ഹരിതം
ഹരിതം
Saturday, March 7, 2015 12:39 AM IST
വേനല്‍ച്ചൂടില്‍ കറവമാടുകള്‍ക്കും കോഴികള്‍ക്കും കരുതല്‍

ഡോ. സാബിന്‍ ജോര്‍ജ് അസിസ്റന്റ് പ്രഫസര്‍ വെറ്ററിനറി കോളജ് മണ്ണുത്തി

പ്രതിരോധശേഷി വളരെക്കുറ യാന്‍ സാധ്യതയുള്ള വേനല്‍ക്കാ ലം തുടങ്ങുന്നതിനു മുമ്പേ ഉരുക്കള്‍ക്ക് വിരമരുന്നുകളും പ്രതിരോധ കുത്തിവയ്പുകളും ഒരു ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം നല്‍കിയിരിക്കണം. നേരിട്ടുള്ള സൂര്യവികിരണങ്ങള്‍ ഏല്‍ക്കാതിരിക്കുന്നതിന് പശുക്കളെയും, എരുമകളെയും രാവിലെ ഒമ്പതിനു മുമ്പോ വൈകിട്ട് മൂന്നിനു ശേഷമോ മാത്രമേ മേയാന്‍ അനുവദിക്കാവൂ.

അതില്‍തന്നെ മൂന്നിനു ശേഷമുള്ള മേയലാണ് അഭികാമ്യം. കാരണം, ദഹനപ്രക്രിയമൂലം ഉണ്ടാകുന്ന ചൂട് അധികമായി പുറത്തുവിടുന്നത് അന്തരീക്ഷ ഊഷ്മാവ് ഏറ്റവും ഉയര്‍ന്നിരിക്കുന്ന ഉച്ചനേരങ്ങളില്‍ ആവാതിരിക്കാന്‍ ഇതു സഹായിക്കുന്നു. മേച്ചില്‍ സ്ഥലങ്ങളിലും തൊഴുത്തിലും കുടിക്കാനുള്ള വെള്ളം എപ്പോഴും ലഭ്യമാക്കണം. ശരീര ഊഷ്മാവ് ഓരോ ഡിഗ്രി കൂടുമ്പോഴും ഒരു കിലോഗ്രാംവീതം തീറ്റയെടുക്കുന്നതില്‍ കുറവ് വരുന്നതായി കണക്കാക്കപ്പെട്ടിട്ടുണ്ട്. കഴിക്കുന്ന ആഹാരത്തിന്റെ അളവു കുറയുന്ന അവസരത്തില്‍ അതിന്റെ ഗുണമേന്മ കൂടുക എന്നത് കുറവു നികത്താന്‍ സഹായിക്കും. മാംസ്യവും പൂരിത കൊഴുപ്പുകളും ഉയര്‍ന്ന അളവില്‍ അടങ്ങിയ പരുത്തിക്കുരുവും മുന്തിയ മാംസ്യ സ്രോതസായ ബൈപ്പാസ് പ്രോട്ടീനുകളും ഈ കാലഘട്ടത്തില്‍ കൊടുക്കുന്നത് പാലുത്പാദനത്തിന് ഏറെ സഹായകമാകും.

കൂടാതെ വിറ്റാമിനുകളും ധാതുക്കളും അടങ്ങുന്ന മിശ്രിതം നിശ്ചിത അളവില്‍ നിത്യേന നല്‍കുന്നതും നല്ലതാണ്. പുല്ലിന്റെ ദൌര്‍ലഭ്യം നികത്തുന്നതിനായി അധികമായി കഞ്ഞി ഈ കാലഘട്ടങ്ങളില്‍ കറവമാടുകള്‍ക്ക് നല്‍കുന്നത് ആശാസ്യമല്ല. പതിവായി ശീലിപ്പിച്ച അളവില്‍ കൂടുതലായി കഞ്ഞി നല്‍കിയാല്‍ പച്ചപ്പുല്ലിന്റെ അഭാവത്തില്‍ ആമാശയത്തിലെ അമ്ളത വര്‍ധിക്കുവാനും, അത് പശുവിന്റെ ആരോഗ്യത്തെ അപകടകരമാംവിധം ബാധിക്കുവാനും ഇടയാക്കുന്നു.

