കാര്‍ഷികനയം 2015ന് അംഗീകാരം
Wednesday, April 1, 2015 12:29 AM IST
തിരുവനന്തപുരം: കര്‍ഷകര്‍ക്കു തങ്ങളുടെ ഉത്പന്നങ്ങള്‍ക്ക് ഉത്പാദനച്ചെലവും അതോടൊപ്പം അതിന്റെ പകുതി ലാഭമായും ലഭിക്കത്തക്ക രീതിയില്‍ വിലനിര്‍ണയ അഥോറിറ്റിക്കു രൂപം നല്കണമെന്നു കാര്‍ഷിക വികസന നയം 2015-ല്‍ നിര്‍ദേശം. കര്‍ഷകനു തന്റെ ഉത്പന്നത്തിനു മികച്ച വിപണിവില നിര്‍ണയിച്ചു നല്കുന്നതിനാണ് ഇത്തരമൊരു സംവിധാനമൊരുക്കുന്നതെന്നു നയം വിശദീകരിച്ചുകൊണ്ടു കൃഷിമന്ത്രി കെ.പി. മോഹനന്‍ പറഞ്ഞു. നയരൂപീകരണ സമിതിയിലെ അംഗങ്ങളായ കെ. കൃഷ്ണന്‍കുട്ടി, മുന്‍ കൃഷി ഡയറക്ടര്‍ ആര്‍. ഹേലി തുടങ്ങിയവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

ജല ബജറ്റ് രൂപീകരിച്ച് എല്ലാ കര്‍ഷകര്‍ക്കും അവരുടെ വിളകള്‍ക്ക് ആവശ്യമായ ജലം ഉറപ്പുവരുത്തണം. എല്ലാ വര്‍ഷവും ജൂണ്‍ ഒന്നാം ആഴ്ച ജൈവവള വാരമായി ആചരിക്കണം. ജലദാരിദ്യ്രനിര്‍മാര്‍ജനം സംസ്ഥാനത്തിന്റെ മുഖ്യ അജന്‍ഡയില്‍ പെടുത്തണം. കടക്കെണിയില്‍പെട്ടു ജപ്തി ഭീഷണി നേരിടുന്ന കര്‍ഷകരെ വായ്പാ സമാശ്വാസ ഫണ്ട് നല്കി സഹായിക്കണം. എല്ലാ പഞ്ചായത്തുകളിലും ലേബര്‍ ബാങ്ക് ആരംഭിക്ക ണം. ഒരു വര്‍ഷം 100 ദിവസത്തില്‍ കുറയാതെ കാര്‍ഷികവൃത്തിയില്‍ ഏര്‍പ്പെടുന്ന കര്‍ഷകത്തൊഴിലാളിക്ക് ഉത്പാദന പ്രോത്സാഹന ധനസഹായം നല്കണം. കൃഷിക്കാരുടെ മക്കള്‍ക്കു പ്രഫഷണല്‍ കോഴ്സുകളില്‍ പ്രത്യേക സംവരണം ഏര്‍പ്പെടുത്തണമെ ന്നും കാര്‍ഷികവികസന നയത്തില്‍ നിര്‍ദേശിക്കുന്നു.

വിവര സാങ്കേതികവിദ്യയുടെ സഹായത്തോടെ സംസ്ഥാന കാര്‍ഷിക പ്ളാന്‍ തയാറാക്കി വേണം പദ്ധതികള്‍ ആവിഷ്കരിക്കുന്നതും നടപ്പാക്കുന്നതും. വിളവെടുപ്പിനുശേഷമുള്ള നഷ്ടം പരമാവധി ഒഴിവാക്കത്തക്കരീതിയില്‍ വിപണികളുടെ അടിസ്ഥാന സൌകര്യങ്ങള്‍ വികസിപ്പിക്കണം. ഏതു വിള, എത്ര അളവില്‍, ഏതു കാലയളവില്‍ ഇറക്കുന്നത് ലാഭകരമാണ് എന്നതിനെക്കുറിച്ചു കര്‍ഷകര്‍ക്കു വിവരം നല്കുന്നതിനു കുറ്റമറ്റ ഇന്റലിജന്‍സ് സംവിധാനത്തിനു രൂപം നല്കണം. ഉത്പാദകരെയും ഉപഭോക്താക്കളെയും ഒരുപോലെ സഹായിക്കുന്ന അമുല്‍ മോഡല്‍ സംവിധാനം ഉടന്‍ നിലവില്‍വരുത്തണം. കര്‍ഷക റീട്ടെയില്‍ സംവിധാനം നിലവില്‍ വരണം.


