കണ്ണിലെ ഇരുട്ടിനെ പ്രതിരോധിക്കാം; ഇനി സ്മാര്‍ട്ടായി
കണ്ണിലെ ഇരുട്ടിനെ പ്രതിരോധിക്കാം;  ഇനി സ്മാര്‍ട്ടായി
Friday, March 6, 2015 12:11 AM IST
സ്വന്തം ലേഖകന്‍

കൊച്ചി: കണ്ണിലെ ഇരുട്ടിനെ പ്രതിരോധിക്കാന്‍ വഴിയോരത്തുകൂടി വൈറ്റ് കെയിന്‍ പിടിച്ചു നീങ്ങിയവരും ഇനി സ്മാര്‍ട്ടാകും. മൂന്നു മീറ്റര്‍ വരെ ദൂരത്തുള്ള തടസങ്ങളും വൈറ്റ് കെയിനിലെ കമ്പനത്തിലൂടെ അറിയാനാകുന്ന സമാര്‍ട്ട് കെയിന്‍ കേരളത്തിലുമെത്തി.

കാഴ്ചവൈകല്യമുള്ളവര്‍ക്കു യാത്ര സുഗമമാക്കുന്ന സമാര്‍ട്ട് കെയിന്‍ പരിശീലനം എറണാകുളം ചാവറ കള്‍ച്ചറല്‍ സെന്ററില്‍ തുടങ്ങി. ഡല്‍ഹി ഐഐടി വികസിപ്പിച്ചെടുത്ത സ്മാര്‍ട്ട് കെയിനിന്റെ സവിശേഷത മൂന്നു മീറ്റര്‍ വരെ ദൂരത്തില്‍ കാല്‍മുട്ടിനു മുകളില്‍ ഉയരമുള്ള ഏതു വസ്തുവിനെയും തിരിച്ചറിയാന്‍ കഴിയും എന്നതാണ്. അള്‍ട്രാസോണിക് സെന്‍സര്‍ ഘടിപ്പിച്ച സ്മാര്‍ട്ട് കെയിന്‍ ഉപയോഗിക്കുന്നവര്‍ക്കു ഭയമില്ലാതെ സഞ്ചരിക്കാന്‍ കഴിയും.

കാഴ്ചവൈകല്യമുള്ളവര്‍ സ്മാര്‍ട്ട് കെയിന്‍ ഉപയോഗിക്കുമ്പോള്‍ മുമ്പില്‍ ഉണ്ടാകുന്ന തടസങ്ങള്‍ കൈയില്‍ അനുഭവപ്പെടുന്ന കമ്പനത്തിന്റെ ശക്തികൊണ്ടു തിരിച്ചറിഞ്ഞ് ഇടത്തേക്കോ വലത്തേക്കോ സഞ്ചരിക്കാനാവും. മൊബൈല്‍ ചാര്‍ജര്‍ ഉപയോഗിച്ചു ചാര്‍ജ് ചെയ്യാവുന്ന ഉപകരണത്തില്‍ ഏഴു ദിവസം മുതല്‍ 10 ദിവസം വരെ ചാര്‍ജ് നില്‍ക്കും.

ഡല്‍ഹി ഐഐടിയിലെ ഗവേഷകനും പരിശീലകനുമായ പീയൂഷ് ചെനാനയുടെ നേതൃത്വത്തിലാണു പരിശീലന പരിപാടി നടത്തുന്നത്. 2014 ഡിസംബര്‍ മുതല്‍ ചാവറ കള്‍ച്ചറല്‍ സെന്റര്‍, സൊസൈറ്റി ഫോര്‍ റിഹാബിലിറ്റേഷന്‍ ഓഫ് ദി വിഷ്വലി ചലഞ്ച്ഡ് (എസ്ആര്‍വിസി) എന്നിവ സംയുക്തമായി കാഴ്ചവൈകല്യമുള്ളവര്‍ക്കായി ആരംഭിച്ച തൊഴിലധിഷ്ഠിത ഇംഗ്ളീഷ്-കംപ്യൂട്ടര്‍ പരിശീലനത്തിന്റെ തുടര്‍ച്ചയായാണു പദ്ധതി നടപ്പാക്കുന്നത്. കാഴ്ചവൈകല്യമുള്ള ബിരുദധാരികള്‍ക്കു തുടര്‍പരിശീലനവും ജോലിയും ലഭ്യമാക്കുന്ന പദ്ധതിയുടെ തുടര്‍ച്ചയായി കേരളത്തില്‍ കാഴ്ചവൈകല്യമുള്ള എല്ലാവര്‍ക്കും സ്മാര്‍ട്ട് കെയിന്‍ കൈമാറാനുള്ള ശ്രമമാണു നടത്തുന്നത്. സുമനസുകള്‍ക്കും കോര്‍പറേറ്റ് ഏജന്‍സികള്‍ക്കും ഈ പദ്ധതിയില്‍ പങ്കുചേരാനാവുമെന്നു ചാവറ കള്‍ച്ചറല്‍ സെന്റര്‍ ഡയറക്ടര്‍ ഫാ. റോബി കണ്ണന്‍ചിറ അറിയിച്ചു.


എസ്ആര്‍വിസി ഡയറക്ടര്‍മാരായ എം.സി. റോയി, പി. സുനില്‍, ചാവറ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് വിഷ്വലി ചലഞ്ച്ഡ് കോ-ഓര്‍ഡിനേറ്റര്‍മാരായ ലെനാര്‍ഡ് ജെ. ഏബ്രഹാം, ജിജോ പാലത്തിങ്കല്‍, പി. വിനയചന്ദ്രന്‍, ഗിരീഷ് എന്നിവര്‍ നേതൃത്വം നല്‍കി. സ്മാര്‍ട്ട് കെയിന്‍ വിതരണത്തിന്റെ ചാനല്‍ പാര്‍ട്ണര്‍മാര്‍ എസ്ആര്‍വിസിയാണ്. പദ്ധതിയുമായി സഹകരിക്കാന്‍ താത്പര്യമുള്ളവര്‍ 9847800688, 9496497219 എന്നീ നമ്പറുകളില്‍ വിളിക്കണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.