യന്ത്രത്തകരാര്‍; റിയാദ് വിമാനം റദ്ദാക്കി
Saturday, March 7, 2015 11:59 PM IST
കരിപ്പൂര്‍: കരിപ്പൂരില്‍നിന്നു റിയാദിലേക്കുളള എയര്‍ ഇന്ത്യ വിമാനം മുടങ്ങിയതിനെ തുടര്‍ന്നു യാത്രക്കാര്‍ വിമാനത്താവളത്തില്‍ ബഹളം വച്ചു. ഇന്നലെ പുലര്‍ച്ചെ മൂന്നിനുള്ള എയര്‍ ഇന്ത്യയുടെ ജംബോ വിമാനമാണു യന്ത്രത്തകരാര്‍ കണ്ടത്തിയതിനെത്തുടര്‍ന്നു റദ്ദാക്കിയത്. 349 യാത്രക്കാരാണു വിമാനത്തില്‍ പോകാനുണ്ടായിരുന്നത്.

എമിഗ്രേഷന്‍, കസ്റംസ് പരിശോധന കഴിഞ്ഞ യാത്രക്കാരെ വിമാനത്തില്‍ കയറ്റി പുറപ്പെടാന്‍ ഒരുങ്ങവേയാണു യന്ത്രത്തകരാര്‍ കണ്ടത്. എന്‍ജിനിയറിംഗ് വിഭാഗത്തിന്റെ പരിശോധനയില്‍ തകരാര്‍ പരിഹരിക്കാനായില്ല. തുടര്‍ന്നു യാത്രക്കാരെ വിമാനത്തില്‍ നിന്നിറക്കുകയായിരുന്നു. ക്ഷുഭിതരായ യാത്രക്കാര്‍ വിമാനത്താവളത്തിനകത്തു ബഹളംവച്ചു. പകരം വിമാനം എത്തിച്ചു സര്‍വീസ് നടത്തണമെന്നായിരുന്നു യാത്രക്കാരുടെ ആവശ്യം. ഇതിനിടെ, പ്രശ്നത്തിലിടപെട്ട സിഐഎസ്എഫ് ഉദ്യോഗസ്ഥരും യാത്രക്കാരും തമ്മില്‍ വാക്കേറ്റമുണ്ടായി. വിമാനം എപ്പോള്‍ പോകുമെന്നു പറയാന്‍ അധികൃതര്‍ക്കുമായില്ല. രണ്ടു മണിക്കൂറോളം ബഹളം തുടര്‍ന്നു. രാത്രി ഏഴോടെ വിമാനം പുറപ്പെടുമെന്ന് അറിയിച്ചു ശാന്തരാക്കിയ യാത്രക്കാരെ സമീപത്തെ ഹോട്ടലുകളിലേക്കു മാറ്റി. സമീപ പ്രദേശങ്ങളിലുള്ള യാത്രക്കാരെ വീടുകളിലേക്കും അയച്ചു. ഇന്നലെ രാത്രിയിലും തകരാര്‍ പരിഹരിക്കാന്‍ കഴിയാഞ്ഞതോടെ വിമാനത്തിന്റെ സര്‍വീസ് ഇന്നത്തേക്കു മാറ്റി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.