മദ്യനിരോധനം: സര്‍ക്കാര്‍ പിന്നോട്ടുപോയെന്നു കരുതാനാവില്ലെന്നു മാര്‍ ആലഞ്ചേരി
മദ്യനിരോധനം: സര്‍ക്കാര്‍ പിന്നോട്ടുപോയെന്നു  കരുതാനാവില്ലെന്നു മാര്‍ ആലഞ്ചേരി
Friday, March 27, 2015 1:09 AM IST
കൊച്ചി: ഘട്ടം ഘട്ടമായി സമ്പൂര്‍ണ മദ്യനിരോധനമെന്ന ലക്ഷ്യത്തില്‍നിന്നു സംസ്ഥാന സര്‍ക്കാര്‍ പിന്നോട്ടുപോയെന്ന് ഇപ്പോഴത്തെ സാഹചര്യത്തില്‍ പറയാനാവില്ലെന്നു സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. മദ്യനിരോധനമല്ല ലക്ഷ്യമെന്നു സര്‍ക്കാര്‍ അഭിഭാഷകന്‍ ഹൈക്കോടതിയെ അറിയിച്ചതു നിയമപരമായ വ്യാഖ്യാനം മാത്രമായി കണ്ടാല്‍ മതി. പത്തു വര്‍ഷംകൊണ്ടു സമ്പൂര്‍ണ മദ്യനിരോധനം സാധ്യമാകുമെന്നാണു സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

മദ്യവര്‍ജനമെന്ന ലക്ഷ്യത്തിലേക്കെത്താന്‍ മദ്യനിരോധനമടക്കമുള്ള നിയമനടപടി സഹായകമാകും. സര്‍ക്കാര്‍ നിലപാടുകളോടുള്ള പ്രതികരണമെന്ന നിലയില്‍ വേണം കെസിബിസി മദ്യനിരോധന സമിതിയുടെ നിലപാടുകള്‍ പരിഗണിക്കാന്‍. തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ വിശ്വാസികളുടെ വികാരങ്ങള്‍ പ്രതിഫലിച്ചേക്കാം.


കെ.എം. മാണിക്കെതിരേ എല്‍ഡിഎഫ് പ്രഖ്യാപിച്ചിരിക്കുന്ന സമരവുമായി ബന്ധപ്പെട്ടു പ്രതികരിക്കാന്‍ ആഗ്രഹിക്കുന്നില്ല. പ്രത്യക്ഷ രാഷ്ട്രീയ കാര്യങ്ങളില്‍ ഉടന്‍ പ്രതികരിക്കുക സഭയുടെ രീതിയല്ല. മദ്യക്കച്ചവടവും മറ്റും നടത്തുന്നവരുടെ പണംകൊണ്ടു തിരുനാളുകള്‍ നടത്തരുതെന്നു നിര്‍ദേശിച്ചിട്ടുണ്ട്. എന്നാലിത് അടിച്ചേല്‍പ്പിക്കാനാവില്ല. തെറ്റുകാരെ തിരസ്കരിക്കാനല്ല, ഒപ്പം കൂട്ടാനാണു സഭ ഉദ്ബോധിപ്പിക്കുന്നത്. മദ്യം വില്‍ക്കുന്നവരെ സഭയില്‍നിന്നു പുറത്താക്കാനാവില്ലെന്നും അവര്‍ സ്വയം ബോധ്യപ്പെട്ടു തിരുത്തലുകള്‍ വരുത്തുകയാണു വേണ്ടതെന്നും മാര്‍ ആലഞ്ചേരി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.