അരുവിക്കര സീറ്റ്: യുഡിഎഫില്‍ തര്‍ക്കമില്ലെന്നു സുധീരന്‍
അരുവിക്കര സീറ്റ്: യുഡിഎഫില്‍ തര്‍ക്കമില്ലെന്നു സുധീരന്‍
Saturday, March 28, 2015 12:00 AM IST
സ്വന്തം ലേഖകന്‍

തിരുവനന്തപുരം: ജി. കാര്‍ത്തികേയന്റെ മരണത്തെത്തുടര്‍ന്ന് ഉപതെരഞ്ഞെടുപ്പിനു കളമൊരുങ്ങിയ അരുവിക്കര നിയമസഭാ മണ്ഡലത്തില്‍ അനുയോജ്യനായ വ്യക്തി കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാകുമെന്നു കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍. അരുവിക്കര സീറ്റിനെ സംബന്ധിച്ചു യുഡിഎഫില്‍ നിലവില്‍ തര്‍ക്കമൊന്നുമില്ല. കാര്‍ത്തികേയന്റെ കാലത്തു നടന്ന വികസന പ്രവര്‍ത്തനങ്ങളും സ്പീക്കറായിരുന്നപ്പോള്‍ അദ്ദേഹം തുടങ്ങിവച്ച പ്രവര്‍ത്തനങ്ങളും ജനങ്ങളിലെത്തിക്കാനാണു കോണ്‍ഗ്രസ് ജില്ലാ നേതൃത്വവും പ്രവര്‍ത്തകരും ചെയ്യേണ്ടതെന്നും ഒരു കാരണവശാലും സീറ്റു നഷ്ടപ്പെടാന്‍ ഇടയാകരുതെന്നും ഡിസിസി പ്രസിഡന്റ്, അരുവിക്കരയിലെ കോണ്‍ഗ്രസ് പ്രാദേശിക നേതാക്കള്‍ എന്നിവരുടെ സംയുക്ത യോഗത്തില്‍ വി.എം. സുധീരന്‍ നിര്‍ദേശം നല്‍കി. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല എന്നിവരും യോഗത്തില്‍ പങ്കെടുത്തു.

അരുവിക്കരയിലെ സ്ഥാനാര്‍ഥിയെ സംബന്ധിച്ചു ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയില്‍ രൂക്ഷമായ അഭിപ്രായ വ്യത്യാസം ഉടലെടുത്ത സാഹചര്യത്തിലാണു കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍ മുന്‍കൈയെടുത്തു ഇന്നലെ അരുവിക്കരയിലെ പ്രാദേശിക നേതാക്കളെക്കൂടി പങ്കെടുപ്പിച്ചു യോഗം ചേര്‍ന്നത്.

കാര്‍ത്തികേയന്‍ തുടങ്ങിവച്ച വികസന പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയുന്ന ഒരാള്‍തന്നെ അരുവിക്കരയില്‍ സ്ഥാനാര്‍ഥിയാകണം. സ്ഥാനാര്‍ഥിയെ സംബന്ധിച്ചു പാര്‍ട്ടി ഇതുവരെയും ഒരു തീരുമാനവും എടുത്തിട്ടില്ല. നേതൃതലത്തില്‍ ചില ആലോചനകള്‍ നടന്നുവെന്നുള്ളതു ശരിയാണെന്നും ഇതിന്റെ പേരില്‍ മറ്റൊരു ചര്‍ച്ചയും പാര്‍ട്ടിയില്‍ അനുവദിക്കില്ലെന്നും യോഗത്തില്‍ സുധീരന്‍ നേതാക്കളെ അറിയിച്ചു. ഉപതെരഞ്ഞെടുപ്പു മുന്‍നിര്‍ത്തി അരുവിക്കരയില്‍ സംഘടനാ പ്രവര്‍ത്തനം ഊര്‍ജിതമാക്കാന്‍ യോഗത്തില്‍ തീരുമാനിച്ചു.


ഇതിന്റെ ഭാഗമായി ഏപ്രില്‍ ഏഴിനു ബൂത്ത്, മണ്ഡലം, ബ്ളോക്ക് ഭാരവാഹികളുടെയും ജനപ്രതിനിധികളുടെയും പോഷകസംഘടനാ നേതാക്കളുടെയും യോഗം അരുവിക്കരയില്‍ ചേരും. എട്ടു മുതല്‍ അരുവിക്കര മണ്ഡലത്തിലെ ഓരോ പഞ്ചായത്തിന്റെയും ചുമതല ഡിസിസി ഭാരവാഹികള്‍ക്കായിരിക്കും. ചുമതലയേല്‍ക്കുന്ന ഡിസിസി ഭാരവാഹികള്‍ ചുമതലയുള്ള പഞ്ചായത്തില്‍ തന്നെ താമസിച്ചു പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കണം. ഇക്കാര്യത്തില്‍ ആര്‍ക്കൊക്കെ ചുമതല നല്‍കണമെന്ന കാര്യത്തില്‍ ഉടന്‍ തീരുമാനമെടുക്കാന്‍ ഡിസിസി പ്രസിഡന്റ് കെ. മോഹന്‍ കുമാറിനു കെപിസിസി പ്രസിഡന്റ് നിര്‍ദേശം നല്‍കി.

അരുവിക്കരയില്‍ കാര്‍ത്തികേയന്റെ ഭാര്യ ഡോ. എം.ടി. സുലേഖയെ സ്ഥാനാര്‍ഥിയാക്കുന്നതില്‍ ഡിസിസി പ്രസിഡന്റ് മോഹന്‍കുമാറിനു കടുത്ത എതിര്‍പ്പുണ്ട്. കഴിഞ്ഞ ഡിസിസി പ്രസിഡന്റുമാരുടെ യോഗത്തില്‍ സുലേഖയെ സ്ഥാനാര്‍ഥിയാക്കുന്നതിനെതിരെ അദ്ദേഹം രൂക്ഷമായ വിമര്‍ശനവും നടത്തിയിരുന്നു.

ജില്ല വിട്ടുള്ളവരും മറ്റു പാര്‍ട്ടികളില്‍നിന്നും കോണ്‍ഗ്രസിലേക്കു ചേക്കേറിയവരും സ്ഥാനാര്‍ഥിയാകുന്നതിലൂടെ ജില്ലയില്‍ പാര്‍ട്ടിക്കുവേണ്ടി കഷ്ടപ്പെടുന്ന നേതാക്കളും പ്രവര്‍ത്തകരും പൂര്‍ണമായും തഴയപ്പെടുന്നുവെന്നായിരുന്നു അദ്ദേഹം യോഗത്തില്‍ ഉയര്‍ത്തിയ വാദം. എന്നാല്‍, അരുവിക്കരയിലെ ചില പ്രാദേശിക നേതാക്കളും ചില ഡിസിസി അംഗങ്ങളും പരസ്യമായി തന്നെ മോഹന്‍കുമാറിനെതിരെ രംഗത്തുവന്നു.

ഇതോടെ വിഷയം കൂടുതല്‍ സങ്കീര്‍ണമായി. ഈ സാഹചര്യത്തിലാണു ഡിസിസി പ്രസിഡന്റിനെക്കൂടി ഉള്‍പ്പെടുത്തി അരുവിക്കരയിലെ പ്രാദേശിക കോണ്‍ഗ്രസ് നേതാക്കളുടെ യോഗം വിളിക്കാന്‍ പാര്‍ട്ടി നേതൃത്വം നിര്‍ബന്ധിതരായത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.