യുഎഇയില്‍ മലയാളിയുടെ വധശിക്ഷ: അന്തിമവിധി തിങ്കളാഴ്ച
യുഎഇയില്‍ മലയാളിയുടെ വധശിക്ഷ: അന്തിമവിധി തിങ്കളാഴ്ച
Saturday, March 28, 2015 12:11 AM IST
കോഴിക്കോട്: വധശിക്ഷയ്ക്കു വിധിക്കപ്പെട്ടു യുഎഇ ജയിലില്‍ കഴിയുന്ന മലയാളിയുടെ അപേക്ഷയില്‍ അവിടത്തെ പരമോന്നത കോടതി തിങ്കളാഴ്ച അന്തിമവിധി പറയും. അബുദാബിയിലെ സ്കൂളില്‍ ജോലിക്കാരനായിരുന്ന മലപ്പുറം തിരൂര്‍ സ്വദേശി ഇ.കെ. ഗംഗാധരനാണ് (56) വിധി പ്രഖ്യാപനത്തിനു കാത്തിരിക്കുന്നത്. അതേസമയം ശിക്ഷ ഒഴിവാക്കാന്‍ സര്‍ക്കാര്‍ ഇടപെടുമെന്ന പ്രതീക്ഷയോടെ കഴിയുകയാണ് ഗംഗാധരന്റെ കുടുംബം.

32 വര്‍ഷമായി ഗംഗാധരന്‍ വിദേശത്തായിരുന്നു. 2013 ഏപ്രില്‍ 14ന് ഇതേ സ്കൂളിലെ യുഎഇ സ്വദേശിയായ ഏഴു വയസുകാരിയെ പീഡിപ്പിച്ചു എന്നാരോപിച്ച് സഹജീവനക്കാരായ അഞ്ചു പേരോടൊപ്പം ഗംഗാധരനെ അറസ്റ് ചെയ്യുകയായിരുന്നു. കുട്ടിയില്‍നിന്നും ഗംഗാധരനില്‍നിന്നും സാമ്പിളുകള്‍ ശേഖരിച്ചു ഡിഎന്‍എ, ഫോറന്‍സിക് തുടങ്ങിയ ശാസ്ത്രീയ പരിശോധനകള്‍ക്കു വിധേയമാക്കിയെങ്കിലും കുറ്റകൃത്യം സാധൂകരിക്കാന്‍ തക്ക തെളിവുകളൊന്നും ലഭിച്ചിട്ടില്ല. ഈ മെഡിക്കല്‍ റിപ്പോര്‍ട്ട് പരിഗണിക്കാതെയാണു വധശിക്ഷ വിധിച്ചിരിക്കുന്നതെന്നു ഗംഗാധരന്റെ ബന്ധുക്കള്‍ പറഞ്ഞു. ക്രൂരമായി മര്‍ദിച്ചും ആവശ്യമായ നിയമസഹായം നല്‍കാതെയും ഗംഗാധരനെക്കൊണ്ട് കുറ്റം സമ്മതിപ്പിക്കുകയായിരുന്നുവെന്ന് ഇവര്‍ ആരോപിക്കുന്നു. പരാതിയില്‍ നഷ്ടപരിഹാരമായി അഞ്ച് മില്യന്‍ ദിര്‍ഹം (എട്ടു കോടി രൂപ) പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ ആവശ്യപ്പെട്ടിരുന്നു. സാമ്പത്തികനേട്ടത്തിനുവേണ്ടി കെട്ടിച്ചമച്ച കേസാണിതെന്ന് ഇതില്‍നിന്നുതന്നെ വ്യക്തമാണ്.

ശാസ്ത്രീയ തെളിവുകളൊന്നും പരിഗണിക്കാതെ കീഴ്ക്കോടതി നടത്തിയ വിധിക്കെതിരേ ഗംഗാധരന്റെ ബന്ധുക്കളും സ്കൂള്‍ അധികാരികളും മേല്‍ക്കോടതിയെ സമീപിച്ചിരുന്നു. ഇതേത്തുടര്‍ന്ന് 2014 മേയ് ആറിലെ വിധിയില്‍ പുനര്‍വിചാരണയ്ക്ക് ഉത്തരവിടുകയുംചെയ്തു. തുടര്‍ന്ന് ജനുവരി 25നു വന്ന കോടതി വിധിയില്‍, കുട്ടിയും കുട്ടിയുടെ മാതാവും പ്രതിയെ തിരിച്ചറിഞ്ഞെന്നും പ്രതി കുറ്റം സമ്മതിച്ചു എന്നുമുള്ള സാഹചര്യം പരിഗണിച്ചു വധശിക്ഷ ശരിവയ്ക്കുകയാണുണ്ടായത്. തുടര്‍ന്നു യുഎഇയിലെ പരമോന്നത കോടതിയില്‍ അപ്പീല്‍ സമര്‍പ്പിച്ചിരിക്കുകയാണ്. ഇതിന്മേല്‍ ഈ മാസം 18നു പ്രഖ്യാപിക്കേണ്ട വിധി തിങ്കളാഴ്ത്തേക്കു മാറ്റുകയായിരുന്നു. രണ്ടു ദിവസം മാത്രം ബാക്കിനില്‍ക്കെ ഇന്ത്യാ ഗവണ്‍മെന്റിന്റെ ഇടപെടലും അതിനുവേണ്ടി സംസ്ഥാന സര്‍ക്കാരിന്റെ സമ്മര്‍ദവും ഉണ്ടാക്കാനുള്ള പരിശ്രമത്തിലാണു നാട്ടുകാരും ബന്ധുക്കളും. സര്‍ക്കാരുകളുടെ ഇടപെടലിന് പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ഭാര്യയും മൂന്നു പെണ്‍കുട്ടികളുമുള്ള ഗംഗാധരന്റെ കുടുംബം.


ഗംഗാധരന്റെ മോചനവുമായി ബന്ധപ്പെട്ടു തിരൂരിലെ പൌരാവലി സ്ഥലം എംഎല്‍എ, മുന്‍സിപ്പല്‍ ചെയര്‍പേഴ്സണ്‍, വൈസ് ചെയര്‍മാന്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ സേവ് ഇ.കെ. ഗംഗാധരന്‍ ഫോറം രൂപീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. വിദേശകാര്യ മന്ത്രി, മുഖ്യമന്ത്രി, വിവിധ കേന്ദ്ര-സംസ്ഥാന മന്ത്രിമാര്‍, എം.പിമാര്‍, എംഎല്‍എമാര്‍ എന്നിവരെയെല്ലാം നേരിട്ടു കണ്ട് ബന്ധുക്കള്‍ ഗംഗാധരന്റെ മോചനത്തിനായി സഹായം അഭ്യര്‍ഥിച്ചിരുന്നുവെന്ന് ഫോറം ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ഗംഗാധരന്റെ ഭാര്യ ലീല, മനുഷ്യാവകാശ പ്രവര്‍ത്തകന്‍ അഡ്വ. പി.എ. പൌരന്‍, തിരൂര്‍ മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ സഫിയ തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.