അമ്പിളിക്കുട്ടനെ ഒക്കത്തേറ്റി ശ്രീജയുടെ യാത്ര
അമ്പിളിക്കുട്ടനെ ഒക്കത്തേറ്റി ശ്രീജയുടെ യാത്ര
Saturday, March 7, 2015 12:07 AM IST
ബെന്നി കോച്ചേരി

കുറവിലങ്ങാട്: ഒക്കത്തു ഭര്‍ത്താവിനെയിരുത്തി കൈയില്‍ മകനെയുമായുള്ള ശ്രീജയുടെ യാത്ര ജീവിതം മുന്നോട്ടുനീക്കാനാണ്. കുറവിലങ്ങാട് നസ്രത്ത്ഹില്‍ നിവാസികള്‍ക്ക് ഇതു സാധാരണ കാഴ്ച. ജന്മനാ തളര്‍ന്ന ഭര്‍ത്താവിനെയും കാലിന്റെ വൈകല്യത്തിനു രണ്ടാം ശസ്ത്രക്രിയയിലൂടെ കടന്നുപോകുന്ന മകനെയും ഒരുമിപ്പിച്ചു ജീവിതം തള്ളിനീക്കാന്‍ കിതയ്ക്കുകയാണ് ഈ വീട്ടമ്മ. വനിതാദിനം കടന്നെത്തുമ്പോള്‍ അധ്വാനത്തിന്റെയും കൂട്ടുത്തരവാദിത്വത്തിന്റെയും കൈത്താങ്ങിന്റെയുമൊക്കെ ജീവിക്കുന്ന സാക്ഷ്യമായി മാറുകയാണ് 32 പിന്നിടുന്ന ശ്രീജയെന്ന വീട്ടമ്മ.

നിവര്‍ന്നു നില്‍ക്കാന്‍പോലും കഴിയാത്ത എ.ആര്‍. ബിജുവെന്ന അമ്പിളിക്കുട്ടനും (35) കുടുംബത്തിനും കൈത്താങ്ങാകേണ്ട അധികൃതരും സ്ഥാപനങ്ങളും കൈമലര്‍ത്തുമ്പോഴും പ്രതീക്ഷ കൈവിടാതെ ഈ കുടുംബം ഓരോ ദിനവും തള്ളിനീക്കുകയാണ്. സര്‍ക്കാരിന്റെ കാരുണ്യത്തിനായി മുട്ടിയ വാതിലുകളെല്ലാം തുറക്കാന്‍ മടിക്കുമ്പോഴും അനുസരണയോടെ കൊച്ചുകുഞ്ഞിനെപ്പോലെ ഒക്കത്തിരിക്കുന്ന ഭര്‍ത്താവിനെ നോക്കി ശ്രീജ പറയും എല്ലാ ശരിയാകുമെന്ന്.

ജീവിതവഴിയില്‍ പകച്ചുനില്‍ക്കുന്നവര്‍ക്കു നസ്രത്ത്ഹില്‍ കുന്നത്തുകാട്ടില്‍ ബിജുവിന്റെയും ശ്രീജയുടേയും ജീവിതം ഒരു