പച്ചപ്പുല്ലിന്റെ അഭാവത്തിലുണ്ടാകുന്ന ആമാശയത്തിലെ അമ്ളത ഒരു വേനല്‍ക്കാല പ്രശ്നമായതിനാല്‍ അത് ഒഴിവാക്കുന്നതിനായി സോഡിയം ബൈ കാര്‍ബണേറ്റും, മഗ്നീഷ്യം ഓക്സൈഡും 3:1 എന്ന അനുപാതത്തില്‍ കലര്‍ത്തിയ മിശ്രിതം കാലിത്തീറ്റയില്‍ ഒന്നു മുതല്‍ ഒന്നര ശതമാനംവരെ ചേര്‍ ത്ത് ഈ കാലഘട്ടങ്ങളില്‍ നല്‍കാവുന്നതാണ്. രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് മൂന്നുവരെ കറവമാടുകളെ തൊഴുത്തിലോ തണലുള്ളിടത്തോ നിറുത്തേണ്ടതാണ്. എരുമകളെ ജലാശയങ്ങളില്‍ മുങ്ങിക്കിടക്കാന്‍ അനുവദിക്കുന്നതാണ് അഭികാമ്യം. ഈ അവസരങ്ങളില്‍ രണ്ടുപ്രാവശ്യമെങ്കിലും ശരീരത്തില്‍ വെ ള്ളം തളിക്കണം. തൊഴുത്തുകളില്‍ പശുക്കളുടെ പുറത്ത് വെള്ളം വീഴാവുന്ന രീതിയില്‍ ഷവറുകള്‍ ഘടിപ്പിക്കുന്നതിനും, ചൂട് കൂടുന്ന സമയങ്ങളില്‍ മൂന്നു മിനിറ്റ് നേരത്തേക്ക് രണ്ടു മണിക്കൂര്‍ ഇടവിട്ട് വെള്ളം തുറന്നിടുന്നതും ഏറെ ഗുണം ചെയ്യും.

കടുത്ത വേനലില്‍ കോഴികള്‍ക്ക് ഏറെ കരുതല്‍ ആവശ്യമാണ്. കിഴക്കുപടിഞ്ഞാറ് ദിശയില്‍ പണിതിരിക്കുന്ന ഷെഡുകളില്‍ ചൂട് കുറവായിരിക്കും. ഷെഡിന്റെ ഉയരം കുറവാണെങ്കില്‍ ചൂട് അധികമായിരിക്കും. അതിനാല്‍ ഷെഡ് പണിയുമ്പോള്‍ നടുവില്‍ മേല്‍ക്കൂരവരെ 3.3 മീറ്ററും വശങ്ങളില്‍ 1.8 മീറ്ററും ഉയരം നല്‍കണം.

വശങ്ങളില്‍ അരഭിത്തിയുടെ ഉയരം ഒരടി മാത്രം മതി. ബാക്കിഭാഗം കമ്പിവല മതിയാകും. ഭിത്തിയില്‍ നിന്ന് ഒരു മീറ്റര്‍ പുറത്തേക്ക് തള്ളല്‍ വേണം. ഷെഡിന്റെ വീതി ഒമ്പതു മീറ്ററിലധികം പാടില്ല. 6-7 മീറ്ററാണ് സാധാരണ വീതി. ചൂട് വെളിയിലേക്ക് വിടാന്‍ ഷെഡില്‍ എക്സോസ്റ് ഫാന്‍ വയ്ക്കണം. മേല്‍ക്കൂര കോണ്‍ക്രീറ്റോ, ഷീറ്റോ ആണെങ്കില്‍ ചൂട് കൂടുതലായിരിക്കും. അതിനുമേല്‍ വൈക്കോല്‍ ഓല, പുല്ല്, ചാക്ക് തുടങ്ങിയവ ഇട്ടുകൊടുത്തതിനുശേഷം നനയ്ക്കുക. ഷീറ്റാണ് മേല്‍ക്കൂരയെങ്കില്‍ കുമ്മായമോ, വെള്ള പെയിന്റോ അടിക്കാം. ഷെഡിനു ചുറ്റും തണല്‍ മരങ്ങള്‍ വച്ചു പിടിപ്പിക്കണം. വായു സഞ്ചാരത്തിന് തടസമുണ്ടാകാതിരിക്കാന്‍ വശങ്ങളിലെ കമ്പിവല തുടച്ചു വൃത്തിയാക്കണം. നനച്ച ചാക്കുകള്‍ കാറ്റിന്റെ ദിശയില്‍ തൂക്കിയിടുന്നതും ചൂടു കുറയ്ക്കും. തറയില്‍ പുതിയ ലിറ്റര്‍ വിരിക്കുകയും ദിവസം രണ്ടു മൂന്നു തവണ വിരി ഇളക്കി കൊടുക്കുകയും വേണം.

