സംഗീത നാടക അക്കാഡമി പുരസ്കാരങ്ങള്‍ സമ്മാനിച്ചു
Friday, March 27, 2015 1:06 AM IST
തിരുവനന്തപുരം: കേരള സംഗീത നാടക അക്കാഡമി വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച കലാകാരന്മാര്‍ക്കുള്ള കലാശ്രീ, ഗുരുപൂജ പുരസ്കാരങ്ങളും സംസ്ഥാന അമച്വര്‍ നാടക മത്സര വിജയികള്‍ക്കുള്ള അവാര്‍ഡുകളും സമ്മാനിച്ചു.

തൈക്കാട് ഗസ്റ് ഹൌസില്‍ നടന്ന ചടങ്ങില്‍ മന്ത്രി വി.എസ്. ശിവകുമാര്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു.സംസ്ഥാന സര്‍ക്കാര്‍ കലാകാരന്മാരെ പ്രോത്സാഹിപ്പിക്കുമെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ മന്ത്രി പറഞ്ഞു. കലാകാരന്മാര്‍ക്കായി സര്‍ക്കാര്‍ ഇന്‍ഷ്വറന്‍സ് ഏര്‍പ്പെടുത്തുകയും അവാര്‍ഡുകളുടേയും ഫെലോഷിപ്പുകളുടേയും തുക വര്‍ധിപ്പിക്കുകയും ചെയ്തുവെന്നു മന്ത്രി പറഞ്ഞു.

നാടകരംഗത്തു ചെറുന്നിയൂര്‍ ജയപ്രസാദ്, നൂറില്‍പ്പരം സംഗീത കച്ചേരി അവതരിപ്പിക്കുകയും കര്‍ണാടക സംഗീതത്തില്‍ പിഎച്ച്ഡി നേടുകയും ചെയ്ത ആദ്യ വൈദികനായ റവ.ഡോ. പോള്‍ പൂവത്തിങ്കല്‍ തുടങ്ങി 56 കലാകാരന്മാരെ മന്ത്രി ആദരിച്ചു. സംഗീത നാടക അക്കാദമി ചെയര്‍മാന്‍ സൂര്യ കൃഷ്ണമൂര്‍ത്തി ആമുഖ പ്രഭാഷണം നടത്തി. അക്കാഡമി വൈസ് ചെയര്‍മാന്‍ ടി.എം. ഏബ്രഹാം അവാര്‍ഡ് ജേതാക്കളെ പരിചയപ്പെടുത്തി. സാഹിത്യ അക്കാഡമി പ്രസിഡന്റ് പെരുമ്പടവം ശ്രീധരന്‍ പ്രസംഗിച്ചു.

സംഗീതനാടക അക്കാഡമി സെക്രട്ടറി ഡോ.പി.വി. കൃഷ്ണന്‍നായര്‍ സ്വാഗതവും നിര്‍വാഹക സമിതിയംഗം ബേബി മുണ്ടാടന്‍ നന്ദിയും പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.