മുഖപ്രസംഗം: കലോത്സവ വിധിനിര്‍ണയം കുറ്റമറ്റതാകട്ടെ
Tuesday, March 31, 2015 11:35 PM IST
സ്കൂള്‍ കലോത്സവത്തിലെ അനാരോഗ്യകരമായ മത്സരങ്ങളും അഴിമതിയും അവസാനിപ്പിക്കാന്‍ ലോകായുക്തയുടെ നിര്‍ദേശാനുസരണം എഡിജിപി ബി. സന്ധ്യ സമര്‍പ്പിച്ച റിപ്പോര്‍ട്ട് കലോത്സവ മാന്വല്‍ പരിഷ്കരിക്കുന്നതുള്‍പ്പെടെ പ്രസക്തമായ പല നിര്‍ദേശങ്ങളും ഉള്‍ക്കൊള്ളുന്നു. ഗ്രേസ് മാര്‍ക്ക് സമ്പ്രദായം ഒഴിവാക്കണമെന്ന നിര്‍ദേശമാണ് ഇതില്‍ ഏറെ വിവാദത്തിനിടയാക്കുക. ഇത്തരമൊരു നിര്‍ദേശം മുന്നോട്ടു വയ്ക്കാനുണ്ടായ സാഹചര്യം ഗൌരവത്തോടെ വിലയിരുത്തേണ്ടതുണ്ട്. ഉയര്‍ന്ന സ്ഥാനങ്ങള്‍ നേടുന്ന കലാപ്രതിഭകള്‍ക്കു നല്‍കുന്ന ഗ്രേസ് മാര്‍ക്ക് ഉന്നതപഠനത്തിനും ജോലിലഭ്യതയ്ക്കും സഹായകമാകുമെങ്കിലും ഈ മാര്‍ക്ക് കൈക്കലാക്കാന്‍വേണ്ടി നടക്കുന്ന അനാരോഗ്യകരമായ പോരാട്ടങ്ങള്‍ കലോത്സവത്തിന്റെ അന്തസ് കെടുത്തുന്നതാണ്.

ഇക്കഴിഞ്ഞ സ്കൂള്‍ കലോത്സവം അപ്പീലുകളുടെ കാര്യത്തില്‍ റിക്കാര്‍ഡിട്ടു- 1880 അപ്പീലുകള്‍. മുന്‍വര്‍ഷത്തേതിന്റെ ഇരട്ടിയിലേറെ. അപ്പീലിനു കെട്ടിവയ്ക്കേണ്ട ഫീസിനത്തില്‍ മാത്രം അമ്പതുലക്ഷം രൂപ സംഘാടകര്‍ക്കു ലഭിച്ചു. അന്തിമ വിധിനിര്‍ണയത്തെ അപ്പീല്‍ ഫലം നിര്‍ണായകമായി സ്വാധീനിക്കുകയും ചെയ്തു. പാലക്കാടും കോഴിക്കോടും സ്വര്‍ണക്കപ്പ് പങ്കിടാന്‍ ഇതു വഴിയൊരുക്കി. അപ്പീലുകള്‍ അംഗീകരിച്ചാല്‍ കെട്ടിവച്ച പണം തിരികെ ലഭിക്കും. നിരവധി അപ്പീലുകള്‍ അംഗീകരിക്കപ്പെടുന്നെങ്കില്‍ അതിനര്‍ഥം വിധിനിര്‍ണയത്തില്‍ പാകപ്പിഴകള്‍ ഉണ്െടന്നാണ്.

ഉപജില്ലാ തലത്തിലും ജില്ലാ തലത്തിലും നടക്കുന്ന പ്രാഥമിക മത്സരങ്ങളുടെ വിധിനിര്‍ണയത്തിലുണ്ടാകുന്ന അപാകതകള്‍ സംസ്ഥാനതല മത്സരത്തില്‍ ഏറെ അപ്പീലുകള്‍ക്കു വഴിതെളിക്കുന്നു. താഴത്തേ തലത്തില്‍ പിന്നിലായവര്‍ പലരും സംസ്ഥാനതലത്തിലെത്തുമ്പോള്‍ ഉയര്‍ന്ന ഗ്രേഡുകള്‍ സമ്പാദിക്കുന്നതും വിരളമല്ല. ഓരോ തലത്തിലും വിധിനിര്‍ണയത്തെയും ഗ്രേഡിംഗിനെയും സ്വാധീനിക്കാന്‍ ചില ഇടനിലക്കാര്‍ പ്രഫഷണലായിത്തന്നെ പ്രവര്‍ത്തിക്കുന്നുണ്ടത്രേ. സ്കൂള്‍ യുവജനോത്സവംപോലെ ആയിരക്കണക്കിനു കുട്ടികള്‍ പങ്കെടുക്കുന്ന മത്സരങ്ങള്‍ പണത്തിന്റെയും സ്വാധീനത്തിന്റെയും മത്സരങ്ങളായിത്തീരുന്നത് അനുവദിച്ചുകൊടുത്തുകൂടാ.