വേനല്‍ക്കാലത്തെ തീറ്റയും, തീറ്റക്രമവും ഏറെ പ്രധാനമാണ്. ചൂട് കുറഞ്ഞ രാവിലെയും വൈകിട്ടും തീറ്റ നല്‍കുക അതിരാവിലെ ഷെഡില്‍ വെളിച്ചം നല്‍കിയാല്‍ തീറ്റ നല്ലതുപോലെ തിന്നുകൊള്ളും.

ചൂട് കൂടുന്നതോടെ കോഴികള്‍ തീറ്റയെടുക്കുന്നതിന്റെ അളവ് കുറയുന്നതിനാല്‍ കൊടുക്കുന്ന തീറ്റ ഗുണമേന്മയുള്ളതാവണം. തീറ്റ അല്‍പ്പം നനച്ചു നല്‍കാം. പെല്ലറ്റ് തീറ്റയാണ് നല്ലത്. മുട്ടക്കോഴികള്‍ക്ക് കക്ക നല്‍കുന്നത് മുട്ടത്തോടിന് കട്ടികൂടാന്‍ നല്ലതാണ.് തണുത്ത ശുദ്ധജലം സദാസമയവും ലഭ്യമാക്കണം.

ഐസ് കഷ്ണങ്ങള്‍ ഇട്ടുകൊടുത്ത് വെള്ളം തണുപ്പിക്കാം. വാട്ടര്‍ ടാങ്കിലെ വെള്ളം ചൂടാകാതിരിക്കാന്‍ ശ്രദ്ധിക്കണം. വെള്ളപ്പാത്രത്തിന്റെ എണ്ണത്തില്‍ വര്‍ധനവ് വേണം. ഷെഡിലെ സ്ഥല ലഭ്യത കൂട്ടണം. ഒരു ഇറച്ചിക്കോഴിക്ക് സാധാരണ നല്‍കാറുള്ള ഒരു ചതുരശ്രയടി സ്ഥലത്തിനു പകരം 1.2 ചതുരശ്രയടി സ്ഥലം നല്‍കാം. പ്രതിരോധ കുത്തിവെയ്പുകള്‍, മരുന്നുകള്‍ എന്നിവയും അതിരാവിലേയോ വൈകുന്നേരമോ നല്‍കുന്നത് നല്ലത്. വിറ്റാമിനുകളും, ഇലക്ട്രോലൈറ്റുകളും അടങ്ങിയ ടോണിക്കുകള്‍ കുടിവെള്ളത്തില്‍ ചേര്‍ത്ത് നല്‍കുന്നത് വേനലില്‍ കുളിര്‍മ നല്‍കും.


