മുഖപ്രസംഗം: വജ്രജൂബിലിയിലേക്ക് ഒരു നയരേഖ
Saturday, March 7, 2015 11:16 PM IST
കേരളം വജ്രജൂബിലിയിലേക്കു കടക്കുന്ന വര്‍ഷമാണിത്. സംസ്ഥാനം രൂപംകൊണ്ടിട്ട് 60 വര്‍ഷമാകുന്നു. ഈ ജൂബിലിവര്‍ഷത്തില്‍ സംസ്ഥാന ഗവണ്‍മെന്റിന്റെ ഭരണപരിപാടികള്‍ സംബന്ധിച്ച പ്രഖ്യാപനമാണു ഗവര്‍ണര്‍ ജസ്റീസ് പി. സദാശിവം നിയമസഭയില്‍ ഇന്നലെ നടത്തിയത്. ഐക്യ ജനാധിപത്യ മുന്നണി മന്ത്രിസഭ അതിന്റെ അഞ്ചാമത്തെ വര്‍ഷത്തിലേക്കു കടക്കുകയാണ്. ആ പ്രത്യേകതയും ഇത്തവണത്തെ നയപ്രഖ്യാപനത്തിനുണ്ടായിരുന്നു.

എന്നാല്‍ പുതിയ പ്രഖ്യാപനങ്ങളുടെ ധാരാളിത്തമൊന്നും ഇന്നലത്തെ നയപ്രഖ്യാപനത്തില്‍ ഉണ്ടായിരുന്നില്ല. നടന്നുവരുന്ന പദ്ധതികള്‍ പൂര്‍ത്തീകരിക്കുന്നതിനെപ്പറ്റിയാണു കൂടുതലും പറഞ്ഞത്.

കഴിഞ്ഞ നാലുവര്‍ഷംകൊണ്ടു പൊതുമേഖലയില്‍ നാലു മെഡിക്കല്‍ കോളജ് തുടങ്ങിയ സര്‍ക്കാര്‍ ഇക്കൊല്ലം രണ്െടണ്ണംകൂടി തുടങ്ങും. കോന്നിയിലും തിരുവനന്തപുരത്തുമാണ് അവ. മുപ്പതു വര്‍ഷത്തിനു ശേഷമാണു പൊതുമേഖലയില്‍ സംസ്ഥാനത്തു മെഡിക്കല്‍ കോളജുകള്‍ ആരംഭിച്ചതെന്ന കാര്യവും ശ്രദ്ധേയമാണ്. അഞ്ചു വര്‍ഷംകൊണ്ട് ആറു പൊതുമേഖലാ മെഡിക്കല്‍ കോളജുകള്‍ വരുന്നതോടെ സംസ്ഥാനത്തു 11 ജില്ലകളില്‍, താങ്ങാവുന്ന ചെലവില്‍ മെഡിക്കല്‍ വിദ്യാഭ്യാസത്തിനും വിദഗ്ധ ചികിത്സയ്ക്കും സൌകര്യമൊരുങ്ങുകയാണ്. തികച്ചും അഭിമാനകരമായ നേട്ടമാണിത്.

കണ്െടയ്നര്‍ ട്രാന്‍സ്ഷിപ്മെന്റ് പ്രധാനമായും ലക്ഷ്യമിട്ടുള്ള വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ നിര്‍മാണം ഉടന്‍ തുടങ്ങുമെന്നു നയപ്രഖ്യാപനത്തിലുണ്ട്. ടെന്‍ഡറില്‍ പങ്കെടുക്കാന്‍ കമ്പനികള്‍ മടിച്ചെങ്കിലും അവരുടെ ആശങ്കകളൊക്കെ മാറ്റിയിട്ടുണ്െടന്നാണു ഗവണ്‍മെന്റ് പറയുന്നത്. കേരളത്തില്‍ ഏതു പദ്ധതിയും പ്രാരംഭഘട്ടത്തില്‍ നേരിടാറുള്ള പ്രശ്നങ്ങള്‍ ഇതിനും നേരിടേണ്ടിവന്നതേ ഉള്ളൂ എന്നു കരുതാം.