പാഠപുസ്തകമാക്കാം. അമ്മയുടെ ഒക്കത്തിരുന്നു കതിര്‍മണ്ഡപത്തിലെത്തിയ ബിജുവിനെ വരണമാല്യം ചാര്‍ത്തി ജീവിതപങ്കാളിയാക്കാനായതു വലിയ സന്തോഷമാണെന്നു ശ്രീജ പറയുന്നു. കാലുകള്‍ക്കു ന്യൂനതയുള്ള പിതാവിനെയും ഒരു വര്‍ഷത്തോളം പാലായിലെ ഒരു സന്യാസിനി സമൂഹത്തിന്റെ നേതൃത്വത്തിലുള്ള കേന്ദ്രത്തില്‍ അശരണരായ വികലാംഗരെയും ശുശ്രൂഷിച്ച ശ്രീജയ്ക്കു മനസിലാഗ്രഹിച്ച ജീവിതപങ്കാളിയെ ലഭിച്ചു. ആപ്പാഞ്ചിറ ഉള്ളാടംകുന്ന് കുടുംബാംഗമായ ശ്രീജ 2009ല്‍ ബിജുവിനെ ജീവിതപങ്കാളിയായി സ്വീകരിച്ചതുമുതല്‍ സന്തോഷവതിയാണെന്നു പറയും. കുന്നത്തുകാട്ടില്‍ രാമന്‍-രാജമ്മ ദമ്പതികളുടെ മൂത്തമകനായ അമ്പിളിക്കുട്ടന്‍ ഒന്നര വയസുള്ളപ്പോള്‍ പോളിയോ ബാധിച്ചു തളര്‍ന്നതാണു രണ്ടു കാലുകളും. അമ്പിളിക്കുട്ടന്‍-ശ്രീജ ദമ്പതികളുടെ മകന്‍ ശ്രീരാഗിനും ജന്മനാ കാലിനു വൈകല്യമുണ്ടായിരുന്നു. രണ്ടുതവണത്തെ ശസ്ത്രക്രിയയില്‍ കാല്‍പ്പാദം സാധാരണ നിലയിലേക്കു മാറുന്നുണ്ട്.


വിധിയോടു വെല്ലുവിളിക്കാന്‍ ഭാര്യ ശ്രീജയുടെ സ്നേഹവും കരുതലും ഏറെയുണ്െടങ്കിലും അധികൃതരുടെ കരുണകൂടിയെത്തിയാല്‍ ഇവര്‍ക്കു തലചായ്ക്കാന്‍ ഒരിടമാകും. മൂന്നരസെന്റ് സ്ഥലത്തു പടുത കെട്ടിയ, വീടെന്നു വിളിക്കാന്‍ മാത്രം കഴിയുന്ന ഒറ്റമുറിയിലാണ് ഈ കുടുംബം. വീടിനു പരിഗണിക്കാന്‍ ജനസമ്പര്‍ക്ക പരിപാടിയില്‍ മുഖ്യമന്ത്രി നിര്‍ദേശിച്ച കടലാസുണ്െടങ്കിലും പഞ്ചായത്ത് ഇനിയും പരിഗണിച്ചിട്ടില്ല. വൈദ്യുതിയും കിട്ടാക്കനി. സര്‍ക്കാര്‍ ഓഫീസുകള്‍ കയറിയിറങ്ങാന്‍ ബിജുവിനെ ഒക്കത്തിരുത്തിവേണം പോകാന്‍. ഭര്‍ത്താവിനെയുമായി ഓഫീസുകളുടെ പടിക്കെട്ടുകള്‍ കയറാന്‍ വിഷമിക്കുന്ന ഈ ഭാര്യയോട് അധികൃതര്‍ പറയുന്നത് അപേക്ഷകനെയുമായി എത്താനാണ്.

കുര്യത്തു ലോട്ടറി വിറ്റാണു ബിജു ഉപജീവനത്തിനു ശ്രീജയ്ക്കു പിന്തുണ നല്‍കുന്നത്. ഇതിനായി വീട്ടില്‍നിന്നു വഴിയിലെത്താന്‍ ദിവസവും മൂന്നൂറു മീറ്ററോളം ശ്രീജ ഭര്‍ത്താവിനെ ഒക്കത്തിരുത്തി നടക്കണം. ഒപ്പം നാലുവയസുകാരന്‍ മകനെ കൈയില്‍ പിടിക്കണം. തിരിച്ചുള്ള യാത്രയും അതേ രീതിയില്‍. റോഡില്‍നിന്ന് ഓട്ടോറിക്ഷയിലാണു കുര്യത്തേക്കുള്ള യാത്ര.

അന്തിയുറങ്ങാന്‍ അടച്ചുറപ്പുള്ള ഒരുവീടും ഇത്തിരി വൈദ്യുതി വെളിച്ചവും മാത്രമാണ് ഈ കുടുംബം അധികൃതരോടു ചോദിക്കുന്നത്. തന്റെ അധ്വാനത്തിന് ഈ വനിതാ ദിനത്തിലെങ്കിലും ഒരു അംഗീകാരം ലഭിക്കുമെന്നാണ് ഈ വീട്ടമ്മയുടെ വിശ്വാസം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.