ലാമശഹ:റൃമെയശിഹുാ@്യമവീീ.രീാ

പച്ചക്കറി @ 365 ഉമ്യ

ഐബിന്‍ കാണ്ടാവനം

കാര്‍ഷിക പാരമ്പര്യത്തോടൊപ്പം സസ്യശാസ്ത്രത്തിലെ ബിരുദവും രമാദേവിയെ കൃഷിയുമായി ഏറെ അടുപ്പിച്ചു. ഓരോ സസ്യത്തെയും അറിയുന്നതിനൊപ്പം അവയുടെ പരിചരണ രീതികള്‍ക്കും പ്രാധാന്യം നല്കിയതിനാല്‍ വീട്ടിലേക്കുള്ള പച്ചക്കറി ഉത്പാദനത്തില്‍ ചങ്ങനാശേരി അവണിയില്‍ രമയ്ക്കു സ്വയം പര്യാപ്തത കൈവരിക്കാന്‍ കഴിഞ്ഞു. കഴിഞ്ഞ 20 വര്‍ഷത്തിലധികമായി ചെറിയ രീതിയില്‍ ചെയ്തിരുന്ന അടുക്കളത്തോട്ടം ഇന്ന് വര്‍ഷം മുഴുവന്‍ പച്ചക്കറികള്‍ ഉത്പാദിപ്പിക്കാന്‍ പ്രാപ്തമായിരിക്കുന്നു. അതിനാല്‍ത്തന്നെ വീട്ടിലേക്കുള്ള പച്ചക്കറികള്‍ മാര്‍ക്കറ്റില്‍നിന്നു വാങ്ങേണ്ട ആവശ്യം ഉണ്ടാകുന്നില്ല.

വീടിന്റെ ടെറസിലും മുറ്റത്തുമായാണ് രമ തന്റെ കൃഷിയിടം ഒരുക്കിയിരിക്കുന്നത്. പയര്‍, പടവലം, പാവല്‍, ചുരയ്ക്ക, സാലഡ് വെള്ളരി, പീച്ചില്‍, നിത്യവഴുതന തുടങ്ങിയവ ടെറസില്‍ യഥേഷ്ടം വിളയുന്നു. ചീര, മുളക്, വഴുതന, തക്കാളി തുടങ്ങി നിരവധി പച്ചക്കറികളും അവയോടൊപ്പം സ്ഥാനം പിടിച്ചിരിക്കുന്നു. ഈ കഴിഞ്ഞ സീസണില്‍ നട്ട കാബേജും കോളിഫ്ളവറും നല്ല വിളവു നല്‍കിയതായി രമ പറയുന്നു. ഞാവല്‍മുളക്, ബജി മുളക് തുടങ്ങിയ ഇനങ്ങളും മൂന്നിനം വഴുതിനയും ഇവിടെയുണ്ട്.

പച്ചക്കറികളുടെ വളപ്രയോഗമാണ് ഇവിടുത്തെ പ്രത്യേകത. മുറ്റമടിക്കുമ്പോള്‍ ലഭിക്കുന്ന കരിയിലകള്‍ ചാക്കിനുള്ളില്‍ സൂക്ഷിച്ച് ഉണങ്ങി പൊടിയുന്ന പാകമാകുമ്പോള്‍ കൈകൊണ്ട് പൊടിച്ച് ഗ്രോബാഗ് നിറയ്ക്കുമ്പോള്‍ മണ്ണിനൊപ്പം ചേര്‍ക്കുന്നു.

ഇത് ബാഗിനുള്ളില്‍ ജലാംശത്തെ പിടിച്ചു നിര്‍ത്തുന്നതിനൊപ്പം വളമായും ചെടികള്‍ക്ക് ഉപകാരപ്രദമാകുന്നു. കൂടാതെ അടുക്കളയില്‍നിന്നുള്ള പച്ചക്കറിയവശിഷ്ടങ്ങള്‍ വെറുതെ പാഴാക്കാതെ വളമാക്കിയെടുക്കുകയാണ് ചെയ്യുന്നത്. ഇതിനായി പച്ചക്കറിയവശിഷ്ടങ്ങള്‍ ഒരു ബക്കറ്റില്‍ നിക്ഷേപിച്ച് പഴകിയ ശര്‍ക്കര ചേര്‍ത്ത് കുറച്ചു ദിവസം സൂക്ഷിക്കും. പിന്നീട് ഇതിന്റെ ലായനി നേര്‍പ്പിച്ച് ചെടികള്‍ക്കു നല്കും. ഇതുവഴി പച്ചക്കറികളുടെ വളര്‍ച്ച ത്വരിതപ്പെടുന്നതോടൊപ്പം മികച്ച വിളവും ലഭിക്കുന്നുണ്െടന്നാണ് രമയുടെ പക്ഷം. ഇവയെക്കൂടാതെ കടലപ്പിണ്ണാക്കും പച്ചച്ചാണകവും പുളിപ്പിച്ച മിശ്രിതം നേര്‍പ്പിച്ചു കൊടുക്കാറുമുണ്ട്.