മിനിമം വേതന നിയമത്തിന്റെ ആനുകൂല്യമില്ലാത്ത പല മേഖലകളും സംസ്ഥാനത്തുണ്ട്. ആ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കു മിനിമം കൂലി ഉറപ്പാക്കുന്നതിന് ഒരു നിയമനിര്‍മാണം നടത്തുമെന്നു നയപ്രഖ്യാപനത്തില്‍ പറയുന്നു. ആഗോളവത്കരണത്തിന്റെയും ഉദാരവത്കരണത്തിന്റെയും പശ്ചാത്തലത്തിലും കുറഞ്ഞ വേതനം ഉറപ്പില്ലാത്ത ആയിരക്കണക്കിനു പേര്‍ സംസ്ഥാനത്തുണ്െടന്നു വരുന്നതു ഖേദകരമാണ്. അത്തരക്കാര്‍ക്കു നൈയാമിക പിന്‍ബലത്തോടെ കുറഞ്ഞ കൂലി ഉറപ്പാക്കാനുള്ള നീക്കം ശ്ളാഘനീയമാണ്.

വര്‍ധിച്ചുവരുന്ന റോഡപകടങ്ങളില്‍ സര്‍ക്കാരിന്റെ ശ്രദ്ധ പതിയുന്നതു ശുഭോദര്‍ക്കമാണ്. ഓരോ വര്‍ഷവും സംസ്ഥാനത്തു റോഡപകടങ്ങളില്‍ നാലായിരത്തിലേറെപ്പേര്‍ മരിക്കുന്നു. ദിവസം പതിനൊന്നിലധികം പേര്‍. ഓരോ വര്‍ഷവും നാല്പതിനായിരം പേര്‍ക്കു ചെറുതും വലുതുമായ പരിക്ക് ഏല്‍ക്കുന്നു. പ്രതിദിനം 110-ലേറെപ്പേര്‍ക്കാണു പരിക്ക്. ഈ കൊച്ചുകേരളത്തില്‍ ഇത്രയേറെ ദുരന്തങ്ങള്‍ ഉണ്ടാകുന്നത് ഏതുവിധേനയും തടഞ്ഞേ മതിയാകൂ. റോഡ് അപകടങ്ങള്‍ കുറയ്ക്കാനും റോഡ് സുരക്ഷാ നടപടികള്‍ കര്‍ശനമാക്കാനുമായി 'ശുഭയാത്ര 2015' എന്നൊരു പരിപാടി സര്‍ക്കാര്‍ ആവിഷ്കരിച്ചിട്ടുണ്െടന്നു ഗവര്‍ണര്‍ പ്രസംഗത്തില്‍ അറിയിച്ചു. ഇതു പ്രഖ്യാപനം മാത്രമായാല്‍ പോരാ; സമൂഹത്തെ മൊത്തത്തില്‍ ബോധവത്കരിക്കുകയും ഒപ്പം കരുതല്‍ നടപടികള്‍ വ്യാപകമാക്കുകയും ചെയ്യേണ്ടതുണ്ട്. പ്രധാന റോഡുകളിലെല്ലാം വേഗനിരീക്ഷണ കാമറകള്‍ സ്ഥാപിക്കുക, സ്പീഡ് റഡാറും ആല്‍ക്കോമീറ്ററും ഉപയോഗിച്ചുള്ള പരിശോധനകള്‍ വ്യാപകമാക്കുക, റോഡുകളില്‍ സുരക്ഷാ ബോര്‍ഡുകളും അടയാളങ്ങളും കൂടുതലായി സ്ഥാപിക്കുക തുടങ്ങി ഒട്ടേറെ കാര്യങ്ങള്‍ ഇതിന്റെ ഭാഗമായി ചെയ്യേണ്ടതുണ്ട്. ഈ വിഷയത്തിന്റെ ഗൌരവം ഉള്‍ക്കൊള്ളുന്ന നടപടികള്‍ സര്‍ക്കാരില്‍നിന്ന് ഉണ്ടാകുമെന്നു പ്രതീക്ഷിക്കാം.


