യെമനിലെങ്ങും വെടിയൊച്ച; ആശങ്കയോടെ മലയാളികള്‍
യെമനിലെങ്ങും വെടിയൊച്ച; ആശങ്കയോടെ മലയാളികള്‍
Tuesday, March 31, 2015 12:42 AM IST
ഭീതി വിട്ടൊഴിയാതെ ജേക്കബ് കോര

സിബി ചൂനാട്ട്

കാഞ്ഞിരപ്പള്ളി: രാത്രിയില്‍ വെടിയൊച്ച മാത്രം, യുദ്ധവിമാനങ്ങള്‍ തലങ്ങും വിലങ്ങും പായുന്നു, ബോംബുകളും ഷെല്ലുകളും പൊട്ടിത്തെറിക്കുന്നു. ഇംഗ്ളീഷ് സിനിമയെ വെല്ലുന്ന യുദ്ധരംഗങ്ങള്‍ ഇപ്പോഴും കണ്‍മുമ്പില്‍. വെളിപ്പെടുത്തുന്നത് യെമനില്‍നിന്നു കാഞ്ഞിരപ്പള്ളിയിലെത്തിയ പുത്തന്‍കടുപ്പില്‍ ജേക്കബ് കോര. ഇക്കാര്യങ്ങള്‍ പറയുമ്പോഴെല്ലാം മുഖത്ത് ഭീതിയുടെ നിഴലാട്ടം. കാഞ്ഞിരപ്പള്ളി എംഎല്‍എ ഡോ. എന്‍. ജയരാജ് ജേക്കബിനെ കാണാനെത്തിയപ്പോഴാണ് യെമനിലെ ഹൂതി വിമതരും ദശരാഷ്ട്ര സഖ്യവും തമ്മിലുള്ള പോരാട്ടത്തെക്കുറിച്ച് വിവരിച്ചത്.

നാലരവര്‍ഷമായി യെമനിലെ സനായില്‍ എംഎസ് സി ഷിപ്പിംഗ് കമ്പനിയില്‍ ജോലി ചെയ്യുന്ന ജേക്കബ് കോര അവധിയില്‍ നാട്ടിലെത്തിയിട്ട് കഴിഞ്ഞ ജനുവരി ആറിനാണ് മടങ്ങിയത്. ജേക്കബ് അവധികഴിഞ്ഞു തിരിച്ചുചെല്ലുമ്പോഴും സന തീര്‍ത്തും ശാന്തമായിരുന്നു. പ്രസവ അവധിക്കു നാട്ടിലുണ്ടായിരുന്ന ഭാര്യ അമ്മുവിനും മക്കളായ കൊച്ചുത്രേസ്യയ്ക്കും ഏലുവിനും യമനിലേക്കുള്ള വിമാന ടിക്കറ്റ് കഴിഞ്ഞ ശനിയാഴ്ചത്തേക്ക് ബുക്ക് ചെയ്തു. എന്നാല്‍, അധിക ദിവസം കഴിയും മുമ്പേ വിമതരുടെ ആക്രമണം ആരംഭിച്ചു. ഭാര്യയുടെയും മക്കളുടെയും ടിക്കറ്റ് ഉടന്‍ റദ്ദാക്കി. ജേക്കബ് തിരിച്ചു പോരാനുള്ള ശ്രമങ്ങളാരംഭിച്ചു. ബോംബാക്രമണത്തില്‍ സനയിലെ വിമാനത്താവളത്തിന്റെ റണ്‍വേ തകര്‍ന്നതിനാല്‍ വിമാന സര്‍വീസുകള്‍ മുടങ്ങിയിരുന്നു. യെമനിയയുടെ അഞ്ചു വിമാനങ്ങള്‍ വിമാനത്താവളത്തില്‍ കുടുങ്ങി. അങ്ങനെയിരിക്കേ ഇന്ത്യന്‍ എംബസിയില്‍നിന്നു ജേക്കബിനും മറ്റും ഒരു സന്ദേശം ലഭിച്ചു.