ഏഷ്യയിലെ ഏറ്റവും വലിയ കൌമാര കലാമേളയെന്നാണു സ്കൂള്‍ കലോത്സവത്തെ നാം അഭിമാനത്തോടെ വിശേഷിപ്പിക്കുന്നത്. എന്നാല്‍, പണമില്ലാത്തവര്‍ക്കു പങ്കെടുക്കാനാവാത്ത കലാമേളയെന്ന പേര് സ്കൂള്‍ കലോത്സവത്തിനു ലഭിക്കുന്നതു തികച്ചും ദൌര്‍ഭാഗ്യകരമാണ്. കുച്ചിപ്പുടിയിലും ഭരതനാട്യത്തിലുമൊക്കെ വിലയേറിയ കാഞ്ചീപുരം പട്ടുതന്നെയുടുത്ത് വേദിയിലെത്തണമെന്നു വാശിപിടിക്കരുതെന്ന് 1991ലെ സംസ്ഥാന കലോത്സവത്തില്‍ കലാതിലകമായിരുന്ന പ്രശസ്ത നടി വിന്ദുജ മേനോന്‍ അഭിപ്രായപ്പെട്ടത് ഇത്തരുണത്തില്‍ പ്രസക്തമാണ്. ശാസ്ത്രീയ നൃത്തത്തില്‍ വേഷത്തിനു പ്രാധാന്യമുണ്െടങ്കിലും ആര്‍ഭാടത്തിന്റെ അനാവശ്യക്കാഴ്ചകളാണ് ഇന്നു നൃത്തവേദികളില്‍ നിറയുന്നത്. നൃത്തമത്സരങ്ങളില്‍ ചെലവു ചുരുക്കാനും മത്സരാര്‍ഥിയുടെ യഥാര്‍ഥമായ കഴിവു വിലയിരുത്താനുമുള്ള സംവിധാനമാണുണ്ടാവേണ്ടത്. ഓരോ വര്‍ഷവും കലോത്സവനാളുകളില്‍ ഇത്തരം വിഷയങ്ങള്‍ മാധ്യമങ്ങളിലൂടെയും മറ്റും ചര്‍ച്ച ചെയ്യപ്പെടാറുണ്െടങ്കിലും അടുത്ത വര്‍ഷവും എല്ലാം അതേപടി ആവര്‍ത്തിക്കും. കലോത്സവത്തിന്റെ മറവില്‍ നടക്കുന്ന അഴിമതികളെക്കുറിച്ചുള്ള പരാതികള്‍ പരിഗണിച്ചപ്പോഴാണ് ഇതു സംബന്ധിച്ച് അന്വേഷിച്ചു റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഉപലോകായുക്ത ജസ്റീസ് കെ.പി. ബാലചന്ദ്രന്‍ ഉത്തരവിട്ടത്.


