മുത്തൂറ്റ് ഫിനാന്‍സ് കോവളം ശാഖയില്‍ വന്‍ കവര്‍ച്ച
മുത്തൂറ്റ് ഫിനാന്‍സ് കോവളം ശാഖയില്‍ വന്‍ കവര്‍ച്ച
Monday, March 30, 2015 12:17 AM IST
തിരുവനന്തപുരം: മുത്തൂറ്റ് ഫിനാന്‍സ് കോവളം ശാഖയില്‍ വന്‍ കവര്‍ച്ച. 50 ലക്ഷത്തില്‍പ്പരം രൂപയുടെ സ്വര്‍ണപ്പണയ ഉരുപ്പടികളും രണ്ടു ലക്ഷത്തോളം രൂപയും കൊള്ളയടിച്ചു.

മുത്തൂറ്റ് ജോര്‍ജ് ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള കോവളം ജംഗ്ഷനില്‍ പ്രവര്‍ത്തിക്കുന്ന പണമിടപാട് സ്ഥാപനത്തിലാണ് കഴിഞ്ഞദിവസം രാത്രി കവര്‍ച്ച നടന്നത്.

സംഭവവുമായി ബന്ധപ്പെട്ട് ഉത്തരേന്ത്യക്കാരായ അഞ്ചുപേര്‍ പ്രത്യേക അന്വേഷണസംഘത്തിന്റെ പിടിയിലായതായി സൂചനയുണ്ട്. ഇവരെ രഹസ്യകേന്ദ്രത്തില്‍ ചോദ്യം ചെയ്തു വരുന്നതായി അറിയുന്നു.

വാടകക്കെട്ടിടത്തിന്റെ രണ്ടാം നിലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തില്‍ നടന്ന മോഷണം ഇന്നലെ രാവിലെ പത്തോടെ ഓഫീസ് തുറക്കാനെത്തിയ ജീവനക്കാരാണ് ആദ്യമറിയുന്നത്. ഓഫീസിന്റെ പിന്നിലെ ജനാലയുടെ നാലു കമ്പികള്‍ വളച്ചശേഷം അകത്തു കടന്ന കവര്‍ച്ചക്കാര്‍ ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് ലോക്കര്‍ തകര്‍ത്താണ് ആഭരണങ്ങളും പണവും കടത്തിയത്.

സിസി കാമറയില്ലാത്ത സ്ഥാപനത്തിന്റെ അലാറത്തിന്റെ വയറുകള്‍ മുറിച്ചുമാറ്റി ഉള്ളിലുള്ള ബാറ്ററികളുടെ ബന്ധം വിഛേദിച്ചിരുന്നു.

ഗ്യാസ് കട്ടര്‍ ഉപയോഗിക്കുമ്പോള്‍ വെളിച്ചം പുറത്തുകടക്കാതിരിക്കാന്‍ എയര്‍ ഹോളുകള്‍ തുണികള്‍ ഉപയോഗിച്ച് അടച്ച നിലയിലായിരുന്നു. മോഷണശേഷം പിന്നിലെ ക്ഷേത്രവളപ്പിലൂടെയാണു മോഷ്ടാക്കള്‍ രക്ഷപ്പെട്ടതെന്നു കരുതുന്നു. മോഷണത്തിനായി ഉപയോഗിച്ച ഉപകരണങ്ങള്‍ തൊട്ടടുത്ത പറമ്പില്‍ കണ്െടത്തി. ക്ഷേത്രമതില്‍ ചാടിക്കടന്നു രക്ഷപ്പെട്ടെന്നു കരുതുന്ന മോഷണ സംഘത്തില്‍പ്പെട്ടയാളുടേതെന്നു കരുതുന്ന രക്തക്കറയും മതിലില്‍ കണ്െടത്തി. മതിലിലെ കുപ്പിച്ചില്ലുകൊണ്ടു മുറിഞ്ഞതാകാമെന്നു കരുതുന്നു. പോലീസ് സാമ്പിളുകള്‍ പരിശോധനയ്ക്കയച്ചു.


രണ്ടു സെറ്റ് ഗ്യാസ് കട്ടറുകള്‍, ചെറിയ എല്‍പിജി സിലിണ്ടറുകള്‍, ഓക്സിജന്‍ സിലിണ്ടറുകള്‍, കമ്പിപ്പാര, സ്ക്രൂഡ്രൈവര്‍, ഒഴിഞ്ഞ മദ്യകുപ്പികള്‍ ഉത്തരേന്ത്യയില്‍നിന്നുള്ള ബിസ്കറ്റ് എന്നിവയും ഉപേക്ഷിച്ചനിലയില്‍ പോലീസ് കണ്െടടുത്തു.

സ്ഥലത്തുനിന്നു കിട്ടിയ സൂചനകളുടെ അടിസ്ഥാനത്തില്‍ കോവളം ഭാഗത്തു വാടകയ്ക്കു താമസിച്ചിരുന്ന അഞ്ചംഗ സംഘമാണു കവര്‍ച്ചയ്ക്കു പിന്നിലെന്നു പോലീസ് സംശയിക്കുന്നു. ഇവര്‍ താമസിച്ചിരുന്ന വീട്ടുടമയുമായി അന്വേഷണം തുടങ്ങിയ പോലീസ് തമ്പാനൂരില്‍ നിന്നാണ് സംഘത്തെ പിടികൂടിയത്.

ഡോഗ് സ്ക്വാഡ്, വിരലടയാള വിദഗ്ധര്‍, ഫോറന്‍സിക് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പരിശോധനയ്ക്കെത്തിയിരുന്നു.

ഡെപ്യൂട്ടി കമ്മീഷണര്‍ ജോര്‍ജ് സ്കറിയ, ഫോര്‍ട്ട് എസി സുധാകരപിള്ള, കണ്‍ട്രോള്‍ റൂം എസി ബിജോയി, സ്പെഷല്‍ ബ്രാഞ്ച് എസി റജി ജോസഫ് ഉള്‍പ്പെടെയുള്ളവരുടെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.