വാളയാറില്‍ 14 കൌണ്ടര്‍ തുറക്കും; 24 മണിക്കൂറും ഗ്രീന്‍ചാനല്‍
Wednesday, April 1, 2015 12:17 AM IST
തിരുവനന്തപുരം: വാളയാര്‍ ചെക്ക്പോസ്റില്‍ സൌകര്യങ്ങള്‍ വിപുലീകരിക്കണമെന്നാവശ്യപ്പെട്ട് ഓള്‍ ഇന്ത്യാ മോട്ടോര്‍ ട്രാന്‍സ്പോര്‍ട്ട് കോണ്‍ഗ്രസ് ഇന്നു രാത്രി മുതല്‍ നടത്തുമെന്നു പ്രഖ്യാപിച്ചിരിക്കുന്ന ബഹിഷ്കരണം പൊതുജനതാത്പര്യം പരിഗണിച്ച് പിന്‍വലിക്കണമെന്നു ധനമന്ത്രി കെ.എം. മാണി അഭ്യര്‍ഥിച്ചു.

സംഘടന ഉന്നയിച്ച ആവശ്യങ്ങള്‍ ചര്‍ച്ചചെയ്യാന്‍ ചൊവ്വാഴ്ച ധനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വാണിജ്യനികുതി കമ്മീഷണര്‍ എം. ഗിരീഷ്കുമാര്‍, ജോയിന്റ് കമ്മീഷണര്‍ വീണാ മാധവന്‍, പാലക്കാട് കളക്ടര്‍ പി. മേരിക്കുട്ടി, എഡിജിപി ഡോ.എസ്. ദര്‍വേഷ് സാഹിബ്, എക്സൈസ് കമ്മീഷണര്‍ എക്സ്.അനില്‍, അഡീഷണല്‍ ചീഫ് ഫോറസ്റ് കണ്‍സര്‍വേറ്റര്‍ ബി. എസ്. കോറി എന്നിവരും മോട്ടോര്‍ വെഹിക്കിള്‍, നാഷണല്‍ ഹൈവേ അഥോറിറ്റി, പുതുശേരി ഗ്രാമപഞ്ചായത്ത് പ്രതിനിധികളും പങ്കെടുത്തു.

സംഘടന ഉന്നയിച്ച ആവശ്യങ്ങള്‍ യോഗം അനുഭാവപൂര്‍വം പരിഗണിച്ചതായി യോഗത്തിനുശേഷം മന്ത്രി അറിയിച്ചു. വാളയാര്‍ ചെക്ക്പോസ്റില്‍ പത്ത് കൌണ്ടറുകള്‍ സ്ഥാപിക്കണമെന്നതായിരുന്നു സംഘടന ഉന്നയിച്ച പ്രധാന ആവശ്യം. ഇന്‍, ഔട്ട് ചെക്ക് പോസ്റുകളിലായി 14 കൌണ്ടറുകള്‍ തുറക്കാന്‍ യോഗത്തില്‍ തീരുമാനമായി. വാഹനങ്ങളുടെ പാര്‍ക്കിംഗിനും അനുബന്ധസൌകര്യങ്ങള്‍ക്കുമായി 30 ഏക്കര്‍ ഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയിരുന്നു. കോടതി അത് സ്റേ ചെയ്തിരിക്കുകയാണ്. സ്റേ നീക്കുന്നതിനുള്ള ശ്രമം നടന്നുവരികയാണ്. ഭൂമി വിട്ടുകിട്ടിയാലുടന്‍ സൌകര്യങ്ങള്‍ സജ്ജീകരിക്കും.


കുടിവെള്ളം, ടോയ്ലെറ്റ് തുടങ്ങിയ അടിസ്ഥാനസൌകര്യങ്ങള്‍ വിപുലീകരിക്കുതിന് പുതുശേരി ഗ്രാമപഞ്ചായത്തും ജില്ലാ ഭരണകൂടവും നടപടി സ്വീകരിക്കും. വാഹനത്തിരക്ക് കൂടുന്നതനുസരിച്ച് ആവശ്യമെങ്കില്‍ അധിക ജീവനക്കാരെ വിന്യസിക്കും. ഗ്രീന്‍ ചാനല്‍ 24 മണിക്കൂറും പ്രവര്‍ത്തിപ്പിക്കും.

സ്കാനര്‍ സ്ഥാപിക്കുന്നതു സംബന്ധിച്ച് വിശദമായ പഠനം നടന്നുവരുകയാണ്. നിലവില്‍ പ്രവര്‍ത്തിച്ചുവരുന്ന മൂന്നു വെയ്ബ്രിഡ്ജുകള്‍ 24 മണിക്കൂര്‍ പ്രവര്‍ത്തിപ്പിക്കാനും നടപടി സ്വീകരിക്കും: മന്ത്രി മാണി അറിയിച്ചു
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.