തലസ്ഥാനം യാഗശാലയായി; ഭക്തലക്ഷങ്ങള്‍ പൊങ്കാലയിട്ടു
തലസ്ഥാനം യാഗശാലയായി; ഭക്തലക്ഷങ്ങള്‍ പൊങ്കാലയിട്ടു
Friday, March 6, 2015 12:29 AM IST
തിരുവനന്തപുരം: ആറ്റുകാല്‍ ഭഗവതിക്കു ഭക്തലക്ഷങ്ങള്‍ പൊങ്കാലയിട്ടു. ക്ഷേത്രത്തില്‍നിന്നു പത്തു കിലോമീറ്റര്‍ ചുറ്റളവിലുള്ള പ്രദേശത്തു പൊങ്കാലക്കലങ്ങള്‍ നിരന്നു. ക്ഷേത്രത്തിനു മുന്നിലെ പണ്ടാരയടുപ്പില്‍ രാവിലെ പത്തേകാലിനു തീപകര്‍ന്നതോടെ കതിനാവെടികള്‍ ഉയര്‍ന്നു.

ശ്രീകോവിലില്‍ നിന്ന് തന്ത്രി ചേന്നാസ് ദിനേശന്‍ നമ്പൂതിരി പകര്‍ന്നുകൊണ്ടുവന്ന ദീപം മേല്‍ശാന്തിക്കു കൈമാറി. മേല്‍ശാന്തി കണ്ണന്‍ പോറ്റി ക്ഷേത്ര തിടപ്പള്ളിയിലെ പൊങ്കാല അടുപ്പില്‍ തീതെളിച്ചശേഷം ദീപം സഹശാന്തിമാര്‍ക്കു കൈമാറി. സഹമേല്‍ശാന്തി ക്ഷേത്രത്തിനു മുന്‍വശത്തെ പണ്ടാര അടുപ്പിലേക്കു തീപകര്‍ന്നു.

ഉച്ചകഴിഞ്ഞു മൂന്നേകാലിനു പൂജാരിമാരെത്തി തീര്‍ഥം തളിച്ചു. തുടര്‍ന്നു നിവേദിച്ച പൊങ്കാലക്കലങ്ങളുമായി ഭക്തര്‍ വീടുകളിലേക്കു യാത്ര തുടങ്ങി. നിവേദിക്കല്‍ സമയത്ത് ആകാശത്തുനിന്നു വിമാനത്തില്‍ പുഷ്പവൃഷ്ടി നടത്തി.

ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല, മന്ത്രി വി.എസ്. ശിവകുമാര്‍, ശശിതരൂര്‍ എംപി, കെ. മുരളീധരന്‍ എംഎല്‍എ, മേയര്‍ കെ. ചന്ദ്രിക, ഡെപ്യൂട്ടി മേയര്‍ ഹാപ്പികുമാര്‍ തുടങ്ങിയവര്‍ പൊങ്കാല അടുപ്പില്‍ തീപകരുന്ന സമയത്തു സന്നിഹിതരായിരുന്നു.


അതേസമയം, കോണ്‍ഗ്രസ് നേതാവും മുന്‍ പ്രതിരോധമന്ത്രിയുമായ എ.കെ. ആന്റണിയുടെ ഭാര്യ എലിസബത്ത് ആന്റണി കന്നിപൊങ്കാലയ്ക്കെത്തിയത് കൌതുകമായി. കോട്ടണ്‍ഹില്‍ സ്കൂളിനടുത്ത് അവരുടെ വീടിനു മുന്നിലാണു പൊങ്കാലയിട്ടത്. രോഗികള്‍ക്കു സാന്ത്വനത്തിനായാണു പൊങ്കാലയിട്ടതെന്ന് അവര്‍ പറഞ്ഞു. ചലച്ചിത്ര-സീരിയല്‍താരം ചിപ്പി പതിവുപോലെ ക്ഷേത്രത്തിനു സമീപ സ്ഥലത്തു പൊങ്കാലയിട്ടു. മറ്റു സിനിമ സീരിയല്‍ താരങ്ങളായ ആനി, കാര്‍ത്തിക, വിജയകുമാരി, ഉഷ, അപര്‍ണാ നായര്‍ തുടങ്ങിയവരും പൊങ്കാലയിട്ടു. ക്ഷേത്രത്തിനു മുന്‍ഭാഗത്താണു ഗവര്‍ണര്‍ പി.സദാശിവത്തിന്റെ ഭാര്യ സരസ്വതി സദാശിവം പൊങ്കാലയിട്ടത്. മന്ത്രി വി.എസ്.ശിവകുമാറിന്റെ ഭാര്യ സിന്ധു, ബിജെപി ദേശീയ സമിതിയംഗം ശോഭാ സുരേന്ദ്രന്‍ എന്നിവരും പൊങ്കാലയിട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.