മുഖപ്രസംഗം: ക്രിക്കറ്റില്‍ വീണ്ടും ഓസീസ് വസന്തം
Monday, March 30, 2015 11:50 PM IST
അഞ്ചാം വട്ടം ലോകകപ്പ് ജേതാക്കളായ ഓസ്ട്രേലിയ ക്രിക്കറ്റില്‍ തങ്ങളുടെ അപ്രമാദിത്വം ഒരിക്കല്‍ക്കൂടി തെളിയിച്ചിരിക്കുന്നു. മികച്ച കളികളിലൂടെ ക്രിക്കറ്റിന്റെ പ്രതാപം വീണ്െടടുക്കാനുള്ള ശ്രമങ്ങളുടെ വിജയപ്രതീക്ഷയും ഇത്തവണത്തെ ലോകകപ്പ് പ്രകടമാകുന്നുണ്ട്. ഏഷ്യക്കു പുറത്ത് മികച്ച പ്രകടനം കാഴ്ചവയ്ക്കാനാവില്ലെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നു തെളിയിച്ചതില്‍ ഇന്ത്യന്‍ ടീമിനും അഭിമാനിക്കാം. തുടര്‍ച്ചയായ ഏഴു വിജയങ്ങളിലൂടെ ഇന്ത്യന്‍ ടീം തങ്ങളുടെ മികവു തെളിയിച്ചു. കരുത്തുറ്റ ഓസ്ട്രേലിയന്‍ താരനിരയുടെ മുന്നില്‍ ഫൈനലില്‍ ന്യൂസിലന്‍ഡിന് ആത്മവിശ്വാസം നഷ്ടപ്പെട്ടോ എന്നു സംശയം. അക്കൌണ്ട് തുറക്കുംമുമ്പ് ബ്രണ്ടന്‍ മക്കല്ലം മടങ്ങിയതോടെ ഈ ആത്മവിശ്വാസക്കുറവിന് ആക്കം കൂടി.

മികവുറ്റ പല കളിക്കാരുടെയും വിരമിക്കലിന് ഈ ലോകകപ്പ് വേദിയായി. ഓസ്ട്രേലിയയ്ക്കു കിരീടം നേടിക്കൊടുത്ത് വിരമിക്കുന്ന മൈക്കിള്‍ ക്ളാര്‍ക്ക് ഉള്‍പ്പെടെ നിരവധി പ്രഗത്ഭര്‍ ഇനി ഏകദിനത്തില്‍ കാണികളെ ആവേശം കൊള്ളിക്കാന്‍ ഉണ്ടാവില്ല. സംഗക്കാരയും ജയവര്‍ധനയും മിസ്ബ ഉള്‍ ഹക്കും ഷാഹിദ് അഫ്രീദിയും ഏകദിനത്തിലെ നഷ്ടമായി മാറുമ്പോള്‍ ബാറ്റിംഗിലും ബൌളിംഗിലും ചില താരോദയങ്ങളും ലോകകപ്പ് വേദിയില്‍ കാണാനായി.

ഓസ്ട്രേലിയയ്ക്ക് ഇനിയും മികച്ചകളി കാഴ്ചവയ്ക്കാനാവുമെന്നു തെളിയിക്കുന്നതാണ് അവരുടെ ടീമിന്റെ പൊതുവായ പ്രകടനം. പൊതുവെ യുവാക്കളുടെ നിരയാണു ടീമിനുള്ളത്. ന്യൂസിലന്‍ഡിനും യുവനിര കരുത്തു പകരുന്നു. ന്യൂസിലന്‍ഡിലും വെസ്റിന്‍ഡീസിലുമൊക്കെ ക്രിക്കറ്റിനു പ്രാമാണ്യം കുറഞ്ഞുവരുന്ന സാഹചര്യമുണ്ട്. അതില്‍നിന്നൊരു മാറ്റം ഉടനേ പ്രതീക്ഷിക്കാനാവില്ലെങ്കിലും ന്യൂസിലന്‍ഡ് ടീമിന്റെ മികച്ച പ്രകടനം അവിടെയും ക്രിക്കറ്റിനോടു കൂടുതല്‍ താത്പര്യം സൃഷ്ടിക്കുമെന്നു പ്രതീക്ഷിക്കപ്പെടുന്നു.

