വിശുദ്ധ അമ്മത്രേസ്യയുടെ 500-ാം ജന്മദിന ആഘോഷത്തിനു ഭക്തിനിര്‍ഭര തുടക്കം
വിശുദ്ധ അമ്മത്രേസ്യയുടെ 500-ാം ജന്മദിന ആഘോഷത്തിനു ഭക്തിനിര്‍ഭര തുടക്കം
Friday, March 27, 2015 1:07 AM IST
മാഹി: മാഹി സെന്റ് തെരേസാസ് തീര്‍ഥാടന കേന്ദ്രത്തില്‍ വിശുദ്ധ അമ്മത്രേസ്യയുടെ 500-ാം ജന്മദിനാഘോഷത്തിനു ഭക്തിനിര്‍ഭരമായ തുടക്കം. ഇന്നലെ രാവിലെ ഇടവക വികാരി റവ.ഡോ.ജെറോം ചിങ്ങന്തറ കൊടിയേറ്റിയതോടെയാണു മൂന്നുദിവസത്തെ ആഘോഷങ്ങള്‍ക്കു തുടക്കമായത്. ഒക്ടോബറിലെ തിരുനാള്‍ ആഘോഷത്തിനുശേഷം രഹസ്യ അറയിലേക്കു മാറ്റിയ വിശുദ്ധയുടെ അദ്ഭുത തിരുസ്വരൂപം ഉച്ചയ്ക്ക് 12ന് ഇടവക വികാരി ഡോ. ജെറോം ചിങ്ങന്തറ പൊതുവണക്കത്തിനായി പ്രതിഷ്ഠ നടത്തി. നിരവധി വൈദികരുടെയും നാനാജാതി മതസ്ഥരായ നൂറുകണക്കിനു വിശ്വാസികളുടെയും സാന്നിധ്യത്തിലായിരുന്നു ചടങ്ങ്. പാരിഷ് പാസ്ററല്‍ കൌണ്‍സില്‍ സെക്രട്ടറി ഇഗ്നേഷ്യസ് സ്റാന്‍ലി ഡിസില്‍വ, ഫാ.സജീവ് വര്‍ഗീസ്, ജോയിന്റ് സെക്രട്ടറി വിന്‍സെന്റ് ഫെര്‍ണാണ്ടസ്, ജോസ് ബേസില്‍ ഡിക്രൂസ്, മറ്റു പാരിഷ് കൌണ്‍സില്‍ അംഗങ്ങള്‍ എന്നിവര്‍ നേതൃത്വം നല്‍കി. ദിവ്യബലി, ആരാധന, നൊവേന എന്നിവയും നടന്നു. ചടങ്ങുകളെത്തുടര്‍ന്ന് നേര്‍ച്ചക്കഞ്ഞി വിതരണവുമുണ്ടായിരുന്നു. തിരുസ്വരൂപത്തില്‍ പൂമാല ചാര്‍ത്താന്‍ വന്‍ തിരക്ക് അനുഭവപ്പെട്ടു.

വൈകുന്നേരം കണ്ണൂര്‍ രൂപത ബിഷപ് ഡോ.അലക്സ് വടക്കുംതലയുടെ മുഖ്യകാര്‍മികത്വത്തില്‍ സാഘോഷ ദിവ്യബലി, വചന പ്രഘോഷണം, നൊവേന, പരിശുദ്ധ കുര്‍ബാനയുടെ ആശീര്‍വാദം എന്നിവ നടന്നു. ദേവാലയത്തിലെത്തിയ ബിഷപ്പിനെ സെമിത്തേരി ജംഗ്ഷനില്‍ നിന്നു ഘോഷയാത്രയായാണു വരവേറ്റത് . ബിഷപ് ഡോ. അലക്സ് വടക്കുംതലയുടെ കാര്‍മികത്വത്തില്‍ ഇന്നു വൈകുന്നേരം നാലിന് കുരിശിന്റെ വഴി നടക്കും. 4.45ന് സുല്‍ത്താന്‍പേട്ട് രൂപത ബിഷപ് ഡോ. പീറ്റര്‍ അബീര്‍ അന്തോണി സ്വാമിക്കു സ്വീകരണം. റെയില്‍വേ സ്റേഷന്‍ റോഡ് ജംഗ്ഷനില്‍നിന്ന് ബിഷപ്പിനെ സ്വീകരിച്ച് ദേവാലയത്തിലേക്ക് ആനയിക്കും. തുടര്‍ന്നു ബിഷപ്പിന്റെ മുഖ്യകാര്‍മികത്വത്തില്‍ ദിവ്യബലി, വചന പ്രഘോഷണം, നൊവേന എന്നിവ നടക്കും. രാത്രി ഏഴിന് വിശുദ്ധ അമ്മത്രേസ്യയുടെ തിരുസ്വരൂപവും വഹിച്ചുള്ള നഗരപ്രദക്ഷിണവും തുടര്‍ന്നു പരിശുദ്ധ കുര്‍ബാനയുടെ ആശീര്‍വാദവുമുണ്ടായിരിക്കും. നാളെ രാവിലെ 10.15ന് കോഴിക്കോട് രൂപത ബിഷപ് ഡോ. വര്‍ഗീസ് ചക്കാലയ്ക്കലിനു സ്വീകരണം. 10.30ന് പൊന്തിഫിക്കല്‍ ദിവ്യബലി, വചന പ്രഘോഷണം, നൊവേന എന്നിവയ്ക്കു ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍ കാര്‍മികത്വം വഹിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.