കോട്ടപ്പാറ വനത്തില്‍ കാട്ടുതീ പടരുന്നു
കോട്ടപ്പാറ വനത്തില്‍ കാട്ടുതീ പടരുന്നു
Monday, March 30, 2015 12:09 AM IST
കോതമംഗലം: കോട്ടപ്പാറ റിസര്‍വ് വനത്തില്‍ കാട്ടുതീ പടരുന്നു. നൂറു ഹെക്ടറോളം വനഭൂമി കത്തിനശിച്ചതായാണു വനംവകുപ്പിന്റെ പ്രാഥമിക നിഗമനം. കോടികളുടെ നാശനഷ്ടം കണക്കാക്കുന്നു. വനംവകുപ്പിന്റെ മേയ്ക്കപ്പാല സ്റേഷന്റെ കീഴിലുള്ള കോട്ടപ്പാറ ഔട്ട്പോസ്റ് ഉള്‍പ്പെടുന്ന വനപ്രദേശമാണിത്. വേട്ടാമ്പാറയ്ക്കു സമീപം പടിപ്പാറ മുതല്‍ വാവേലി വരെയുള്ള ജനവാസ മേഖലയോടു ചേര്‍ന്നുള്ള ഭാഗത്താണു കാട്ടുതീ നാശം വിതച്ചത്. പ്ളാന്റേഷന്‍ ഉള്‍പ്പെടെ 100 ഹെക്ടറോളം വരുന്ന വനഭൂമിയിലെ സകലതും തീയില്‍ കത്തിയമര്‍ന്നതായാണു പ്രാഥമിക നിഗമനം.

ഞായറാഴ്ച രാവിലെ പത്തരയോടെയാണു പ്രദേശവാസികള്‍ തീ ആദ്യം കണ്ടത്. അവര്‍ ഉടന്‍ വനംവകുപ്പിനെയും അഗ്നിശമനസേനയെയും വിവരം അറിയിച്ചു. കോതമംഗലം, പെരുമ്പാവൂര്‍ എന്നിവിടങ്ങളില്‍നിന്നു ഫയര്‍ഫോഴ്സ് യൂണിറ്റുകള്‍ എത്തി തീയണയ്ക്കാന്‍ മണിക്കൂറുകള്‍ നീണ്ട തീവ്രശ്രമം നടത്തിയെങ്കിലും പൂര്‍ണമായും വിജയം കണ്ടില്ല. വേനല്‍ച്ചൂടും ആളിപ്പടരുന്ന കാട്ടുതീയും ശക്തമായ കാറ്റും മൂലം വനാതിര്‍ത്തിയില്‍ മാത്രം പമ്പിംഗ് നടത്താനേ ഫയര്‍ഫോഴ്സിനു സാധിച്ചുള്ളൂ. അതിര്‍ത്തിവിട്ട് ഉള്ളിലേക്ക് അടുക്കാന്‍ പറ്റാത്ത അവസ്ഥയാണ്. കാട്ടാനയുള്‍പ്പെടെയുള്ള വന്യജീവികള്‍ വിഹരിക്കുന്ന നിബിഡ വനമേഖലയാണിത്.

പടിപ്പാറ, വേട്ടാമ്പാറ, കുളങ്ങാട്ടുകുഴി, വെറ്റിലപ്പാറ, പിച്ചപ്ര, തോണിപ്പാറ, വാവേലി, കണ്ണാക്കട എന്നീ പ്രദേശങ്ങള്‍ ഉള്‍പ്പെടുന്ന വനമേഖലയിലാണു തീപിടിച്ചത്. ഉണങ്ങിനില്‍ക്കുന്ന പുല്ലിനും അടിക്കാടിനും തീപിടിച്ചു കാറ്റിന്റെ ശക്തിയില്‍ വന്‍വൃക്ഷങ്ങള്‍ വരെ കത്തിയമര്‍ന്നു.


അഞ്ചു കിലോമീറ്റര്‍ ചുറ്റളവിലെ വനപ്രദേശം കത്തിയതായി കണക്കാക്കുന്നു. പരിസരത്തേക്ക് അടുക്കാന്‍ പറ്റാത്തതിനാല്‍ ഫയര്‍ഫോഴ്സ് വനാതിര്‍ത്തിയിലെ ജനവാസ മേഖലയിലേ ക്കും റബര്‍ത്തോട്ടങ്ങളിലേക്കും തീപടരുന്നതു തടയാനാണു കൂടുതല്‍ ശ്രദ്ധിച്ചത്.

കഴിഞ്ഞ മാസം ഇഞ്ചത്തൊട്ടി മേഖലയിലെ ഹെക്ടര്‍ കണക്കിനു വനം തീപിടിച്ച് ഒരാഴ്ച കൊണ്ടാ ണു കെടുത്താന്‍ സാധിച്ചത്. വേനല്‍ക്കാലത്തു വനത്തിലേക്കു തീ പടരാതിരിക്കാന്‍ വനാതിര്‍ത്തികളില്‍ സ്ഥാപിക്കുന്ന ഫയര്‍ലൈന്‍ തെളിക്കല്‍ കാര്യക്ഷമമല്ലാത്തതാണു തീപിടിത്തം ആവര്‍ത്തിക്കാന്‍ കാരണം. വനത്തിന്റെ പലഭാഗങ്ങളില്‍ ഒരേസമയം തീപിടിത്തം ഉണ്ടായതു വളരെ ആസൂത്രിതമാ യി ആരോ ചെയ്തതാണെ ന്നു സംശയിക്കുന്നതായി വനംവകുപ്പ് വെളിപ്പെടുത്തി.

കഴിഞ്ഞ വര്‍ഷം കോട്ടപ്പാറ വനത്തിന്റെ വടക്കുംഭാഗം മേഖലയിലും ഇരുന്നൂറോളം ഹെക്ടര്‍ വനം കത്തി നശിച്ചിരുന്നു. അതുപോലെതന്നെ നേര്യമംഗലത്തിനു സമീപം മൂന്നാം മൈല്‍ ഭാഗത്തും വനത്തിനു തീപിടിച്ചിരുന്നു. വേനല്‍ ശക്തമാകുമ്പോള്‍ വനത്തില്‍ തീറ്റയും വെള്ളവും ഇല്ലാതായി കാട്ടാനയുള്‍പ്പെടെയുള്ള വന്യജീവികള്‍ വനാതിര്‍ത്തി ഗ്രാമങ്ങളിലേക്ക് ഇറങ്ങും.

കൃഷിക്കു നാശം ഉണ്ടാക്കുന്ന കാട്ടാനകളെ തുരത്താനായി ആസൂത്രിതമായി ആരോ ചെയ്യുന്ന പ്രവൃത്തിയാണിതെന്നു സംശയിക്കുന്നതായി വനപാലകര്‍ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.