റണ്‍വേ പുനസ്ഥാപിച്ചാല്‍ ഉടന്‍ വിമാനങ്ങള്‍ അടുത്ത സുരക്ഷിത കേന്ദ്രത്തിലേക്കു മാറ്റും. അതില്‍ കയറിപ്പറ്റാന്‍ ശ്രമിക്കണം. ജേക്കബ് ഉള്‍പ്പടെ എണ്‍പതോളം ഇന്ത്യക്കാര്‍ വെള്ളിയാഴ്ച രാവിലെ വിമാനത്താവളത്തിലെത്തി ഉച്ചയോടെ ടിക്കറ്റ് ബുക്ക് ചെയ്തെങ്കിലും സന്ധ്യകഴിയും വരെ കാത്തു നിന്നെങ്കിലും ഫലമുണ്ടായില്ല. പണം തിരികെ നല്‍കാമെന്ന് അധികൃതര്‍ അറിയിച്ചെങ്കിലും തിരികെ വാങ്ങാതെ ഇവര്‍ മടങ്ങി. പിറ്റേന്നും രാവിലെ എത്തി. ഉച്ചകഴിഞ്ഞ് ഒന്നരയോടെ രണ്ടാമത്തെ വിമാനത്തില്‍ ജേക്കബ് ഉള്‍പ്പടെ 80 ഇന്ത്യക്കാര്‍ക്ക് കയറാനായി. തങ്ങള്‍ക്ക് എല്ലാ സഹായത്തിനുമായി ഇന്ത്യന്‍ എംബസിയിലെ സെക്രട്ടറി രാജഗോപാല്‍ തങ്ങള്‍ക്കൊപ്പമുണ്ടായിരുന്നതായി ജേക്കബ് പറഞ്ഞു.

എയര്‍പോര്‍ട്ടില്‍നിന്ന് സൌദിയുടെ എയര്‍ലൈന്‍സ് വിമാനത്തിലാണ് ഇന്ത്യയിലേക്ക് മടങ്ങാന്‍ കഴിഞ്ഞത്. എയര്‍പോര്‍ട്ടിലെത്തിയപ്പോള്‍ ലഗേജുകള്‍ നഷ്ടപ്പെട്ട വിവരമറിഞ്ഞു. ജീവന്‍ വേണോ അതോ ലഗേജാണോ വേണ്ടതെന്ന് എയര്‍ഹോസ്റസ് ചോദിച്ചപ്പോള്‍ ജീവന്‍ മതിയെന്നുപറഞ്ഞു വിമാനത്തില്‍ കയറുകയായിരുന്നു. എന്നാല്‍, ഇന്ത്യന്‍ എംബസി അംബാസിഡറുടെ പ്രൈവറ്റ് സെക്രട്ടറി ചെന്നൈ സ്വദേശിയായ രാജഗോപാലിന്റെ ഇടപെടലിനെത്തുടര്‍ന്ന് ലഗേജുകളെല്ലാം ലഭിച്ചെന്നും യെമനിലുള്ള ഇന്ത്യക്കാര്‍ക്ക് രാജഗോപാല്‍ ഏറെ സഹായങ്ങള്‍ ചെയ്യുന്നുണ്െടന്നും ജേക്കബ് പറഞ്ഞു. മാത്രമല്ല, യുദ്ധം ചെയ്യുന്ന വിമതരും ഇന്ത്യക്കാരോട് അനുകൂല നിലപാടാണു സ്വീകരിക്കുന്നത്. ഇന്ത്യക്കാരാണെന്നു പറഞ്ഞാല്‍ യാതൊരു പരിശോധനയുമില്ലാതെയാണ് കടത്തിവിടുന്നത്. യെമനിലെ ഉച്ചസമയത്ത് രണ്ടു മണിക്കൂര്‍ മാത്രമാണ് വെടിവയ്പ് നിര്‍ത്തിവയ്ക്കുന്നത്.

