മൂന്നു മാസത്തിനുള്ളില്‍ 1000 വീടുകള്‍കൂടി നല്‍കും
മൂന്നു മാസത്തിനുള്ളില്‍  1000 വീടുകള്‍കൂടി നല്‍കും
Friday, March 27, 2015 12:57 AM IST
തിരുവനന്തപുരം: സംസ്ഥാന ഭവനനിര്‍മാണ ബോര്‍ഡിന്റെ ജനകീയ പാര്‍പ്പിട പദ്ധതിയായ ഗൃഹശ്രീ പദ്ധതിയില്‍ മൂന്നു മാസത്തിനുള്ളില്‍ 1000 വീടുകള്‍കൂടി നല്‍കുമെന്ന് ചെയര്‍മാന്‍ അറയ്ക്കല്‍ ബാലകൃഷ്ണപിള്ള പത്രസമ്മേളനത്തില്‍ അറിയിച്ചു.

നാലു ലക്ഷം രൂപ ചെലവുവരുന്ന വീടിനു ഗുണഭോക്താവും സ്പോണ്‍സറും ഒരു ലക്ഷം വീതം അടയ്ക്കുമ്പോള്‍ രണ്ടു ലക്ഷം രൂപ സര്‍ക്കാര്‍ സബ്സിഡി നല്‍കും. പദ്ധതിയില്‍ 525 വീടുകള്‍ നല്‍കിക്കഴിഞ്ഞു. പദ്ധതിക്കു സാമ്പത്തിക സഹായം നല്‍കാന്‍ 17,000 സ്പോണ്‍സര്‍മാര്‍ സന്നദ്ധരായിട്ടുണ്ട്. ഗൃഹശ്രീ പദ്ധതിയിലുടെ ഈ വര്‍ഷം 5000 വീടുകള്‍ നല്‍കുകയെന്നതാണു ലക്ഷ്യം. സാമൂഹിക പ്രതിബദ്ധതയുള്ള നിരവധി പദ്ധതികളാണു ഭവനനിര്‍മാണ ബോര്‍ഡ് ഏറ്റെടുത്ത് വിജയകരമായി നടപ്പാക്കിയിട്ടുള്ളത്. എറണാകുളം, കോതമംഗലം, ചങ്ങനാശേരി, തിരുവല്ല, അടൂര്‍, നെടുമങ്ങാട് എന്നിവടങ്ങളിലെ റവന്യൂ ടവറിന്റെ നിര്‍മാണവും നടത്തിപ്പും ബോര്‍ഡ് വിജയകരമായി നിര്‍വഹിച്ചുവരികയാണെന്നും ചെയര്‍മാന്‍ അറിയിച്ചു.

10 വര്‍ഷമായി നിര്‍ജീവമായിരുന്ന സംസ്ഥാന ഭവനനിര്‍മാണ ബോര്‍ഡിനെ കടക്കെണിയില്‍ നിന്നു മോചിപ്പിക്കാന്‍ നിലവിലെ ഭരണസമിതിക്കു കഴിഞ്ഞതായും ചെയര്‍മാന്‍ പറഞ്ഞു. ഹഡ്കോയ്ക്ക് കുടിശിക ഉണ്ടായിരുന്ന 730.67 കോടി രൂപയും ഫെഡറല്‍ ബാങ്കിനു നല്‍കേണ്ടിയിരുന്ന 25 കോടിയും പലിശ സഹിതം അടച്ചുതീര്‍ത്തു. 15 വര്‍ഷങ്ങള്‍ക്കു ശേഷം പാവപ്പെട്ടവര്‍ക്കായി സൌഭാഗ്യ എന്ന പേരില്‍ ഭവനവായ്പാ പദ്ധതിക്ക് സര്‍ക്കാര്‍ അംഗീകാരം നല്‍കിയിട്ടുണ്ട്.

ദുര്‍ബല വിഭാഗക്കാര്‍ക്കു നാലു ശതമാനം പലിശ നിരക്കില്‍ രണ്ടു ലക്ഷവും താഴ്ന്ന വരുമാനക്കാര്‍ക്ക് 6.5 ശതമാനം പലിശ നിരക്കില്‍ അഞ്ചു ലക്ഷം വരെയും വായ്പ നല്‍കുന്ന പദ്ധതിയാണിത്. ദുര്‍ബല വിഭാഗത്തിന്റെ ഏഴു ശതമാനവും താഴ്ന്ന വരുമാനക്കാരുടെ അഞ്ച് ശതമാനവും പലിശ സബ്സിഡി സര്‍ക്കാര്‍ വഹിക്കും. ഇതിനായി 2014-15, 15-16 ബജറ്റുകളില്‍ 10 കോടി രൂപ വീതം വകയിരുത്തിയിട്ടുണ്ട്.


രോഗികളുടെ കൂട്ടിരിപ്പുകാര്‍ക്കു കുറഞ്ഞ വാടകയ്ക്ക് താമസ സൌകര്യമൊരുക്കാന്‍ സാന്ത്വനം ഭവന പദ്ധതിക്ക് 7.5 കോടി രൂപയാണു വകയിരുത്തിയിട്ടുള്ളത്. തിരുവനന്തപുരം, കോഴിക്കോട്, കട്ടപ്പന, മുളങ്കുന്നത്തുകാവ്, ചാലക്കുടി, ഇടപ്പള്ളി എന്നിവിടങ്ങളില്‍ വര്‍ക്കിംഗ് വിമന്‍സ് ഹോസ്റലുകള്‍ പൂര്‍ത്തിയാക്കും. പൂജപ്പുരയില്‍ നാല് കോടി രൂപ ചെലവില്‍ അത്താണി ഭവന പദ്ധതി പ്രകാരം ഫ്ളാറ്റുകള്‍ നിര്‍മിച്ച് ഈ വര്‍ഷം വിതരണം ചെയ്യും. പ്രവാസി ഭവന പദ്ധതി, വിവിധ വകുപ്പുകളുടെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും 500 കോടിയോളം അടങ്കല്‍ വരുന്ന കണ്‍സള്‍ട്ടന്‍സി ആന്‍ഡ് ഡെപ്പോസിറ്റ് വര്‍ക്കുകളും ബോര്‍ഡ് ചെയ്തു വരുന്നുണ്ട്.

എല്ലാവര്‍ക്കും പാര്‍പ്പിടം എന്ന ലക്ഷ്യത്തോടെ സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ള മൂന്നു പദ്ധതികളുടെ നിര്‍വഹണച്ചുമതല ഭവന നിര്‍മാണ ബോര്‍ഡിന് നല്‍കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെടാന്‍ തീരുമാനിച്ചിട്ടുണ്ട്.

പത്രസമ്മേളനത്തില്‍ എക്സിക്യൂട്ടീവ് ഓഫീസര്‍ സുനിത കമല്‍, ചീഫ് എന്‍ജിനിയര്‍ രാജീവ് കരിയില്‍, ഡെപ്യൂട്ടി ചീഫ് എന്‍ജിനിയര്‍ എം.വല്‍സമ്മ, റീജിയണല്‍ എന്‍ജിനിയര്‍ പി.എന്‍.റാണി തുടങ്ങിയവരും പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.