തീര്‍ഥാടകരെ വരവേല്ക്കാന്‍ മലയാറ്റൂര്‍ ഒരുങ്ങി
തീര്‍ഥാടകരെ വരവേല്ക്കാന്‍ മലയാറ്റൂര്‍ ഒരുങ്ങി
Friday, March 27, 2015 1:16 AM IST
കൊച്ചി: അന്തര്‍ദേശീയ തീര്‍ഥാടനകേന്ദ്രമായ മലയാറ്റൂര്‍ കുരിശുമുടിയിലും സെന്റ് തോമസ് പള്ളിയിലും (താഴത്തെ പള്ളി) തീര്‍ഥാടകരെ വരവേല്ക്കാന്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ക്രിസ്തുവിന്റെ ശിഷ്യനും ഭാരതത്തിന്റെ അപ്പസ്തോലനുമായ മാര്‍ തോമാശ്ളീഹായുടെ പാദസ്പര്‍ശമേറ്റ പുണ്യഭൂമി എന്ന നിലയില്‍ വിശുദ്ധവാരത്തില്‍ മല കയറുന്നതിനും തിരുക്കര്‍മങ്ങളില്‍ പങ്കെടുക്കുന്നതിനുമായി ലക്ഷക്കണക്കിനു വിശ്വാസികളാണു മലയാറ്റൂരിലേക്കെത്തുന്നതെന്നു മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പത്രസമ്മേളനത്തില്‍ പറഞ്ഞു.

വലിയ നോമ്പ് ആരംഭിച്ചതു മുതല്‍ മലയാറ്റൂരിലേക്കു തീര്‍ഥാടകര്‍ എത്തിത്തുടങ്ങി. മലയാറ്റൂര്‍ മഹാഇടവകയുടെ മലകയറ്റത്തോടെയാണ് ഇക്കുറി തീര്‍ഥാടനം ആരംഭിച്ചത്. എറണാകുളം-അങ്കമാലി അതിരൂപതയിലെ 16 ഫൊറോനകളിലെ ഇടവകകാംഗങ്ങള്‍ നിശ്ചിത ദിവസങ്ങളില്‍ മലയാറ്റൂര്‍ തീര്‍ഥാടനം നടത്തി.

തീര്‍ഥാടകര്‍ക്കായി വിപുലമായ സൌകര്യങ്ങളാണ് ഇക്കുറി മലയാറ്റൂര്‍ അടിവാരത്തും കുരിശുമുടിയിലും സജ്ജമാക്കിയിട്ടുള്ളത്. അടിവാരത്തു വിശാലമായ പാര്‍ക്കിംഗ് ഗ്രൌണ്ടുകള്‍ ക്രമീകരിച്ചിട്ടുണ്ട്. രാത്രിയില്‍ മലകയറുന്നവര്‍ക്കായി താഴത്തെ പള്ളി മുതല്‍ കുരിശുമുടി വരെ ലൈറ്റുകള്‍ സ്ഥാപിച്ചു. 24 മണിക്കൂറും പോലീസ്, മെഡിക്കല്‍, ഫയര്‍ഫോഴ്സ് എന്നീ വിഭാഗങ്ങളുടെയും വോളന്റിയര്‍മാരുടെയും സേവനം ലഭ്യമാണ്. നേരത്തെ അറിയിച്ച് എത്തുന്ന തീര്‍ഥാടകര്‍ക്കു താമസത്തിനു താഴത്തെ പള്ളിക്കു സമീപത്തെ പില്‍ഗ്രിംസ് സെന്ററില്‍ സൌകര്യമൊരുക്കും. താഴത്തെ പള്ളി മുതല്‍ കുരിശുമുടി വരെ നിരീക്ഷണ കാമറകളും സ്ഥാപിച്ചു. കുരിശുമുടിയിലും താഴത്തെ പള്ളിയിലും കുമ്പസാരത്തിനും തുടര്‍ച്ചയായി വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കാനും സൌകര്യമുണ്ടാകും. വിശുദ്ധവാരാചരണത്തിന്റെ തിരുക്കര്‍മങ്ങള്‍ താഴത്തെ പള്ളിയിലും കുരിശുമുടിയിലും ഉണ്ടാകും.


പുതുഞായര്‍ തിരുനാളിന് ഏപ്രില്‍ ഒമ്പതിനു കൊടിയേറും. താഴത്തെ പള്ളിയില്‍ രാവിലെ ആറിനു ബിഷപ് മാര്‍ ജോസ് പുത്തന്‍വീട്ടില്‍ കൊടിയേറ്റ് നിര്‍വഹിക്കും. കുരിശുമുടിയില്‍ കൊടിയേറ്റ് വൈകുന്നേരം 5.30നു റെക്ടര്‍ ഫാ. സേവ്യര്‍ തേലക്കാട്ടാണു നിര്‍വഹിക്കുന്നത്. പ്രധാന തിരുനാള്‍ ദിനമായ 12നു താഴത്തെ പള്ളിയില്‍ രാവിലെ 10.30ന് ആഘോഷമായ പാട്ടുകുര്‍ബാനയ്ക്കു ഫാ. പോള്‍ മനയമ്പിള്ളി മുഖ്യകാര്‍മികത്വം വഹിക്കും. പ്രസംഗം റവ.ഡോ.ജോസ് ചിറമേല്‍. കുരിശുമുടിയില്‍ രാവിലെ 9.30നു റവ.ഡോ. ജോസ് പുതിയേടത്തിന്റെ മുഖ്യകാര്‍മികത്വത്തില്‍ ആഘോഷമായ തിരുനാള്‍ പാട്ടുകുര്‍ബാനയും പ്രസംഗവും. തുടര്‍ന്നു പ്രദക്ഷിണം. ഏപ്രില്‍ 19നാണ് എട്ടാമിടം തിരുനാള്‍.

കുരിശുമുടി റെക്ടര്‍ ഫാ. സേവ്യര്‍ തേലക്കാട്ട്, സെന്റ് തോമസ് പള്ളി വികാരി റവ.ഡോ. ജോണ്‍ തേയ്ക്കാനത്ത്, അതിരൂപത പാസ്ററല്‍ കോ-ഓര്‍ഡിനേറ്റര്‍ ഫാ. ജോസ് മണ്ടാനത്ത്, റവ.ഡോ. പോള്‍ തേലക്കാട്ട്, പാസ്ററല്‍ കൌണ്‍സില്‍ സെക്രട്ടറി സിജോ പൈനാടത്ത്, മലയാറ്റൂര്‍ പള്ളി കൈക്കാരന്മാരായ ബിജു ചിറയത്ത്, വര്‍ഗീസ് മേനാച്ചേരി, ചാക്കോച്ചന്‍ മാടവന എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.