ഇവര്‍ എയര്‍പോര്‍ട്ടില്‍നിന്ന് വിമാനത്തില്‍ കയറിയപ്പോള്‍ പൈലറ്റടക്കമുള്ള ജീവനക്കാര്‍ പരസ്പരം കൂടിയാലോചനകള്‍ നടത്തിയതും യാത്രക്കാരെ ആശങ്കയിലാഴ്ത്തി. എന്താണ് ഇവര്‍ സംസാരിക്കുന്നതെന്നുപോലും തങ്ങള്‍ക്ക് മനസിലായില്ല. എന്നാല്‍, വിമാനത്തിലെ എസിയുടെ തകരാര്‍ സംബന്ധിച്ചാണ് ഇവര്‍ സംസാരിച്ചതെന്ന് പിന്നീട് അറിഞ്ഞപ്പോഴാണ് ആശ്വാസമായത്.

ഇന്നലെ രാവിലെ കൊച്ചിയിലെത്തിയപ്പോഴാണ് പുതുജീവന്‍ ലഭിച്ചതെന്ന് ജേക്കബ് കോര പറഞ്ഞു. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ യെമനിലുള്ള ഇന്ത്യക്കാരെ സഹായിക്കുന്ന നിലപാട് സ്വീകരിക്കുന്നുണ്െടന്ന് ജേക്കബ് കോര ഡോ. എന്‍. ജയരാജ് എംഎല്‍എയോടു പറഞ്ഞു. ചെങ്കടലിനു മീതെ എത്തിയപ്പോള്‍ ആശ്വാസമായി. ഒന്നര മണിക്കൂര്‍ യാത്രയില്‍ നോര്‍ത്ത് ആഫ്രിക്കയിലെ ജിബൂത്തിയില്‍ വിമാനമിറങ്ങി. അവിടെ നിന്നു വൈകുന്നേരം ദോഹയിലേക്ക് വിമാനം കയറി, ഇന്നലെ പുലര്‍ച്ചെ ദോഹയില്‍ നിന്നു 1.20നുള്ള വിമാനത്തില്‍ നെടുമ്പാശേരിയിലേക്കും. രാവിലെ 8.15ന് നെടുമ്പാശേരിയില്‍ കാത്തു നിന്ന അച്ഛനും അമ്മയ്ക്കും ബന്ധുക്കള്‍ക്കും ജേക്കബിനെ കണ്ടതോടെയാണ് സമാധാനമായത്. സനാ, ഏയ്ഡന്‍, ഹൊദയ്ത എന്നിവിടങ്ങളിലായി മലയാളികള്‍ ഉള്‍പ്പെടെ ആയിരക്കണക്കിന് ഇന്ത്യക്കാര്‍ മടങ്ങി വരാന്‍ കാത്തിരിക്കുന്നതായി ജേക്കബ് പറഞ്ഞു.


ലിജോയെത്തിയത് ലഗേജ് പോലും എടുക്കാതെ


ഈരാറ്റുപേട്ട: വിമാനം പുറപ്പെടാന്‍ സമയമായി എന്ന അറിയിപ്പ് ഇന്ത്യന്‍ എംബസിയില്‍നിന്നു ലഭിച്ചതോടെ ലഗേജ് പോലും എടുക്കാതെ രക്ഷപ്പെടുകയായിരുന്നുവെന്നു യെമനില്‍നിന്നു നാട്ടിലെത്തിയ അരുവിത്തുറ തട്ടാംപറമ്പില്‍ വര്‍ക്കിച്ചന്റെ മകന്‍ ലിജോ. രൂക്ഷമായ യുദ്ധം നടക്കുന്ന യെമനില്‍നിന്നു സര്‍വതും ഉപേക്ഷിച്ചു നാട്ടിലെത്തിയ ലിജോ മാധ്യമപ്രവര്‍ത്തകരോട് തന്റെ അനുഭവങ്ങള്‍ പങ്കുവയ്ക്കുകയായിരുന്നു. വിമാനത്തില്‍ കയറിയ ഉടനെ വീട്ടിലേക്കു വിളിച്ചു പ്രാര്‍ഥിക്കാന്‍ പറഞ്ഞ് ഞങ്ങളും പ്രാര്‍ഥനയില്‍ മുഴുകി. 45 മിനിറ്റ് കഴിഞ്ഞപ്പോള്‍ ജിബുട്ടിയില്‍ എത്തി അവിടെനിന്ന് 29 നു രാവിലെ ദോഹ വഴി നെടുമ്പാശേരിയിലും.