ഗ്രേസ് മാര്‍ക്ക് നല്‍കുന്നതിനു പകരം കുട്ടികളുടെ നേട്ടങ്ങള്‍ സ്കൂള്‍ സര്‍ട്ടിഫിക്കറ്റില്‍ രേഖപ്പെടുത്തുന്നതാവും ഉചിതമെന്നതാണ് ഒരു പ്രധാന നിര്‍ദേശം. സ്കൂള്‍ യുവജനോത്സവത്തില്‍ മികച്ച പ്രകടനം കാഴ്ചവച്ചവരില്‍, പിന്നീടു പ്രശസ്തരായിത്തീര്‍ന്ന പല കലാകാരികള്‍ക്കും കലാകാരന്മാര്‍ക്കും ഗ്രേസ് മാര്‍ക്കിന്റെ പിന്തുണ ആവശ്യമായി വന്നില്ലെങ്കിലും നിരവധി കുട്ടികള്‍ക്ക് ഗ്രേസ് മാര്‍ക്ക് പ്രഫഷണല്‍ കോഴ്സുകള്‍ ഉള്‍പ്പെടെയുള്ള ഉന്നത കോഴ്സുകള്‍ക്കു പ്രവേശനത്തിനു സഹായകമായിട്ടുണ്ട്. നേട്ടങ്ങള്‍ സര്‍ട്ടിഫിക്കറ്റില്‍ രേഖപ്പെടുത്തിയതുകൊണ്ടുമാത്രം ഈ പ്രയോജനം ലഭിക്കാനിടയില്ല. ഗ്രേസ് മാര്‍ക്ക് ഒഴിവാക്കിയാല്‍ മത്സരവിജയംകൊണ്ടു പ്രായോഗികമായി പ്രയോജനമൊന്നും ഇല്ലെന്നുവരും. അതിനാല്‍ ഗ്രേസ് മാര്‍ക്ക് ഒഴിവാക്കുന്നതു സ്വീകാര്യമായിരിക്കില്ല. യോഗ്യതയുള്ളവര്‍ക്കു മാത്രം അതു ലഭ്യമാക്കുന്നതിനു കുറ്റമറ്റ മാര്‍ഗം കണ്െടത്തുകയാണു വേണ്ടത്.

കലോത്സവ നടത്തിപ്പില്‍നിന്ന് അധ്യാപക സംഘടനകളെ ഒഴിവാക്കണമെന്ന നിര്‍ദേശവും പൂര്‍ണമായി നടപ്പാക്കാന്‍ ബുദ്ധിമുട്ടാവും. കലോത്സവത്തിന്റെ നടത്തിപ്പിനേക്കാള്‍ സ്വന്തം സംഘടനാ താത്പര്യങ്ങള്‍ക്കും രാഷ്ട്രീയത്തിനും അധ്യാപകര്‍ മുന്‍തൂക്കം നല്‍കിയാല്‍ അതു പ്രശ്നങ്ങള്‍ സൃഷ്ടിക്കും. മതിയായ യോഗ്യതയില്ലാത്തവരെ വിധികര്‍ത്താക്കളാക്കാനും അവരെ സ്വാധീനിച്ചു മത്സരഫലങ്ങള്‍ മാറ്റിമറിക്കാനും ശ്രമിക്കുന്നവരെ പൂര്‍ണമായി ഒഴിവാക്കണം. കലോത്സവ നടത്തിപ്പു സുതാര്യവും വിധിനിര്‍ണയം വിവാദരഹിതവുമാകണം. പ്രായത്തിലെ തട്ടിപ്പും ആള്‍മാറാട്ടവുമൊക്കെ ഇപ്പോഴും കലോത്സവങ്ങളില്‍ നടക്കുന്നു. മത്സരാര്‍ഥികള്‍ക്കു തിരിച്ചറിയല്‍ കാര്‍ഡ് നല്‍കിയാല്‍ ഇതു കുറെ പരിഹരിക്കാം. ഇക്കാര്യവും റിപ്പോര്‍ട്ടിലുണ്ട്. വിധികര്‍ത്താക്കളുടെ പാനല്‍ വ്യക്തമായ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ ഉണ്ടാക്കിയിട്ടുള്ളതായിരിക്കണം. കലോത്സവ നടത്തിപ്പിനു കുട്ടികളില്‍നിന്നു ഫീസ് ഈടാക്കാതെ സര്‍ക്കാര്‍ ഫണ്ട് കണ്െടത്തണമെന്ന ശിപാര്‍ശയും പരിഗണിക്കേണ്ടതുണ്ട്. ഗ്രേസ് മാര്‍ക്ക് സംബന്ധിച്ച കാര്യത്തില്‍ കുറേക്കൂടി വിശദമായ ചര്‍ച്ചയ്ക്കുശേഷമാവണം തീരുമാനം. ഏതായാലും സ്കൂള്‍ കലോത്സവത്തിന്റെ നടത്തിപ്പില്‍ അടിസ്ഥാനപരമായ ചില മാറ്റങ്ങള്‍ അനിവാര്യമാണ്. ഇപ്പോഴേ അവയെപ്പറ്റി ചിന്തിച്ചാലേ അടുത്ത വര്‍ഷമെങ്കിലും ചില പരിഷ്കാരങ്ങള്‍ നടപ്പാക്കാനാവൂ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.