കാര്‍ഷിക യന്ത്രവത്കരണത്തിനും തൊഴിലാളിക്ഷാമം പരിഹരിക്കുന്നതിനുമായി അഗ്രോ സര്‍വീസ് സെന്ററുകള്‍ ഗ്രാമതലത്തില്‍ വ്യാപിപ്പിക്കണം. അവകാശലാഭം കര്‍ഷകത്തൊഴിലാളികള്‍ക്കും ലഭ്യമാക്കണം. കര്‍ഷകന്റെ പ്രധാന വരുമാന മാര്‍ഗം കൃഷി ആയതിനാല്‍ കര്‍ഷകര്‍ക്ക് മറ്റ് ആവശ്യങ്ങള്‍ക്കായുള്ള വായ്പകള്‍ക്കും കാര്‍ഷികവായ്പാ പലിശനിരക്ക് മാത്രമേ ഈടാക്കാവൂ എന്നും കാര്‍ഷിക വികസന നയം 2015-ല്‍ നിര്‍ദേശിക്കുന്നു.

നെല്‍കൃഷിയുടെ ഉത്പാദനക്ഷമത ഹെക്ടറിന് 2.3 ടണ്‍ എന്നത് അഞ്ചുവര്‍ഷത്തിനുള്ളില്‍ നാലു ടണ്‍ ആയി വര്‍ധിപ്പിക്കണം. നിലവിലുള്ള നെല്‍കൃഷിയുടെ വിസ്തീര്‍ണം 2.18 ലക്ഷം ഹെക്ടറില്‍ നിന്നു മൂന്നുലക്ഷം ഹെക്ടറായി ഉയര്‍ത്തണം. എല്ലാ കര്‍ഷകര്‍ക്കും കൃഷി ചെയ്താല്‍ വരുമാനം ഉറപ്പാക്കുന്നതിനു വരുമാനം ഉറപ്പാക്കല്‍ നിയമം സംസ്ഥാനത്തു പാസാക്കണം. നീര ഉത്പാദനത്തിനു കര്‍ഷകര്‍ക്കു അനുമതി നല്കണം. അതോടൊപ്പം മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന് കര്‍ഷക ഉത്പാദക സംഘങ്ങള്‍ രൂപീകരിക്കണം. തേനീച്ച വളര്‍ത്തല്‍ പ്രോത്സാഹിപ്പിക്കുന്നതിനായി സംസ്ഥാനത്ത് തേന്‍ ഗ്രാമങ്ങള്‍ ആരംഭിക്കണമെന്നും കാര്‍ഷിക വികസന നയം 2015 നിര്‍ദേശിക്കുന്നു.

കഴിഞ്ഞ 11 നു ചേര്‍ന്ന മന്ത്രിസഭായോഗമാണ് കാര്‍ഷികനയം 2015 ന് അംഗീകാരം നല്കിയത്. 2012 മേയിലണ് പുതിയ കാര്‍ഷിക നയം രൂപീകരിക്കുന്നതിനുള്ള കമ്മിറ്റി രൂപീകരിച്ചത്. 48 തവണ കമ്മിറ്റി യോഗം ചേര്‍ന്നു. 2013 ജൂലൈ ഏഴിന് കരട് റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചു. 2014 ജനുവരി 29 ന് ചേര്‍ന്ന മന്ത്രിസഭ സബ് കമ്മിറ്റിയെ കരട് റിപ്പോര്‍ട്ടിനെക്കുറിച്ച് പഠിക്കുന്നതിനു നിയോഗിച്ചു. 2014 ഫെബ്രുവരി നാലിനു സബ് കമ്മിറ്റി ചേര്‍ന്ന് ഭേദഗതികള്‍ നിര്‍ദേശിച്ചു. 2014 ജൂലൈ ആറിന് നിയമസഭയില്‍ ചര്‍ച്ച നടത്തി നിരവധി നിര്‍ദേശങ്ങള്‍ നല്കി. തുടര്‍ന്നാണ് അന്തിമ കരട് 2015 മാര്‍ച്ച് 11 ന് സംസ്ഥാന മന്ത്രിസഭ ചര്‍ച്ച ചെയ്ത് അംഗീകാരം നല്കിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.