരിക്കുകയും ചെയ്യുന്നു.

പാശ്ചാത്യമാധ്യമങ്ങളും എഴുത്തുകാരുമൊക്കെ നടത്തുന്ന ഇത്തരം വിമര്‍ശനങ്ങളെയും അധിക്ഷേപങ്ങളെയും നിരോധനംകൊണ്േടാ നിയമനടപടികള്‍കൊണ്േടാ തടയാമെന്നു കരുതുന്നതു വിഡ്ഢിത്തമാണ്. നിര്‍ഭയ കേസിലെ പ്രതിഭാഗം അഭിഭാഷകര്‍പോലും നിര്‍ഭയയ്ക്ക് അപകീര്‍ത്തികരമായ ചില പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു. ഇത്തരം കാര്യങ്ങള്‍ ആവര്‍ത്തിക്കപ്പെട്ടുകൂടാ. അവ തടയുന്നതിനുള്ള കാലോചിതമായ മാര്‍ഗങ്ങള്‍ സ്വീകരിക്കേണ്ടിയിരിക്കുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.