റുസാ പദ്ധതി: 110 കോടി അനുവദിച്ചു
Saturday, March 28, 2015 12:13 AM IST
തോമസ് വര്‍ഗീസ്

തിരുവനന്തപുരം: ഉന്നതവിദ്യാഭ്യാസ രംഗത്തെ കേന്ദ്ര പദ്ധതിയായ 'രാഷ്ട്രീയ ഉച്ചതാര്‍ ശിക്ഷാ അഭിയാനി'ല്‍ (റുസ)നിന്നു 2014-15 വര്‍ഷത്തേയ്ക്കു സംസ്ഥാനത്തിന് 110 കോടി രൂപ അനുവദിച്ചു. ഇന്നലെ ഡല്‍ഹിയില്‍ നടന്ന റൂസാ മിഷന്‍ യോഗത്തിലാണ് കേരളം സമര്‍പ്പിച്ച പ്രോജക്ട് റിപ്പോര്‍ട്ട് പരിശോധിച്ച് 110 കോടിയുടെ പദ്ധതികള്‍ക്ക് അംഗീകാരം നല്കിയത്.

നാലു സര്‍വകലാശാലകള്‍ക്ക് 20 കോടി രൂപ വീതവും ഒരു എന്‍ജിനിയറിംഗ് കോളജ് ഉള്‍പ്പെടെ സംസ്ഥാനത്തെ 15 സര്‍ക്കാര്‍ കോളജുകള്‍ക്ക് രണ്ടു കോടി രൂപ വീതവുമാണ് അനുവദിച്ചിരിക്കുന്നത്. നാക് അക്രഡിറ്റേഷന്‍ ഉള്ള നാലു സര്‍വകലാശാലകളായ മഹാത്മാഗാന്ധി, കേരള, കാലിക്കട്ട്, കാലടി സര്‍വകലാശാലകള്‍ക്കാണ് 20 കോടി രൂപ വീതം ലഭിക്കുന്നത്. തിരുവനന്തപുരം സിഇടിയാണ് ഫണ്ട് അനുവദിക്കപ്പെട്ട ഏക എന്‍ജിനിയറിംഗ് കോളജ്. 63 കോളജുകള്‍ പ്രോജക്ട് സമര്‍പ്പിച്ചിരുന്നെങ്കിലും വിശദമായ റിപ്പോര്‍ട്ടുകള്‍ ഇല്ലാത്തതിനാല്‍ പലതും ഒഴിവാക്കപ്പെട്ടു.

റൂസായ്ക്ക് കഴിഞ്ഞ ആഴ്ച സംസ്ഥാന സര്‍ക്കാര്‍ പുതുക്കിയ പദ്ധതി റിപ്പോര്‍ട്ടില്‍ 2014-15 മുതല്‍ 2016-17 വരെയുള്ള മൂന്നു അധ്യയന വര്‍ഷത്തേയ്ക്കായുള്ള 1258.75 കോടി രൂപയുടെ പദ്ധതിയാണ് റുസാ മിഷനു കൈമാറിയത്. 2014- 15 ല്‍ 133.46 കോടിയും 15-16-ല്‍ 606.87 കോടിയും 16-17 ല്‍ 518.42 കോടിയും ഉള്‍പ്പെടെ ആകെ 1258.75 കോടിയാണ് കേരളം റൂസാ മിഷനില്‍ നിന്നും ആകെ ആവശ്യപ്പെട്ടിരിക്കുന്നത്. 2014-15 ലെ പദ്ധതിയിലേക്കായി സംസ്ഥാനം സമര്‍പ്പിച്ച ആദ്യ പട്ടികയില്‍ ഒരു കോളജിനു 20 ലക്ഷമോ അതില്‍ താഴെയോ മാത്രമുള്ള തുകയാണ് ആവശ്യപ്പെട്ടിരുന്നത്.


ഇത്തരത്തില്‍ പണം നല്കിയാല്‍ ഗുണപ്രദമാകില്ലെന്നും അടിസ്ഥാന സൌകര്യവികസനത്തിനായി മൂന്നു വര്‍ഷത്തേക്കായി രണ്ടു കോടി രൂപ ഒരു കോളജിനു നല്കത്തക്ക രീതിയിലുള്ള പദ്ധതി വിഭാവനം ചെയ്യാനുള്ള പദ്ധതികള്‍ തയാറാക്കി സമര്‍പ്പിക്കാന്‍ റൂസാ മിഷന്‍ നിര്‍ദേശിക്കുകയായിരുന്നു. ഇതേ തുടര്‍ന്നാണ് പുതുക്കിയ പദ്ധതി കേന്ദ്രത്തിനു സമര്‍പ്പിച്ചത്. സംസ്ഥാനത്തുനിന്ന് ഉന്നതവിദ്യാഭ്യാസ കൌണ്‍സില്‍ ചെയര്‍മാന്‍ ടി.പി. ശ്രീനിവാസന്‍ ഉള്‍പ്പെടെയുള്ളവര്‍ യോഗത്തില്‍ പങ്കെടുത്തു. ഡല്‍ഹിയിലായിരുന്നു റൂസാ മിഷന്റെ യോഗം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.