കെപിസിസി അംഗങ്ങളെ ഡിസിസി ജനറല്‍ ബോഡിയില്‍നിന്നു തെരഞ്ഞെടുക്കണമെന്നു നിര്‍ദേശം
Friday, March 6, 2015 12:02 AM IST
സ്വന്തം ലേഖകന്‍

തിരുവനന്തപുരം: കെപിസിസി അംഗങ്ങളെ ഡിസിസി ജനറല്‍ ബോഡിയില്‍നിന്നു തെരഞ്ഞെടുക്കണമെന്ന നിര്‍ദേശം സര്‍ക്കാര്‍- കോണ്‍ഗ്രസ് പാര്‍ട്ടി ഏകോപനസമിതി യോഗം അംഗീകരിച്ചു കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനു സമര്‍പ്പിക്കും. കോണ്‍ഗ്രസ് പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതിനും സംഘടനാ സംവിധാനം കൂടുതല്‍ ഫലപ്രദമാക്കുന്നതിനുമായി കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനു സമര്‍പ്പിക്കുന്ന നിര്‍ദേശങ്ങളിലാണു പാര്‍ട്ടിയുടെ സംസ്ഥാന ഘടകത്തിലെ അംഗങ്ങളെ തെരഞ്ഞെടുക്കുന്നതിനുള്ള നിര്‍ദേശം ഉള്‍ക്കൊള്ളിച്ചത്.

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണു കെപിസിസി അംഗങ്ങളെ ജില്ലാ കമ്മിറ്റിയില്‍നിന്നു തെരഞ്ഞെടുക്കണമെന്ന നിര്‍ദേശം മുന്നോട്ടു വച്ചത്. ഇതടക്കമുള്ള നിര്‍ദേശങ്ങള്‍ ഏകോപന സമിതി അംഗീകരിക്കുകയും എഐസിസി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്നിക്കിനു കൈമാറുകയും ചെയ്തു. നിലവില്‍ ബ്ളോക്ക് സമിതിയില്‍നിന്നാണു കെപിസിസി അംഗങ്ങളെ തെരഞ്ഞെടുത്തിരുന്നത്.

എഫക്ടീവ് അംഗത്വത്തിന്റെ അടിസ്ഥാനത്തില്‍ മാത്രം പാര്‍ട്ടി സംഘടനാ തെരഞ്ഞെടുപ്പു നടത്തണമെന്ന നിര്‍ദേശവും ഉയര്‍ന്നിട്ടുണ്ട്. കോണ്‍ഗ്രസ് പാര്‍ട്ടിയെ സെമി കേഡര്‍ സ്വഭാവമുള്ള പാര്‍ട്ടിയാക്കി മാറ്റണമെന്നാണു മറ്റൊരു നിര്‍ദേശം.


പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതിനായി ജില്ലകള്‍ തോറും എഐസിസി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്നിക്കിന്റെ നേതൃത്വത്തില്‍ ആശയവിനിമയം നടത്തിയിരുന്നു. ഈ നിര്‍ദേശങ്ങള്‍ കേന്ദ്രീകരിച്ചു നടത്തിയ ചര്‍ച്ചയില്‍ ഉയര്‍ന്നുവന്ന അഭിപ്രായങ്ങള്‍ ക്രോഡീകരിച്ചു തയാറാക്കിയ കരടു റിപ്പോര്‍ട്ട് പാര്‍ട്ടി- സര്‍ക്കാര്‍ ഏകോപനസമിതി ചര്‍ച്ച ചെയ്തതായി കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍ അറിയിച്ചു.

ഭരണപരവും സംഘടനാപരവുമായ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് ഏകോപനസമിതി മാര്‍ച്ച് 12നു വൈകുന്നേരം 6.30ന് വീണ്ടും യോഗം ചേരും. മന്ത്രിമാരുടെയും കെപിസിസി ഭാരവാഹികളുടെയും സംയുക്ത യോഗം മാര്‍ച്ച് 16നു വൈകുന്നേരം ഏഴിനു കെപിസിസി. ഓഫീസില്‍ ചേരുമെന്നും സുധീരന്‍ അറിയിച്ചു.

കെപിസിസി പ്രസിഡന്റിനെയും മുഖ്യമന്ത്രിയെയും കൂടാതെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല, കെ. മുരളീധരന്‍ എംഎല്‍എ, വി.ഡി. സതീശന്‍ എംഎല്‍എ, കൊടിക്കുന്നില്‍ സുരേഷ് എംപി, കെ.സി. വേണുഗോപാല്‍ എംപി, സി.വി. പദ്മരാജന്‍, തെന്നല ബാലകൃഷ്ണപിള്ള, കെ.എം.ഐ. മേത്തര്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.