യെമനില്‍ 52 മലയാളി നഴ്സുമാര്‍ കുടുങ്ങിക്കിടക്കുന്നു
Tuesday, March 31, 2015 12:39 AM IST
തിരുവനന്തപുരം: ആഭ്യന്തര കലാപം രൂക്ഷമായ യെമനിലെ കിഴക്കന്‍ പ്രദേശമായ മാരിബ്ബിലെ ജനറല്‍ ആശുപത്രിയില്‍ 52 മലയാളി നഴ്സുമാര്‍ കുടുങ്ങിക്കിടക്കുന്നു. കോട്ടയം, പത്തനംതിട്ട, എറണാകുളം ജില്ലകളില്‍നിന്നുള്ളവരാണ് ഇവരില്‍ ഏറെപ്പേരും.

ആശുപത്രിക്കു ചുറ്റുമുള്ള പ്രദേശങ്ങളില്‍ കഴിഞ്ഞ ദിവസം രാത്രി ഒമ്പതരയോടെയാണു ബോംബിംഗ് തുടങ്ങിയത്. അത്യന്തം ഭീതിജനകമായ അന്തരീക്ഷമാണ് ഇവിടെ നിലനില്‍ക്കുന്നതെന്ന് കഴിഞ്ഞദിവസം രാത്രി ഇവരില്‍ ചിലര്‍ നാട്ടിലുള്ള സുഹൃത്തുക്കളെ വിളിച്ചറിയിച്ചു. ഭൂരിഭാഗം പേര്‍ക്കും നാട്ടിലേക്കു മടങ്ങാനാണു താത്പര്യം. കരാര്‍ അവസാനിക്കുന്നതിനെത്തുടര്‍ന്ന് അടുത്ത മാസം ഇവരിലൊരു വിഭാഗം മടങ്ങിപ്പോരാനിരിക്കുകയായിരുന്നു. നോര്‍ക്ക വകുപ്പുമായി ഇന്നലെ രാവിലെതന്നെ ഇവര്‍ ബന്ധപ്പെട്ടിരുന്നു. എന്നാല്‍, ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെടാനുള്ള നിര്‍ദേശമാണു കിട്ടിയതെന്നും ഇതനുസരിച്ചു ബന്ധപ്പെട്ടപ്പോള്‍ തണുത്ത പ്രതികരണമാണു ലഭിച്ചതെന്നും നഴ്സുമാര്‍ പറയുന്നു.

യെമന്‍ തലസ്ഥാനമായ സനായില്‍നിന്നു 120 കിലോമീറ്റര്‍ കിഴക്കാണു മാരിബ്. കലാപത്തെ തുടര്‍ന്ന് സ്ഥിതിഗതികള്‍ രൂക്ഷമായതോടെ നഴ്സുമാര്‍ മടങ്ങിപ്പോരാന്‍ തീരുമാനിച്ചെങ്കിലും എക്സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ്, ശമ്പളം തുടങ്ങിയ കാര്യങ്ങളില്‍ ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്നു യാതൊരു പ്രതികരണവുമില്ല.


മറ്റു പ്രദേശങ്ങളില്‍ ആക്രമണം നടക്കുന്ന സമയത്ത് ഈ പ്രദേശത്ത് കുഴപ്പമൊന്നും ഉണ്ടാകില്ലെന്നായിരുന്നു ആശുപത്രി അധികൃതര്‍ പറഞ്ഞിരുന്നത്. പകല്‍ സമയങ്ങളില്‍ ആക്രമണം നടക്കുന്നില്ല എന്നതു മാത്രമാണു കുറച്ചെങ്കിലും ആശ്വാസം നല്‍കുന്നത്.

കൂട്ടത്തില്‍ കുറച്ചുപേര്‍ ഇവിടെത്തന്നെ നില്‍ക്കാനാണു താല്‍പര്യപ്പെടുന്നത്. ബാക്കിയുള്ളവര്‍ എങ്ങനെയും തിരികെപ്പോന്നാല്‍ മതിയെന്ന അവസ്ഥയിലാണ്. ശമ്പളവും സര്‍ട്ടിഫിക്കറ്റും ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ വ്യക്തത വരുത്താനും ഇവിടെനിന്നു മടങ്ങാനും നോര്‍ക്ക വകുപ്പും സംസ്ഥാന സര്‍ക്കാരും അടിയന്തരമായി ഇടപെടണമെന്നാണ് ഇവരുടെ ആവശ്യം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.