കീടനാശിനിയായി സാധാരണ വേപ്പെണ്ണ-വെളുത്തുള്ളി മിശ്രിതം തളിക്കാറാണു പതിവ്. മുളകിന്റെ മുരടിപ്പിനു പ്രതിവിധിയായി ഫിഷ് അമിനോ ആസിഡ് അല്ലങ്കില്‍ കുമ്മായം ചുവട്ടില്‍ നല്കും. പച്ചക്കറികള്‍ എന്നും നിരീക്ഷിക്കണമെന്നാണ് രമ പറയുന്നത്. എന്നും രാവിലെ ടെറസില്‍ കയറിയാല്‍ രണ്ടുമണിക്കൂറുകളോളം പച്ചക്കറിത്തോട്ടത്തില്‍ ചെലവഴിക്കുകയാണ് രമയുടെ പതിവ്. കൂടാതെ ഇത് മാനസിക ഉണര്‍വ് നല്കുന്നു. കീടങ്ങളെ നിരീക്ഷിക്കാനും കഴിയും.

ദിവസവും രണ്ടുനേരമാണ് നന. ടെറസില്‍ വളരുന്നവയ്ക്ക് പരിമിത അളവില്‍ മാത്രമേ വെള്ളം നല്കാറുള്ളു. കുപ്പികളില്‍ വെള്ളം നിറച്ച് അടിയില്‍ ചെറിയ സുഷിരമിട്ട് എല്ലാ ഗ്രോബാഗിലും വയ്ക്കാറുണ്ട്. ഇതുവഴി ചെടിക്കാവശ്യമായ വെള്ളം ചെറിയ അളവില്‍ ചുവട്ടില്‍ ലഭിക്കുന്നു. ഗോബാഗുകള്‍ ടെറസില്‍ വച്ചിരിക്കുന്നതിലും പ്രത്യേകതയുണ്ട്. ഒട്ടും ചെലവില്ലാത്ത രീതിയില്‍ ചിരട്ട അടുക്കിയാണ് ബാഗുകള്‍ വച്ചിരിക്കുന്നത്. കൂടാതെ പിവിസി പൈപ്പ് ഉപയോഗിച്ച് ചെറിയ സ്റ്റാന്‍ഡ് ഉണ്ടാക്കിയും ബാഗ് വച്ചിരിക്കുന്നു.

കൃഷിയുടെ കാര്യത്തില്‍ ഭര്‍ത്താവ് സദാനന്ദനും മക്കളായ കാര്‍ത്തികയും അഭിമന്യുവും രമയ്ക്ക് പൂര്‍ണ പിന്തുണയാണ് നല്കുന്നത്. യാത്രകളില്‍ ശ്രദ്ധയില്‍പ്പെടുന്ന അപൂര്‍വ പച്ചക്കറികളും അമ്മയ്ക്ക് എത്തിച്ചു നല്കാന്‍ മക്കള്‍ ഇരുവരും ശ്രദ്ധിക്കാറുണ്ട്.

കാര്‍ഷിക രംഗത്തെ പുത്തന്‍ മാറ്റങ്ങളോടു സമീപനങ്ങളോടും മുഖംതിരിച്ചിരുന്ന മലയാളികള്‍ അടുക്കളത്തോട്ടത്തിന്റെ പ്രാധാന്യം മനസിലാക്കി വരുന്നുവെന്നത് ശുഭ സൂചനയാണ്.

എന്തിനും ഏതിനും അയല്‍ സംസ്ഥാനങ്ങളിലെ വിഷം നിറഞ്ഞ ഭക്ഷ്യവസ്തുക്കള്‍ക്കായി കാത്തിരിക്കുന്ന രീതി മാറ്റി, അല്പം സമയം നീക്കിവെച്ച് ചെറിയ രീതിയില്‍ അടുക്കളയിലേക്കാവശ്യമായ പച്ചക്കറികള്‍ ഉത്പാദിപ്പിക്കുന്നത് ഒരുപക്ഷേ അടുത്ത തലമുറയുടെ നിലനില്പിനെ സഹായിച്ചേക്കാം. കാര്‍ഷിക രംഗത്തോടു താല്പര്യമുള്ളവര്‍ക്കു രമയുടെ കൃഷിരാതികള്‍ മാതൃകയാകട്ടെ...

രമാദേവി: 9446468569
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.