സാമൂഹ്യസുരക്ഷാ പെന്‍ഷന്‍: വരുമാന പരിധി ഉത്തരവില്‍ ഭേദഗതി
Saturday, March 7, 2015 12:17 AM IST
തളിപ്പറമ്പ്: സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ പദ്ധതികളില്‍ അര്‍ഹതയ്ക്കുള്ള വാര്‍ഷിക വരുമാനപരിധി ഏകീകരിച്ചുള്ള ഉത്തരവില്‍ സംസ്ഥാന സര്‍ക്കാര്‍ ഭേദഗതി വരുത്തി. സാമൂഹ്യനീതി വകുപ്പ് മുഖേന നടപ്പാക്കുന്ന സാമൂഹ്യസുരക്ഷാ പെന്‍ഷനുകളായ ഇന്ദിരാഗാന്ധി വാര്‍ധക്യകാല പെന്‍ഷന്‍, അഗതി/വിധവാ പെന്‍ഷന്‍, വികലാംഗ പെന്‍ഷന്‍, അവിവാഹിതരായ 50 വയസിനുമേല്‍ പ്രായമുള്ള സ്ത്രീകള്‍ക്കുള്ള പെന്‍ഷന്‍ എന്നിവയ്ക്കുള്ള അര്‍ഹത സംബന്ധിച്ച കാര്യത്തിലാണു ഭേദഗതി. ഇവയുടെ അര്‍ഹതയ്ക്കുള്ള വരുമാന പരിധി കഴിഞ്ഞവര്‍ഷം ജൂണ്‍ 20ന് ഒരുലക്ഷം രൂപയാക്കി ഉയര്‍ത്തിയിരുന്നു. മറ്റുതരത്തിലുള്ള പെന്‍ഷനുകള്‍ കൈപ്പറ്റുന്നവര്‍ക്കും ഒരു ലക്ഷം രൂപ എന്ന വരുമാന പരിധിക്കുള്ളിലാണെങ്കില്‍ സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ അനുവദിക്കാനും ഉത്തരവായിരുന്നു.

പെന്‍ഷന് അര്‍ഹതപ്പെട്ടവരെ കണ്െടത്താന്‍ അതതു തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കായിരുന്നു അനുമതി നല്കിയിരുന്നത്. ഇവര്‍ക്കു വരുമാനം തിട്ടപ്പെടുത്താന്‍ കഴിയാത്ത അപേക്ഷകളില്‍ വില്ലേജ് അധികൃതരുടെ സഹായം തേടാനുള്ള തീരുമാനമാണു മുമ്പുണ്ടായിരുന്നത്. ഈ അധികാരം പൂര്‍ണമായും വില്ലേജ് അധികൃതരില്‍ നിക്ഷിപ്തമാക്കിയാണു സര്‍ക്കാര്‍ പുതിയ ഉത്തരവിറക്കിയത്. ഇതുപ്രകാരം സാമൂഹ്യസുരക്ഷാ പെന്‍ഷനുകള്‍ക്ക് അപേക്ഷ സമര്‍പ്പിക്കുന്നവര്‍ വില്ലേജ് ഓഫീസര്‍മാരില്‍നിന്നു വരുമാന സര്‍ട്ടിഫിക്കറ്റ് വാങ്ങി അപേക്ഷയോടൊപ്പം നല്‍കണം. മറ്റു പെന്‍ഷനുകള്‍ വാങ്ങുന്നവര്‍ക്ക് ഒരു ലക്ഷം രൂപ എന്ന വരുമാന പരിധിക്കുള്ളിലാണെങ്കില്‍ അനുവദിക്കുന്ന സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ ഏതെങ്കിലും ഒന്നു തെരഞ്ഞെടുക്കാന്‍ അവകാശമുണ്ട്. അര്‍ഹതപ്പെട്ടവര്‍ക്കു യുഐഡി നിര്‍ബന്ധമാക്കി സാമൂഹ്യസുരക്ഷാ പെന്‍ഷനുകള്‍ ബാങ്ക്/പോസ്റ് ഓഫീസ്/ട്രഷറി സേവിംഗ്സ് അക്കൌണ്ട് വഴി പൂര്‍ണമായി വിതരണം ചെയ്യാന്‍ ഉത്തരവ് നല്‍കിയിരുന്നെങ്കിലും നടപ്പാക്കാന്‍ സാധിക്കാത്ത സാഹചര്യത്തില്‍ വരുന്ന ഏപ്രില്‍ ഒന്നുമുതല്‍ ഗുണഭോക്താവിന്റെ ബാങ്ക്/പോസ്റോഫീസ്/ട്രഷറി അക്കൌണ്ട് വഴി വിതരണം ചെയ്യും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.