അഞ്ചു വര്‍ഷമായി യെമനിലെ സനായില്‍ ഐടി കമ്പനിയില്‍ അഡ്മിനിസ്ട്രേഷന്‍ വിഭാഗത്തില്‍ ജോലി ചെയ്തു വരികയായിരുന്നു ലിജോ. കഴിഞ്ഞ ഒക്ടോബറിലാണ് അവസാനമായി നാട്ടിലെത്തിയത്. ഏപ്രില്‍ ഒന്നിന് അവധിക്ക് വരാനിരുന്നതാണ്. ഇതിനിടെയിലാണു യുദ്ധം തുടങ്ങിയത്. ലിജോ ജോലി ചെയ്യുന്ന സനാ മേഖലയില്‍ 3500 ഓളം മലയാളികള്‍ ഭീതിയോടെ കഴിയുകയാണെന്നും ലിജോ പറഞ്ഞു. രാത്രികാലങ്ങളിലാണു ശക്തമായ യുദ്ധം നടക്കുന്നത്. വിമാനത്തില്‍നിന്നു ബോംബുകള്‍ വര്‍ഷിക്കുമ്പോള്‍ കെട്ടിടങ്ങള്‍ നിന്നു വിറയ്ക്കും. വിമതര്‍ ആയുധം സൂക്ഷിച്ചിരിക്കുന്ന മലനിരകളിലാണ് ബോംബ് വര്‍ഷിക്കുന്നതെങ്കിലും എപ്പോള്‍ എവിടെ ആക്രമണം ഉണ്ടാകുമെന്ന് പറയാന്‍ പോലും പറ്റാത്ത അവസ്ഥയാണ്. കരയുദ്ധം ആരംഭിച്ചാല്‍ പിന്നീട് ഭക്ഷണം പോലും ലഭിക്കുകയില്ല. വൈകുന്നേരം ആറു മുതല്‍ രാവിലെ ആറു വരെ വീടിനു വെളിയാന്‍ ഇറങ്ങാന്‍ പാടില്ല. ഇനി തിരിച്ചുപോകുന്നതിനക്കുറിച്ച് ആലോചിച്ചിട്ടുപോലുമില്ലെന്നും ലിജോ പറഞ്ഞു. സൌമ്യയാണു ഭാര്യ. മകന്‍: ഇവാന്‍ ജോര്‍ജ്.

നാട്ടിലെത്തിയ ആശ്വാസത്തില്‍ റൂബന്‍


പന്തളം: യുദ്ധഭൂമിയില്‍ നിന്ന് ഭാഗ്യംകൊണ്ടു മാത്രം രക്ഷപെട്ടെത്തിയ റൂബന്‍ ജേക്കബിന്റെ വാക്കുകളില്‍ ഇപ്പോഴും ഭീതി നിലനില്‍ക്കുന്നു. കലാപബാധിതമായ യെമനില്‍ നിന്നും രക്ഷപെട്ടെത്തിയ ചങ്ങനാശേരി പുഴവാത് നീരാഴിബംഗ്ളാവില്‍ റൂബന്‍ ജേക്കബ് പന്തളത്തെ ഭാര്യാഗൃഹത്തിലിരുന്ന് തന്റെ അനുഭവങ്ങള്‍ വിവരിച്ചു.

