മൂന്നു ജില്ലകളില്‍നിന്നു 35,904 അപേക്ഷകള്‍; ധനസഹായം ബാങ്ക് അക്കൌണ്ടിലൂടെ
Monday, March 30, 2015 12:32 AM IST
തിരുവനന്തപുരം: മൂന്നു ജില്ലകളില്‍ ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കാനുള്ള സമയപരിധി അവസാനിച്ചപ്പോള്‍ ജനസമ്പര്‍ക്ക പരിപാടിയായ കരുതല്‍ 2015ല്‍ ലഭിച്ചത് 35,904 അപേക്ഷകള്‍. സംസ്ഥാനമൊട്ടാകെ ലഭിച്ചത് 76,057 അപേക്ഷകള്‍.

കരുതല്‍ 2015 ആദ്യം നടക്കുന്ന ജില്ലകളായ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലാണു പരാതി ഓണ്‍ലൈനില്‍ നല്കാനുള്ള സമയപരിധി ശനിയാഴ്ച അവസാനിച്ചത്. പത്തനംതിട്ടയിലേത് 31ന് അവസാനിക്കും. മറ്റു ജില്ലകളില്‍ അപേക്ഷ സ്വീകരിച്ചുകൊണ്ടിരിക്കുന്നു. അപേക്ഷ തീയതി കഴിഞ്ഞാലും ജനസമ്പര്‍ക്ക ദിവസം അപേക്ഷ നല്കാവുന്നതാണെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അറിയിച്ചു.

തിരുവനന്തപുരം 16,253, എറണാകുളം 7,562, കോഴിക്കോട്ട് 11,089 എന്നിങ്ങനെയാണ് അപേക്ഷകള്‍ ലഭിച്ചത്. ഇവ കളക്ടറേറ്റുകളില്‍ നിന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് ഓണ്‍ലൈനില്‍ അയച്ചുകൊടുക്കും. തുടര്‍ന്ന് അവരുടെ റിപ്പോര്‍ട്ട് സഹിതം ജില്ലയുടെ ചുമതലയുള്ള മന്ത്രിയുടെ നേതൃത്വത്തില്‍ സ്ക്രീനിംഗ് കമ്മിറ്റി ചേര്‍ന്നുതീരുമാനമെടുക്കും. തെരഞ്ഞെടുത്ത അപേക്ഷകരെയാണു ജനസമ്പര്‍ക്ക ദിവസം മുഖ്യമന്ത്രി കാണുന്നത്.

ജനസമ്പര്‍ക്ക ദിവസവും പരാതി നല്കാം. അവയും അവിടെവച്ചു തന്നെ ഓണ്‍ലൈനിലാക്കും. അപേക്ഷ സ്വീകരിക്കാന്‍ കംപ്യൂട്ടറൈസ്ഡ് കൌണ്ടറുകള്‍ ഉണ്ടായിരിക്കും. അവിടെ രജിസ്റര്‍ ചെയ്യുമ്പോള്‍, ഡോക്കറ്റ് നമ്പര്‍ സഹിതമുള്ള രസീത് നല്കും. ഈ രസീതുമായി മുഖ്യമന്ത്രിയെ നേരില്‍ക്കണ്ട് അപേക്ഷ നല്കാം. അല്ലെങ്കില്‍ അവിടെത്തന്നെയുള്ള കൌണ്ടറില്‍ നല്കി മടങ്ങാം. ഒരാഴ്ചയ്ക്കുള്ളില്‍ അപേക്ഷയുടെ നിജസ്ഥിതി ഓണ്‍ലൈനില്‍ ഡോക്കറ്റ് നമ്പര്‍ ഉപയോഗിച്ച് കണ്െടത്താന്‍ കഴിയുമെന്നു മുഖ്യമന്ത്രി അറിയിച്ചു.


കിടപ്പുരോഗികളെയും മറ്റും ആംബുലന്‍സിലും വീല്‍ ചെയറിലും ജനസമ്പര്‍ക്കവേദിയിലേക്കു കൊണ്ടുവരുന്നതു കഴിവതും നിരുത്സാഹപ്പെടുത്തും. അവര്‍ ഫോട്ടോ സഹിതമാണ് അപേക്ഷ നല്കേണ്ടത്. ജില്ലാതല ഉദ്യോഗസ്ഥര്‍ വീടുകളില്‍ പോയി ഇത്തരം കേസുകളില്‍ തീര്‍പ്പാക്കണമെന്നു മുഖ്യമന്ത്രി നിര്‍ദേശിച്ചു.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നുമുള്ള സാമ്പത്തിക സഹായം ഇത്തവണ ബാങ്ക് അക്കൌണ്ടിലൂടെയായിരിക്കും വിതരണം ചെയ്യുന്നത്. ആധാര്‍ കാര്‍ഡ് സഹിതമാണ് ഇത്തവണ അപേക്ഷകള്‍ സമര്‍പ്പിക്കുന്നത്. ആധാര്‍ കാര്‍ഡില്ലാത്തവര്‍ മറ്റേതെങ്കിലും തിരിച്ചറിയല്‍ കാര്‍ഡ് കൊണ്ടുവരണം. ഭൂരിപക്ഷം ആധാര്‍ കാര്‍ഡുകളും ബാങ്ക് അക്കൌണ്ടുമായി ബന്ധിപ്പിച്ചിട്ടുള്ളതിനാല്‍ അനായാസം ബാങ്കുവഴി തുക വിതരണം ചെയ്യാന്‍ കഴിയുമെന്നു മുഖ്യമന്ത്രി അറിയിച്ചു.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നുള്ള ധനസഹായം, വീട്, സ്ഥലം, എപിഎല്‍ കാര്‍ഡ് ബിപില്‍ കാര്‍ഡ് ആക്കുക, വായ്പാ കുടിശിക, ജോലി, ചികിത്സ, വൈദ്യുതി, വെള്ളം, വീട്ടുനമ്പര്‍, സ്കൂള്‍, വിദ്യാഭ്യാസം, തദ്ദേശസ്ഥാപനങ്ങളിലെ സേവനം, റോഡ്, പട്ടയം, സര്‍ക്കാര്‍ സര്‍ട്ടിഫിക്കറ്റുകള്‍ തുടങ്ങിയ നിരവധി ആവശ്യങ്ങളാണു കരുതല്‍ 2015ല്‍ ഉള്ളത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.