ഒഎന്‍വി ആദര്‍ശനിഷ്ഠയുള്ള എഴുത്തുകാരന്‍: ചെമ്മനം
Friday, March 27, 2015 1:03 AM IST
കൊച്ചി: ചിന്ത പബ്ളിഷേഴ്സ് പ്രസിദ്ധീകരിച്ച പോക്കുവെയില്‍ മണ്ണിലെഴുതിയത് എന്ന ഒഎന്‍വി കുറുപ്പിന്റെ അനുഭവക്കുറിപ്പുകള്‍ കൊച്ചിയില്‍ പ്രകാശനംചെയ്തു. സാഹിത്യകാരന്‍ ചെമ്മനം ചാക്കോ പ്രകാശനം നിര്‍വഹിച്ചു. ആദര്‍ശത്തിന്റെ ശക്തിയും നിഷ്ഠയുമുള്ള എഴുത്തുകാരനാണ് ഒഎന്‍വി കുറുപ്പെന്നു ചെമ്മനം പറഞ്ഞു.

എഴുത്തിന്റെ തുടക്കത്തില്‍ വിപ്ളവകവിയെന്നു വിമര്‍ശിക്കപ്പെട്ട അദ്ദേഹം പിന്നീടു വിപ്ളവബോധമില്ലാത്ത കവിയെന്നും വിലയിരുത്തപ്പെട്ടിട്ടുണ്ട്. വിപ്ളവബോധം കാത്തുസൂക്ഷിക്കുമ്പോഴും കാവ്യാത്മകത കൈവിടാതിരിക്കാന്‍ അദ്ദേഹം ശ്രദ്ധിച്ചിട്ടുണ്െടന്നും ചെമ്മനം ചാക്കോ പറഞ്ഞു.


സൂക്ഷ്മമായ നിരീക്ഷണവും ലളിതമായ ജീവിതവീക്ഷണവുമാണ് ഒഎന്‍വി കുറുപ്പിന്റെ കവിതകളുടെ പ്രത്യേകതയെന്ന് എഴുത്തുകാരനും തിരക്കഥാകൃത്തുമായ ജോണ്‍ പോള്‍ പുസ്തകം ഏറ്റുവാങ്ങികൊണ്ടു പറഞ്ഞു. കവിതയ്ക്കുവേണ്ടിയുള്ള നിരന്തരമായ അന്വേഷണങ്ങളാണിതിന്റെ പ്രത്യേകതയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എറണാകുളം പബ്ളിക് ലൈബ്രറിയില്‍ നടന്ന ചടങ്ങില്‍ പി. രാജീവ് എംപി അധ്യക്ഷനായി. ഒഎന്‍വി കുറുപ്പിന്റെ സന്ദേശം ചടങ്ങില്‍ വായിച്ചു. ഡോ. എം. തോമസ് മാത്യു, ഫാ. പോള്‍ തേലക്കാട്ട്, ദേശാഭിമാനി കൊച്ചി യൂണിറ്റ് മാനേജര്‍ സി.എന്‍.മോഹനന്‍ എന്നിവര്‍ പ്രസംഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.