വിവിധ മേഖലകളുടെയും പ്രദേശങ്ങളുടെയും വിഭാഗങ്ങളുടെയും ക്ഷേമത്തിനും വളര്‍ച്ചയ്ക്കുമായുള്ള മറ്റു പല കാര്യങ്ങളും നയപ്രഖ്യാപനത്തില്‍ ഉണ്ട്. ഈ പ്രഖ്യാപനങ്ങള്‍ പ്രഖ്യാപനങ്ങളായി ശേഷിക്കാതെ പ്രവൃത്തിപഥത്തിലെത്തിക്കുകയാണു പ്രധാനം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ഈ വര്‍ഷം നടക്കാനിരിക്കുന്നു. ഒരു വര്‍ഷം കഴിഞ്ഞാല്‍ നിയമസഭയിലേക്കും തെരഞ്ഞെടുപ്പു നടക്കും. അപ്പോഴേക്കും പൂര്‍ത്തീകരിച്ച പദ്ധതികളുടെ സ്കോര്‍ കാര്‍ഡുമായി ജനങ്ങളെ സമീപിക്കാന്‍ ഗവണ്‍മെന്റിനു കഴിയുമോ എന്നതാണു പ്രധാന ചോദ്യം. ഭദ്രമായ ക്രമസമാധാന നിലയും സുരക്ഷിതമായ റോഡുകളും, പ്രവര്‍ത്തിക്കുന്നതും വൃത്തിയുള്ളതുമായ ആശുപത്രികളും, ആവശ്യനേരത്തെല്ലാം കിട്ടുന്ന വൈദ്യുതിയും, ശുദ്ധമായ കുടിവെള്ളവും ഒക്കെയാണു ജനങ്ങള്‍ക്കു വേണ്ടത്. അവ ഉറപ്പാക്കുന്നതാകണം ഭരണം. അതിലേക്കുള്ള നല്ല ചുവടുവയ്പാകണം ഈ നയപ്രഖ്യാപനം.

ഇന്നലെ നയപ്രഖ്യാപനം നടത്തുമ്പോള്‍ നിയമസഭയില്‍ പ്രതിപക്ഷാംഗങ്ങള്‍ ഇരുന്നില്ല എന്നതു ഖേദകരമായി. ധനമന്ത്രിയുടെ രാജിയാവശ്യപ്പെട്ടുള്ള മുദ്രാവാക്യംവിളികളും ആ ആവശ്യം ഉന്നയിക്കുന്ന പ്ളക്കാര്‍ഡുകളുമായാണു പ്രതിപക്ഷം ഗവര്‍ണറെ നിയമസഭയില്‍ വരവേറ്റത്. അവരുടെ ആവശ്യം പരിഗണിക്കാമെന്നു ഗവര്‍ണര്‍ പറഞ്ഞിട്ടും പ്രതിപക്ഷം ഒച്ചപ്പാടോടെ സഭ വിട്ടുപോയി.

പ്രതിപക്ഷ ആവശ്യത്തിന്റെ ഗുണവും മേന്മയും ഇവിടെ പരിശോധിക്കുന്നില്ല. പക്ഷേ, സഭയിലെത്തിയ സംസ്ഥാന ഗവര്‍ണറെ അനാദരിച്ചു മുദ്രാവാക്യം മുഴക്കി സഭ വിട്ടുപോയതു നല്ല നടപടിയാണോ എന്നു പ്രതിപക്ഷം ചിന്തിക്കണം. നിയമസഭയില്‍ കാര്യങ്ങള്‍ ഉന്നയിച്ചു ചര്‍ച്ചചെയ്തു മുന്നോട്ടുപോകുന്നതാണു ജനാധിപത്യ വഴക്കം. അല്ലാതെ ഒപ്പച്ചാടിനുള്ള ശേഷിയോ ബഹളമുണ്ടാക്കാനുള്ള കഴിവോ കായശേഷിയോ ഒന്നുമല്ല ജനാധിപത്യത്തില്‍ തീരുമാനങ്ങളുടെ മാനദണ്ഡം. ബഹളമുണ്ടാക്കിയും ബഹിഷ്കരണം നടത്തിയും സംസ്ഥാന ഭരണത്തലവനെ അപമാനിച്ചത് ഏതുവിധത്തിലും ന്യായീകരണമില്ലാത്ത നടപടിയായിപ്പോയി. ഭരണഘടനാപദവികള്‍ വഹിക്കുന്നവര്‍ ഭരണഘടനാധിഷ്ഠിത ചുമതലകള്‍ നിര്‍വഹിക്കുമ്പോള്‍ മറ്റു കാര്യങ്ങളിലുള്ള എതിര്‍പ്പിനും പ്രതിഷേധത്തിനുമുള്ള വേദിയായി അതിനെ മാറ്റുന്നതു ജനാധിപത്യ വഴക്കങ്ങള്‍ക്കു ചേര്‍ന്നതല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.