ക്രിക്കറ്റിലെ പ്രഫഷണലിസവും സാങ്കേതിക മികവുമൊക്കെ ഏറെ പ്രകടമായ മത്സരമായിരുന്നു ഈ ലോകകപ്പില്‍ അരങ്ങേറിയത്. പ്രായേണ ദുര്‍ബലമെന്നു കരുതപ്പെട്ട ടീമുകള്‍ക്കുപോലും അപ്രതീക്ഷിത മികവു പ്രകടിപ്പിക്കാനായി എന്നതു ശ്രദ്ധിക്കപ്പെടേണ്ടതുണ്ട്. ഇംഗ്ളണ്ടില്‍ നടക്കുന്ന അടുത്ത ലോകകപ്പ് മുതല്‍ പങ്കെടുക്കുന്ന രാജ്യങ്ങളുടെ എണ്ണം പത്തായി ചുരുക്കാനുള്ള ഐസിസിയുടെ തീരുമാനത്തിന്റെ വിഡ്ഢിത്തം പലരും ചൂണ്ടിക്കാട്ടുന്നത് ഇത്തരുണത്തില്‍ പ്രസക്തമാണ്. ഐസിസി തീരുമാനത്തില്‍ അസോസിയേറ്റ് രാജ്യങ്ങള്‍ പ്രതിഷേധം പ്രകടിപ്പിച്ചിരുന്നു. സച്ചിന്‍ തെണ്ടുല്‍ക്കര്‍ ഉള്‍പ്പെടെ നിരവധി പ്രശസ്ത താരങ്ങളും ഈ തീരുമാനത്തോടു വിയോജിക്കുന്നു.

ആദ്യ എട്ടു സ്ഥാനങ്ങളില്‍ മുന്‍നിര ടീമുകള്‍ വന്നാലും ശേഷിക്കുന്ന മറ്റു രണ്ടു സ്ഥാനങ്ങള്‍ക്കുവേണ്ടി മത്സരിക്കാന്‍ അസോസിയേറ്റ് അംഗങ്ങള്‍ക്ക് അവസരമുണ്െടന്ന ന്യായവാദമാണ് ഐസിസി മുന്നോട്ടു വയ്ക്കുന്നത്. എട്ട് അസോസിയേറ്റ് അംഗങ്ങള്‍ക്ക് അവസാന രണ്ടു സ്ഥാനങ്ങള്‍ നേടാമെന്ന തരത്തിലാണു കളി ക്രമീകരിച്ചിരിക്കുന്നത്. ഇതു ക്രിക്കറ്റ് താത്പര്യം വളര്‍ത്താന്‍ ശ്രമിക്കുന്ന രാജ്യങ്ങള്‍ക്ക് ഹിതകരമാകാന്‍ ഇടയില്ല. കളിയെ പരിമിതപ്പെടുത്തുന്ന കായികനയം രാജ്യാന്തര ക്രിക്കറ്റ് കൌണ്‍സില്‍ തിരുത്തണമെന്ന വാദത്തിനാണു മുന്‍തൂക്കം. അഞ്ചു ഭൂഖണ്ഡങ്ങളിലും നടന്ന കളികളില്‍ ഓസ്ട്രേലിയ കിരീടം നേടിയെങ്കിലും ക്രിക്കറ്റ് കൂടുതല്‍ രാജ്യങ്ങളിലേക്കു കടന്നുവരുന്നതിനുള്ള അവസരങ്ങളുടെ അഭാവം ഗുരുതരമായൊരു പ്രശ്നംതന്നെയാണ്. ഇംഗ്ളണ്ടും ശ്രീലങ്കയും പാക്കിസ്ഥാനുമൊക്കെ ഇത്തവണ ലോകകപ്പില്‍ തിളങ്ങാതെ പോയതും ശ്രദ്ധിക്കേണ്ടതുണ്ട്. മികച്ച കളിക്കാരെ സംഭാവന ചെയ്ത രാജ്യങ്ങളാണ് ഇവയോരോന്നും.


