സമരഭൂമിയില്‍ ആദിവാസി യുവതിക്കു സുഖപ്രസവം
സമരഭൂമിയില്‍ ആദിവാസി യുവതിക്കു സുഖപ്രസവം
Saturday, March 28, 2015 12:13 AM IST
കോതമംഗലം: നേര്യമംഗലത്തെ സമരഭൂമിയില്‍ ആദിവാസി യുവതിക്കു സുഖപ്രസവം. അഞ്ചാംമൈല്‍കുടി ശിവന്റെ ഭാര്യ ശ്രീജ(22) ആണ് ഇന്നലെ പുലര്‍ച്ചെ അഞ്ചിനു സമരഭൂമിയിലെ കുടിലില്‍ പെണ്‍കുഞ്ഞിനു ജന്മം നല്‍കിയത്.

അഞ്ചാംമൈല്‍ ആദിവാസി കുടിയില്‍നിന്നും എത്തിയ ഇവര്‍ സമരത്തിന്റെ ഭാഗമായി നേര്യമംഗലം ജില്ലാ കൃഷിത്തോട്ടത്തിനു സമീപത്തെ ഭൂമിയില്‍ മുന്നാഴ്ച മുമ്പാണ് കുടില്‍കെട്ടി താമസം ആരംഭിച്ചത്. പടുത വലിച്ചുകെട്ടി ചുറ്റും മറയ്ക്കുക പോലും ചെയ്യാത്ത കുടിലിലാണ് ശിവന്‍ - ശ്രീജ ദമ്പതികള്‍ മൂത്തമകന്‍ വിജയ്ക്കൊപ്പം താമസിച്ചുവന്നത്.

ഇന്നലെ പുലര്‍ച്ചെയോടെ പ്രസവവേദന അനുഭവപ്പെട്ട ശ്രീജയുടെ കരച്ചില്‍ കേട്ടു സമീപ കുടിലിലെ ആദിവാസി സ്ത്രീയെത്തി കുടിലിനു ചുറ്റും തുണികൊണ്ടു മറച്ചുകെട്ടി മണ്‍തറയില്‍ ചാക്കും തുണിയും വിരിച്ചു പ്രസവമുറി ഒരുക്കുകയായിരുന്നു. പിന്നീടു കുടിലിലെ ചാക്കുമെത്തയില്‍ ശ്രീജ തന്റെ രണ്ടാമത്തെ കുഞ്ഞിനു ജന്മം നല്‍കി. പരിചരണത്തിനുണ്ടായിരുന്ന ആദിവാസി സ്ത്രീ ഈറ്റ ഉപയോഗിച്ചു കുഞ്ഞിന്റെ പൊക്കിള്‍കൊടി മുറിച്ചുമാറ്റി. പുലര്‍ച്ചെ തന്നെ നേര്യമംഗലം പ്രാഥമിക ആരോഗ്യകേന്ദ്രത്തില്‍നിന്നു ഡോക്ടര്‍മാരെത്തി അമ്മയ്ക്കും കുഞ്ഞിനും ശുശ്രൂഷ നല്‍കി. പിന്നീട് ഇരുവരെയും കോതമംഗലം താലൂക്ക് ആശുപത്രിയിലേക്കു മാറ്റി.


നേര്യമംഗലത്ത് ആദിവാസികളുടെ പുനരധിവാസത്തിനായി വാങ്ങിയിട്ടിരിക്കുന്ന 18 ഏക്കര്‍ ഭൂമിയുടെ വിതരണത്തിന് കാലതാമസം നേരിടുന്നതില്‍ പ്രതിഷേധിച്ച് ആദിവാസി ക്ഷേമസമിതിയുടെ നേതൃത്വത്തില്‍ 64 കുടുംബങ്ങളാണ് ഇവിടെ കുടില്‍കെട്ടി സമരം ആരംഭിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.