പ്ളസ് വണ്‍, പ്ളസ് ടു വിദ്യാര്‍ഥിനികള്‍ക്കു സൌജന്യ പാഠപുസ്തകം
പ്ളസ് വണ്‍, പ്ളസ് ടു വിദ്യാര്‍ഥിനികള്‍ക്കു സൌജന്യ പാഠപുസ്തകം
Saturday, March 7, 2015 11:50 PM IST
തിരുവനന്തപുരം: സംസ്ഥാന ത്തെ പ്ളസ്വണ്‍, പ്ളസ്ടു ക്ളാസുകളില്‍ പഠിക്കുന്ന മുഴുവന്‍ പെണ്‍കുട്ടികള്‍ക്കും സര്‍ക്കാര്‍ സൌജന്യമായി പാഠപുസ്തകം വിതരണം ചെയ്യും. ‘അവളുടെ വിദ്യാഭ്യാസം നമ്മുടെ ഉത്തരവാദിത്വം’ എന്ന പദ്ധതി പ്രകാരമാണ് ഇതു നടപ്പിലാക്കുക. ഇന്നലെ നിയമസഭയില്‍ ഗവര്‍ണര്‍ ജസ്റീസ് പി. സദാശിവം നടത്തിയ നയപ്രഖ്യാപന പ്രസംഗത്തിലാണ് ഈ അറിയിപ്പുള്ളത്.

ദേശീയ ഗെയിംസ് മികച്ച വിജയമായിരുന്നു എന്ന് അവകാശപ്പെട്ട ഗവര്‍ണര്‍, മറ്റു വികസന പദ്ധതികള്‍ ദ്രുതഗതിയില്‍ പൂര്‍ത്തിയായി വരികയാണെന്നും ചൂണ്ടിക്കാട്ടി. അഞ്ചു വര്‍ഷത്തിലേറെക്കാലം പ്രവര്‍ത്തനരഹിതമായിരുന്ന സ്മാര്‍ട്ട് സിറ്റി പദ്ധതി പുനരുജ്ജീവിപ്പിക്കാന്‍ സാധിച്ചു. ആദ്യഘട്ടം പ്രവര്‍ത്തനമാരംഭിക്കുന്നതിനു സജ്ജമായിരിക്കുകയാണ്. കൊച്ചി മെട്രോ റെയില്‍ പദ്ധതി ദ്രുതഗതിയില്‍ പുരോഗമിച്ചു വരുകയാണ്. കണ്ണൂര്‍ വിമാനത്താവളം 2016 മേയില്‍ പൂര്‍ത്തീകരിക്കും.

സര്‍ക്കാര്‍ ആശുപത്രികളിലെ മുഴുവന്‍ രോഗനിര്‍ണയ പരിശോധനകളും ഘട്ടംഘട്ടമായി സൌജന്യമായി നല്‍കുന്ന ‘കാരുണ്യ കേരളം’ പരിപാടി നടപ്പിലാക്കും. ലോകാരോഗ്യ സംഘടന ശിപാര്‍ശ ചെയ്യുന്ന യൂണിവേഴ്സല്‍ ഹെല്‍ത്ത് കവറേജ് പ്രാവര്‍ത്തികമാക്കുന്നതിനായി പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളും കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററുകളും പോലുള്ള പ്രാഥമിക പരിചരണ സ്ഥാപനങ്ങളുടെ വിശാലമായ ശൃംഖലയെ സമഗ്ര പരിചരണ കേന്ദ്രങ്ങളായി മാറ്റുന്നതിനുള്ള പദ്ധതി നടപ്പിലാക്കും. സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രങ്ങളില്‍ എല്ലാ സ്ത്രീകള്‍ക്കും വേണ്ടി “‘സുഭദ്രം’ എന്ന സൌജന്യ സമഗ്ര കാന്‍സര്‍ ബോധവത്കരണ - രോഗനിര്‍ണയ- ചികിത്സ- പുനരധിവാസ പദ്ധതി കൊണ്ടുവരും.


ഫലപ്രദമായ ആരോഗ്യ പരിചരണം ഉറപ്പാക്കുന്നതിനായി വ്യക്തിഗത ആരോഗ്യ വിവരങ്ങള്‍ ശേഖരിച്ചു സൂക്ഷിക്കുന്ന ഇലക്ട്രോണിക് ആരോഗ്യ രേഖകളും ഇലക്ട്രോണിക് മെഡിക്കല്‍ രേഖകളും വികസിപ്പിക്കുന്നതിനായി കേരള ഇ ഹെല്‍ത്ത് പ്രോഗ്രാം നടപ്പിലാക്കും. ഈ വര്‍ഷം തിരുവനന്തപുരത്തും കോന്നിയിലും രണ്ടു മെഡിക്കല്‍ കോളജുകള്‍ കൂടി ആരംഭിക്കും. ഇതോടെ കേരളത്തിലെ 14 ജില്ലകളില്‍ 11 ലും മെഡിക്കല്‍ കോളജുകളാകും.

2015-16 മുതല്‍ ഓണ്‍ലൈനായി വസ്തുനികുതി നല്‍കുന്നതിനുള്ള സൌകര്യം തയാറാക്കും. 1970 മുതല്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കു കീഴില്‍ രജിസ്റര്‍ ചെയ്തു വരുന്ന ജനന, മരണ, വിവാഹ സര്‍ട്ടിഫിക്കറ്റുകള്‍ ഓണ്‍ലൈനായി ലഭ്യമാക്കും.

കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ കേരളത്തിലെ ഇടുക്കി, പാലക്കാട്, വയനാട് ജില്ലകളില്‍ മനുഷ്യക്കടത്ത് വിരുദ്ധ കേന്ദ്രങ്ങള്‍ ആരംഭിക്കും.

മുന്നോക്ക സമുദായ ക്ഷേമ കോര്‍പറേഷന്റെ ആഭിമുഖ്യത്തില്‍ പരീക്ഷണാടിസ്ഥാനത്തിലുള്ള പദ്ധതി എന്ന നിലയില്‍ കേരളത്തിലെ ആദിബ്രാഹ്മണ സമുദായങ്ങളുടെ വാസസ്ഥലങ്ങളായ 200 അഗ്രഹാരങ്ങളുടെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുമെന്നും ഗവര്‍ണ ര്‍ പ്രഖ്യാപിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.