ബാറ്റിംഗും ബൌളിംഗും ഫീല്‍ഡിംഗുമെല്ലാം ക്രിക്കറ്റില്‍ ഒന്നിനൊന്നു പ്രാധാന്യമുള്ളതാണെന്നും ഒന്നു മറ്റൊന്നിനേക്കാള്‍ മുന്നിലാണെന്നു പറയുന്നതില്‍ അര്‍ഥമില്ലെന്നും തെളിയിക്കുന്നതായിരുന്നു ഓരോ ചുമതലയും ഏറ്റെടുത്തവരുടെ പ്രകടനങ്ങള്‍. അതുകൊണ്ടാണ് ബാറ്റ്സ്മാന്‍മാര്‍ നിറഞ്ഞാടിയ ലോകകപ്പില്‍ ബൌളര്‍മാരുടെ പ്രകടനത്തിനും ഏറെ കൈയടി നേടാനായത്.

സിഡ്നിയിലെ പിച്ചില്‍ തലയ്ക്കു പരിക്കേറ്റ് അകാലമൃത്യു വരിച്ച ഫിലിപ്പ് ഹ്യൂസിന്റെ സ്മരണയ്ക്കായാണ് ഈ ലോകകപ്പ് ഓസ്ട്രേലിയ സമര്‍പ്പിച്ചിരിക്കുന്നത്. ഹ്യൂസിന്റെ അദൃശ്യ സാന്നിധ്യം അനുസ്മരിപ്പിച്ചുകൊണ്ട് പിഎച്ച് എന്നെഴുതിയ ബാന്‍ഡും ധരിച്ചാണു ഓസീസ് നായകന്‍ മൈക്കിള്‍ ക്ളാര്‍ക്ക് കളിച്ചത്. കഴിഞ്ഞ വര്‍ഷം ഓസ്ട്രേലിയയില്‍ ആഭ്യന്തര മത്സരത്തിനിടെയാണ് തലയ്ക്ക് ഏറുകൊണ്ട് ഫിലിപ്പ് ഹ്യൂസ് മരിച്ചത്. സഹകളിക്കാരനോടുള്ള സ്നേഹവും പ്രതിബദ്ധതയും പ്രകടിപ്പിച്ച ഓസീസ് ടീമും അതിന്റെ നായകനും അഭിനന്ദനം അര്‍ഹിക്കുന്നു.

വിവാദങ്ങളുടെയും കോഴക്കഥകളുടെയും ഒത്തുകളിയുടെയുമൊക്കെ പഴയ ദുര്‍ദിനങ്ങളില്‍നിന്നു ക്രിക്കറ്റിനെ മോചിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് ഊര്‍ജം പകരുന്നതാണ് ഇത്തവണത്തെ ലോകകപ്പ് ക്രിക്കറ്റിന്റെ സംഘാടനവും കളികളുടെ നിലവാരവും. വര്‍ണപ്പകിട്ടിന്റെയും പണക്കൊഴുപ്പിന്റെയും കളിയെന്ന ചീത്തപ്പേരു മാറ്റിയെങ്കില്‍ മാത്രമേ ക്രിക്കറ്റിന് ഭാവിയുണ്ടാകൂ. കൂടുതല്‍ സമയമെടുക്കുന്ന കളികള്‍ക്കു കാണികള്‍ കുറഞ്ഞുവരുന്നുവെന്നതു ക്രിക്കറ്റിനെയാവും കൂടുതല്‍ ബാധിക്കുക. ഏകദിന മത്സരങ്ങള്‍ക്കു കൂടുതല്‍ പ്രാമുഖ്യം ലഭിക്കുന്നതും ഇത്തരമൊരു സാഹചര്യത്തിലാണ്.

മികവുറ്റ കളിക്കു കാണികളുണ്ടാവും; അതു ജനങ്ങള്‍ക്കു രസകരവും ആവേശജനകവുമാണെങ്കില്‍. സച്ചിന്‍ തെണ്ടുല്‍ക്കറെപ്പോലെ കളിക്കളത്തിലും പുറത്തും മികവും മാന്യതയും പുലര്‍ത്തുന്ന കളിക്കാര്‍ അരങ്ങൊഴിയുമ്പോള്‍ അവസാനിക്കേണ്ടതല്ല ക്രിക്കറ്റിനോടുള്ള താത്പര്യം. ക്രിക്കറ്റിനെ കൂടുതല്‍ ജനകീയവും ആസ്വാദ്യകരവുമാക്കാനുള്ള ശ്രമങ്ങളാകണം ഐസിസിയും ബിസിസിഐയും മറ്റു രാജ്യങ്ങളിലെ ക്രിക്കറ്റ് സമിതികളുമൊക്കെ നടത്തേണ്ടത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.