താമസിച്ചിരുന്ന സ്ഥലത്തുനിന്ന് ഏതാനും കിലോമീറ്ററുകളപ്പുറത്ത് വരെ സ്ഫോടനത്തിന്റെ ശബ്ദം കേട്ടതോടെയാണ് മടങ്ങാന്‍ തന്നെ തീരുമാനിച്ചത്. വെള്ളിയാഴ്ച സനായില്‍ നിന്ന് ആഫ്രിക്കന്‍ രാജ്യമായ ജിബൂട്ടിയില്‍ എത്തി. ജെമിനി എയര്‍വേയ്സിലായിരുന്നു യാത്ര. പിന്നീട് ദോഹയിലേക്കും അവിടെ നിന്ന് നാട്ടിലേക്കും. ഇന്നലെ പുലര്‍ച്ചെ മൂന്നോടെയാണ് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയത്. അറേബ്യന്‍ ഓയില്‍ഫീല്‍ഡ് കമ്പനിയില്‍ ഓപ്പറേഷന്‍-ഇന്‍-ചാര്‍ജായിരുന്നു റൂബന്‍. കഴിഞ്ഞ എട്ടുവര്‍ഷമായി യെമനിലാണ്. തിരുവനന്തപുരത്ത് നിന്ന് ചങ്ങനാശേരിയിലെത്തി അവിടെനിന്നു ഭാര്യ സുനിലയുടെ തുമ്പമണിലെ വീട്ടില്‍ വൈകുന്നേരം എത്തിച്ചേര്‍ന്നു. അവിടെയെത്തി ഭാര്യ സുനിലയെയും മക്കളായ മാലാക്ക്, ഹാനോക്ക് എന്നിവരെ കണ്ടപ്പോഴാണ് ശ്വാസം നേരെ വീണത്.

സെപ്റ്റംബര്‍ മുതല്‍ മേഖലയില്‍ യുദ്ധഭീതി നിലനിന്നിരുന്നെങ്കിലും കഴിഞ്ഞ ആഴ്ചയോടെയാണ് പ്രശ്നം രൂക്ഷമായതെന്ന് റൂബന്‍ പറഞ്ഞു. ഉടന്‍ തന്നെ ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെട്ടു. യാത്രയ്ക്കുള്ള വിമാനം തയാറാക്കുമെന്നും ചെലവുകള്‍ അവരവര്‍ വഹിക്കണമെന്നും അവിടെ നിന്ന് വിവരം ലഭിച്ചു. എംബസിയിലെ ഉദ്യോഗസ്ഥര്‍ ആത്മാര്‍ത്ഥമായ ശ്രമമാണ് ഇന്ത്യക്കാരെ രക്ഷപെടുത്തുന്ന കാര്യത്തില്‍ പുലര്‍ത്തുന്നതെന്ന് റൂബന്‍ പറഞ്ഞു. ഏകദേശം 3000ഓളം മലയാളികള്‍ യമനിലുണ്െടന്നാണ് കരുതുന്നത്. ഏറെ പേരും നഗരങ്ങളിലായതിനാല്‍ അവര്‍ക്കായുള്ള സഹായങ്ങള്‍ കാര്യക്ഷമമാണെന്നും എന്നാല്‍ മുക്കല്ലം പോലെയുള്ള വിദൂര ഭാഗങ്ങളിലുള്ളവരുടെ സ്ഥിതി ദയനീയമാണെന്നും ഇവര്‍ ഇവിടെ കുടുങ്ങി കിടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. അവരുടെ കാര്യത്തില്‍ അധികൃതര്‍ പ്രത്യേക ശ്രദ്ധ ചെലുത്തണം. 70ഓളം പേര്‍ ഈ ഭാഗങ്ങളില്‍ ജോലി ചെയ്യുന്നുണ്ട്. ഭൂരിപക്ഷവും താഴ്ന്ന ശമ്പളത്തില്‍ ജോലി ചെയ്യുന്നവരാണ്. പെട്ടെന്ന് വിമാനക്കൂലി അടക്കം ഒരുക്കണമെന്ന സ്ഥിതി ഇവരെ പ്രതിസന്ധിയിലാക്കുമെന്നും റൂബന്‍ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.