കലാപകാരികള്‍ ആശുപത്രി പിടിച്ചെടുക്കുമെന്ന ഭീതിയില്‍ മലയാളി നഴ്സുമാര്‍
Wednesday, April 1, 2015 12:10 AM IST
തിരുവനന്തപുരം: ആഭ്യന്തരകലാപം രൂക്ഷമായ യെമനിലെ കിഴക്കന്‍ പ്രദേശമായ മാരിബ്ബിലെ ജനറല്‍ ആശുപത്രിയില്‍ ജോലി ചെയ്യുന്ന 52 മലയാളികള്‍ ഭീതിയിലും സമ്മര്‍ദത്തിലുമാണ്. നോര്‍ക്ക വകുപ്പിന്റെ നിര്‍ദേശ പ്രകാരം യമനിലെ ഇന്ത്യന്‍ എംബസിയിലേക്കു പാസ്പോര്‍ട്ടിന്റെ കോപ്പി ഇ-മെയില്‍ വഴി അയച്ചു, സംസ്ഥാന സര്‍ക്കാരുമായി ബന്ധപ്പെട്ടപ്പോള്‍ എംബസിയുമായി ബന്ധപ്പെടാന്‍ പറയുന്നു: ഇന്നലെ കോട്ടയം സ്വദേശിയായ ഒരു നഴ്സ് നാട്ടിലെ സുഹൃത്തിനെ വിളിച്ച് പറഞ്ഞതാണ് ഇക്കാര്യങ്ങള്‍.

കഴിഞ്ഞ ദിവസംവരെ ടെലിഫോണ്‍ ബന്ധത്തില്‍ തകരാറുകള്‍ ഇല്ലായിരുന്നു. എന്നാല്‍, ഇന്നലെ മുതല്‍ ഇടയ്ക്കിടെ ടെലിഫോണും കിട്ടാതാവുന്നു. പകലെന്നോ രാത്രിയെന്നോ ഭേദമില്ലാതെ ചുറ്റും യുദ്ധം മുറുകുന്നു. തെരുവില്‍നിന്നു രണ്ടു ഇന്ത്യക്കാരെ കലാപകാരികള്‍ പിടിച്ചുകൊണ്ടുപോയെന്ന് ആരൊക്കെയോ പറയുന്നു. സഖ്യസേനയുടെ ആക്രമണത്തില്‍ നിരവധി കലാപകാരികള്‍ക്കു പരിക്കേറ്റിട്ടുണ്ട്. അവര്‍ ആശുപത്രിക്കു തൊട്ടടുത്തുണ്ട്. പരിക്കേറ്റവരെ ചികിത്സിക്കാനായി അവര്‍ ഇനി ആശുപത്രി പിടിച്ചെടുക്കും: നഴ്സ് പറഞ്ഞു.

കോട്ടയം, പത്തനംതിട്ട, എറണാകുളം ജില്ലകളില്‍നിന്നുള്ളവരാണ് ഇവിടെ കുടുങ്ങിക്കിടക്കുന്നവരില്‍ ഏറെയും. തിരിച്ചു നാട്ടിലേക്കു മടങ്ങുന്ന കാര്യത്തില്‍ ഇന്നലെ രാവിലെവരെ ചിലര്‍ക്കെങ്കിലും അഭിപ്രായവ്യത്യാസമുണ്ടായിരുന്നു.

എന്നാല്‍, വൈകുന്നേരത്തോടെ അതെല്ലാം മാറി. എല്ലാവര്‍ക്കും തിരിച്ചുപോകണം. ഇന്ത്യക്കാരെ മോചിപ്പിക്കാനുള്ള ശ്രമങ്ങള്‍ കേന്ദ്ര സര്‍ക്കാരും മലയാളികളെ മോചിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാരും ശ്രമങ്ങള്‍ തുടങ്ങി.


യെമന്‍ തലസ്ഥാനമായ സനയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ കുടുങ്ങിക്കിടക്കുന്നത്. അതുകൊണ്ടു തന്നെ ഇവരെയാകും ആദ്യം രക്ഷിക്കുക.

സനയില്‍നിന്നു 150 കിലോമീറ്ററോളം അകലെയാണ് 52 നഴ്സുമാര്‍ കുടുങ്ങിക്കിടക്കുന്നത്. ഇവിടെനിന്നു വിമാനത്താവളത്തിലേക്കോ തുറമുഖത്തേക്കോ എത്തിച്ചേരണമെങ്കില്‍ മണിക്കൂറുകളോളം സഞ്ചരിക്കണം. തെരുവില്‍ കലാപം പടരുകയാണ്. അതുകൊണ്ടുതന്നെ റോഡുമാര്‍ഗം ഇവരെ വിമാനത്താവളത്തിലോ തുറമുഖത്തോ എത്തിക്കുക ശ്രമകരമാണ്.

ഒറ്റപ്പെട്ട പ്രദേശത്തായതിനാല്‍ അധികൃതരുടെ ശ്രദ്ധ തങ്ങളിലേക്കു പതിയില്ലെന്നും ഇവര്‍ ഭയപ്പെടുന്നു. മടങ്ങിപ്പോക്കുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഇന്നലെ രാവിലെ ആശുപത്രി അധികൃതര്‍ യോഗം വിളിച്ചിരുന്നു. എന്നാല്‍, യോഗത്തിനു മാനേജ്മെന്റിന്റെ ഭാഗത്തുനിന്ന് ആരും എത്തിയില്ലെന്നു മാത്രമല്ല, എല്ലാവരും അവിടെനിന്നു മാറിയിരിക്കുകയുമാണെന്നും നഴ്സുമാര്‍ സുഹൃത്തുക്കളോടു പറഞ്ഞു.

ഇതോടെ ഭീതിയുടെ നിഴലില്‍ നിമിഷങ്ങളെണ്ണി കഴിയുകയാണ് തങ്ങളെന്നും മോചനത്തിന് അടിയന്തര ഇടപെടല്‍ ഉണ്ടാവണമെന്നും അവര്‍ അഭ്യര്‍ഥിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.