തിരുനെല്ലൂര്‍ ഷിഹാബ് വധം: മൂന്ന് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അറസ്റില്‍
തിരുനെല്ലൂര്‍ ഷിഹാബ് വധം: മൂന്ന് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അറസ്റില്‍
Friday, March 6, 2015 12:03 AM IST
പാവറട്ടി: സിപിഎം നേതാവായിരുന്ന തിരുനെല്ലൂര്‍ മതിലകത്ത് ഷിഹാബി(38)ന്റെ കൊലപാതകവുമായി ബന്ധപ്പെട്ടു മൂന്ന് ആര്‍എസ്എസ് പ്രവര്‍ത്തകരെ പോലീസ് അറസ്റ് ചെയ്തു.

പെരിങ്ങാട് ആര്‍എസ്എസ് ശാഖ മുഖ്യശിക്ഷക് പൂവത്തൂര്‍ അയ്യപ്പന്‍കാവിനു സമീപം താമസിക്കുന്ന പാത്തോളി വേലായുധന്‍ മകന്‍ നവീന്‍ (22), ചുക്കുബസാര്‍ സ്വദേശി കോന്തച്ചന്‍ വീട്ടില്‍ കുട്ടപ്പന്‍ മകന്‍ രാഹുല്‍ (24), മുല്ലശേരി മണ്ഡലം ശാരീരിക് ശിക്ഷണ്‍ പ്രമുഖായിരുന്ന ചുക്കുബസാര്‍ മൂക്കോലവീട്ടില്‍ വിനോദ് മകന്‍ വൈശാഖ് (28) എന്നിവരെയാണു ഗുരുവായൂര്‍ അസിസ്റന്റ് പോലീസ് കമ്മീഷണര്‍ ആര്‍.കെ. ജയചന്ദ്രന്‍പിള്ള, ഗുരുവായൂര്‍ സിഐ കെ. സുദര്‍ശന്‍, പാവറട്ടി എസ്ഐ പി.പി. ജോയി എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ് ചെയ്തത്. ഈ സംഭവത്തില്‍ ചുക്കുബസാര്‍ സ്വദേശികളായ പ്രമോദ് (29), കണ്ണനെന്ന സുബിന്‍ എന്നിവരെക്കൂടി പിടികൂടാനുണ്ട്.

ഞായറാഴ്ച രാത്രി ഏഴരയോടെയാണു ചുക്കുബസാറിലെ ഹോട്ടലില്‍നിന്നു വീട്ടിലേക്കു ഭക്ഷണവുമായി ബൈക്കില്‍ കൂട്ടുകാരന്‍ ബൈജുവുമൊത്തു വരുന്നതിനിടെ ഷിഹാബിനെ കാറിലെത്തിയ അക്രമിസംഘം വെട്ടിക്കൊലപ്പെടുത്തിയത്. കൂടെയുണ്ടായിരുന്ന ബൈജു ഓടി രക്ഷപ്പെടുകയായിരുന്നു. ആര്‍എസ്എസ് നേതാവായിരുന്ന വിനോദിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ഷിഹാബിനോടു നേരത്തേതന്നെ പ്രതികള്‍ക്കു വൈരാഗ്യമുണ്ടായിരുന്നതായി പോലീസ് പറയുന്നു. ഒരു മാസം മുമ്പു നാട്ടിലെത്തിയ ഷിഹാബ് പ്രതികളെ ഭീഷണിപ്പെടുത്തിയിരുന്നത്രേ. ഇതിലും പ്രതികള്‍ക്ക് അമര്‍ഷമുണ്ടായിരുന്നു. ഇതേത്തുടര്‍ന്നാണു പ്രതികള്‍ ഷിഹാബിനെ കൊലപ്പെടുത്താന്‍ പദ്ധതി തയാറാക്കിയതെന്നു പോലീസ് പറയുന്നു.


കൃത്യത്തിനു ശേഷം പ്രതികള്‍ രക്ഷപ്പെടാനുപയോഗിച്ച കറുത്ത അംബാസഡര്‍ കാര്‍ കുന്നംകുളത്തുനിന്നു കണ്െടത്തി. വടക്കാഞ്ചേരി റോഡില്‍ ലോട്ടസ് പാലസ് ഓഡിറ്റോറിയത്തിനു സമീപത്തുനിന്നാണു കെഎല്‍ 8- 2336 എന്ന നമ്പറിലുള്ള അംബാസഡര്‍ കാര്‍ കണ്െടടുത്തത്. കഴിഞ്ഞയാഴ്ചയാണ് ഈ കാര്‍ ഇവര്‍ വാങ്ങിയത്. ഉടമസ്ഥന്‍ പറഞ്ഞതിലും കൂടുതല്‍ തുക കൊടുത്താണു സംഘം കാര്‍ വാങ്ങിയത്. ഇതു കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണു മൂന്നു പേര്‍ കസ്റഡിയിലായത്.

പ്രതികളെ സംഭവസ്ഥലത്തെത്തിച്ചു തെളിവെടുത്തു. പെരിങ്ങാട് പുഴയോടു ചേര്‍ന്നുള്ള തോട്ടില്‍നിന്നു ഷിഹാബിനെ വെട്ടാനുപയോഗിച്ച വാളുകള്‍ കണ്െടടുത്തു. ഇവ ചാക്കിലാക്കിയാണു സൂക്ഷിച്ചിരുന്നത്. സമീപത്തെ പൊന്തക്കാട്ടില്‍നിന്നു പ്രതികളില്‍ ഒരാള്‍ ഉപയോഗിച്ചിരുന്ന ബൈക്കും പോലീസ് കണ്െടടുത്തിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.