കോട്ടയത്തു നാളെ മുതല്‍ രാജ്യാന്തര ചലച്ചിത്രമേള
Saturday, March 7, 2015 12:14 AM IST
കോട്ടയം: ചലച്ചിത്ര അക്കാഡമിയുടെ ആഭിമുഖ്യത്തില്‍ നാളെ മുതല്‍ കോട്ടയത്തു രാജ്യാന്തര ചലച്ചിത്രമേള നടക്കും. ആനന്ദ്, ആശ തീയേറ്ററുകളിലാണു മേള. നാലു വിഭാഗങ്ങളിലായി നാല്പതോളം ചിത്രങ്ങളാണു പ്രദര്‍ശനത്തിനെത്തുക. ദിവസം നാലു സിനിമകളാണു പ്രദര്‍ശിപ്പിക്കുക. ദിവസവും ആനന്ദ് തീയേറ്റര്‍ കാമ്പസില്‍ മീറ്റ് ദി ഡയറക്ടര്‍ പ്രോഗ്രാമും ഉണ്ടായിരിക്കും.

പൊതുജനങ്ങള്‍ക്കു 100 രൂപയും വിദ്യാര്‍ഥികള്‍ക്കു 50 രൂപയുമാണ് എല്ലാ ചിത്രങ്ങള്‍ക്കുംകൂടിയുള്ള പ്രവേശനഫീസ്. പാസുകള്‍ തീയേറ്ററുകളില്‍നിന്നു ലഭ്യമാണ്. ഡിസംബര്‍ ഒന്ന് ആണ് ഉദ്ഘാടനചിത്രം. മൊഹ്സീന്‍ മക്ബല്‍ബഫിന്റെ ദ് പ്രസിഡന്റാണു മുഖ്യആകര്‍ഷണം. റെഫ്യൂജിയാഡോ, കോണ്‍ ഐലന്റ്, ബേത്ലഹേം തുടങ്ങിയ ചിത്രങ്ങളും പ്രദര്‍ശിപ്പിക്കുന്നുണ്ട്. ജപ്പാന്‍, ഫ്രാന്‍സ്, അര്‍ജന്റീന തുടങ്ങിയ വിദേശരാജ്യങ്ങളില്‍നിന്നും ബംഗാളി, കന്നഡ, ഒറിയ സിനിമകള്‍ക്കും പുറമേ സമകാലീന മലയാള ചിത്രങ്ങളും മേളയിലുണ്ടാകും. ഒരാള്‍പ്പൊക്കം, സഹീര്‍, അസ്തമയം വരെ, ജലാംശം പോലുള്ള മലയാളം ചിത്രങ്ങളാണു പ്രദര്‍ശിപ്പിക്കുക. ഇറാന്‍ ചിത്രങ്ങളുടെ പാക്കേജും പ്രേംനസീറിന്റെ ഇരുപത്തഞ്ചാം ചരമവാര്‍ഷികം പ്രമാണിച്ചു ഒരു പ്രദര്‍ശനവും ഒരുക്കിയിട്ടുണ്ട്. എ. വിന്‍സെന്റ് സംവിധാനം ചെയ്ത ഭാര്‍ഗവീനിലയവും പ്രദര്‍ശനത്തിനുണ്ടാകും. കോട്ടയത്തുനിന്നു ദേശീയ അവാര്‍ഡിന് അര്‍ഹരായവരെ ആദരിക്കും.


നാളെ വൈകുന്നേരം അഞ്ചിന് അഭിലാഷ് തീയേറ്റര്‍ അങ്കണത്തില്‍ ചേരുന്ന സമ്മേളനം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനംചെയ്യും. മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അധ്യക്ഷതവഹിക്കും. അക്കാഡമി ചെയര്‍മാന്‍ രാജീവ്നാഥ്, ചീഫ് വിപ്പ് പി.സി. ജോര്‍ജ് മുഖ്യപ്രഭാഷണം നടത്തും. ജോസ് കെ. മാണി എംപി, എംഎല്‍എമാരായ കെ.സുരേഷ് കുറുപ്പ്, മോന്‍സ് ജോസഫ്, മുനിസിപ്പല്‍ ചെയര്‍മാന്‍ കെ.ആര്‍.ജി. വാര്യര്‍, ഫിലിം ഡെവലപ്മെന്റ് ചെയര്‍മാന്‍ സാബു ചെറിയാന്‍, ചലച്ചിത്ര താരങ്ങളായ മനോജ് കെ. ജയന്‍, വിജയരാഘവന്‍, മണിയന്‍ പിള്ള രാജു, ബാബു നമ്പൂതിരി, പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ പ്രസിഡന്റ് ജി. സുരേഷ് കുമാര്‍, ട്രഷറര്‍ പ്രേം പ്രകാശ്, അക്കാഡമി സെക്രട്ടറി എസ്. രാജേന്ദ്രന്‍ നായര്‍ തുടങ്ങിയവര്‍ പ്രസംഗിക്കും. പത്രസമ്മേളനത്തില്‍ ചലച്ചിത്ര അക്കാഡമി വൈസ് ചെയര്‍മാന്‍ ജോഷി മാത്യു, ഭാരവാഹികളായ പ്രേം പ്രകാശ്, രാജാ ശ്രീകുമാരവര്‍മ, ബിനോയി വേളൂര്‍, മോനി കാരാപ്പുഴ എന്നിവര്‍ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.