കെ. ബാബുവിനെ മാറ്റിനിര്‍ത്തി അന്വേഷിക്കണമെന്നു പിണറായി
കെ. ബാബുവിനെ മാറ്റിനിര്‍ത്തി അന്വേഷിക്കണമെന്നു പിണറായി
Wednesday, April 1, 2015 12:11 AM IST
കോഴിക്കോട്: ബാര്‍ കോഴയില്‍ പത്തുകോടി രൂപ നല്‍കിയെന്ന ബിജു രമേശിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ എക്സൈസ് മന്ത്രി കെ.ബാബുവിനെ മാറ്റിനിര്‍ത്തി അന്വേഷണം നടത്തണമെന്നു സിപിഎം പോളിറ്റ്ബ്യൂറോ അംഗം പിണറായി വിജയന്‍. ബാര്‍ കോഴയില്‍ മന്ത്രി ബാബുവിനു ബാര്‍ ഉടമകളുമായി കൂട്ടുകച്ചവടമാണുളളതെന്നും കോഴിക്കോട്ടു നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പിണറായി പറഞ്ഞു.

ബാറുടമകളില്‍ നിന്നു കോഴ വാങ്ങിയ മറ്റു രണ്ടു മന്ത്രിമാരെ കണ്െടത്തുന്നതിനും നിഷ്പക്ഷരായ ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥരുടെ സംഘത്തെ ചുമതലപ്പെടുത്തണം. എക്സൈസ് മന്ത്രി എന്നു പറയുന്നത് ഫലത്തില്‍ ഉമ്മന്‍ചാണ്ടി തന്നെയാണെന്നു പിണറായി അഭിപ്രായപ്പെട്ടു. ബാബുവും ഉമ്മന്‍ചാണ്ടിയും വഴിയാണ് കെ.എം മാണിക്കും കോഴ ലഭിച്ചതെന്നിരിക്കെ പണം വാങ്ങിയ തുടക്കക്കാരനെതിരായ കേസ് അത്യന്തം ഗൌരവമുള്ളത് തന്നെയാണ്. ബാബുവിനെതിരേ നേരത്തേയുണ്ടായിരുന്ന ഊഹങ്ങളെല്ലാം സത്യമാണെന്നാണ് ഇപ്പോള്‍ വ്യക്തമായിരിക്കുന്നത്. എക്സൈസ് വകുപ്പു ഉപയോഗിച്ചു കാശുണ്ടാക്കുകയും ആ വകുപ്പ് ഉപയോഗിച്ച് നല്ല പാര്‍ട്ണര്‍മാരെ കണ്െടത്തുകയുമാണ് ബാബു ചെയ്യുന്നത്.

നിയമവാഴ്ചയെ അംഗീകരിക്കാത്ത ഉമ്മന്‍ചാണ്ടി ഇതുവരെ അധികാരത്തിലിരുന്ന ഒരു കോണ്‍ഗ്രസ് നേതാവിനെയും മാതൃകയാക്കിയിട്ടില്ല. വിമര്‍ശനങ്ങള്‍ ഒന്നിനു പിറകെ ഒന്നായി വരുമ്പോഴും അവ പുരസ്കാരങ്ങളാണെന്ന മട്ടിലാണ് അദ്ദേഹത്തിന്റെ പെരുമാറ്റം. മുഖ്യമന്ത്രിയുടെ മനസിലുള്ള കാര്യങ്ങള്‍ നിയമോപദേശമായി നല്‍കാനാണ് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ ശ്രമിക്കുന്നത്. ബാര്‍ കോഴയില്‍ പുറത്തുവന്നത് കുറച്ചുതെളിവുകള്‍ മാത്രമാണ്. കുടൂതല്‍ തെളിവുകള്‍ ഇനിയും പുറത്തുവരാനുണ്െടന്ന് അദ്ദേഹം പറഞ്ഞു.


ആലപ്പുഴ മാന്നാറില്‍ ദേശാഭിമാനി സ്വയംസഹായസംഘം സംഘടിപ്പിച്ച ചടങ്ങില്‍ പാര്‍ട്ടിവിലക്ക് ലംഘിച്ച് വി. എസ് പങ്കെടുത്തത് സംബന്ധിച്ച ചോദ്യത്തിന് പാര്‍ട്ടി നേതാക്കളായാലും പ്രവര്‍ത്തകരായാലും പൊതുവായ മാനദണ്ഡങ്ങള്‍ ബാധകമാണ്. ആരായാലും അത് പാലിക്കണം എന്നായിരുന്നു മറുപടി.

പാര്‍ട്ടിവിലക്ക് ലംഘിച്ച് മാന്നാറില്‍ സന്നദ്ധ സംഘടനയുടെ പേരില്‍ നടത്തിയ പരിപാടിയില്‍ വി.എസ്. അച്യുതാനന്ദന്‍ പങ്കെടുത്തത് സംബന്ധിച്ച് സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. റിപ്പോര്‍ട്ട് വന്ന ശേഷം അക്കാര്യത്തില്‍ അഭിപ്രായം പറയാം. എല്‍ ഡിഎഫിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാരെന്ന് ഇപ്പോള്‍ പറയാന്‍ സാധിക്കില്ല. അതൊക്കെ തെരഞ്ഞെടുപ്പു പ്രഖ്യാപനത്തിനു ശേഷം തീരുമാനിക്കേണ്ട കാര്യമാണ്. താനായിരിക്കും ഇടതുമുന്നണിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെന്നത് സംബന്ധിച്ച ഇ.പി, ജയരാജന്റെ പ്രസ്താവനയെക്കുറിച്ച് അറിയില്ലെന്നും അങ്ങിനെ ആര്‍ക്കും പറയാന്‍ പറ്റില്ലെന്നും പിണറായി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.